Arrest | പാനൂരില്‍ നേപാള്‍ സ്വദേശിയായ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ഹോടെല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: (KVARTHA) പാനൂരില്‍ ഹോടെല്‍ ജീവനക്കാരനായ നേപാള്‍ സ്വദേശിയായ യുവാവിനെ അതിക്രൂരമായ മര്‍ദനത്തത്തിന് ഇരയാക്കിയെന്ന കേസിൽ ഹോടെലുടമയെയും കൂട്ടാളികളെയും തലശേരി കോടതി റിമാന്‍ഡ് ചെയ്തു.
മറുനാടന്‍ തൊഴിലാളിയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്താണ് പൊലിസ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. നേപാള്‍ ഘൂമി സ്വദേശി മോഹനാണ്(32) അതിക്രൂരമായി അക്രമിക്കപ്പെട്ടത്. പാനൂര്‍ മാക്കൂല്‍ പീടികയിലെ ഇക്കാസ് ഹോടലിലെ ജീവനക്കാരനായിരുന്നു മോഹന്‍. അടുത്തിടെ ഇയാള്‍ മറ്റൊരു ഹോടെലില്‍ ജോലിക്ക് കയറിയതിന്റെ വൈരാഗ്യത്തില്‍ പാനൂരില്‍ നിന്നും മാക്കൂല്‍ പീടികയിലെ ഇക്കാസ് ഹോടെൽ ഉടമ ചൈതന്യകുമാര്‍, കൂട്ടാളികളായ തിരുവനന്തപുരം സ്വദേശി ബുഹാരി, മൊകേരി സ്വദേശി അഭിനവ് എന്നിവര്‍ ചേര്‍ന്നാണ് അതിക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി.
തങ്ങളുടെ ഹോടെലിലെ രണ്ടു ജീവനക്കാരെ കൂടി മോഹന്‍ പുതുതായി ജോലിക്ക് നില്‍ക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോയതായിരുന്നു വൈരാഗ്യത്തിന് കാരണമായതെന്നും മൂവര്‍ സംഘം മോഹനെ പാനൂരിലെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചുവരുത്തുകയും വാഹനത്തില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോയി വിവിധസ്ഥലങ്ങളില്‍ നിന്നും വ്യാഴാഴ്ച രാത്രി മുതല്‍ വെളളിയാഴ്ച പുലര്‍ചെവരെ അതിക്രൂരമായി മര്‍ദിച്ചുവെന്നുമാണ് പരാതി. അവശനായ മോഹനെ തലശേരി റെയില്‍വെ സ്‌റ്റേഷനിലേക്കു കൊണ്ടു പോയി അടുത്ത ട്രെയിനിനു തന്നെ നാട്ടിലേക്ക് മടങ്ങി പോവാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെത്രെ.
ഇതിനു ശേഷം സ്ഥലത്തു നിന്നും പ്രതികള്‍ കടന്നുകളയുകയായിരുന്നു. അവശനിലയില്‍ റെയില്‍വെ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ മോഹനെ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാള്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്‌സയിലാണ്. നേപാള്‍ സ്വദേശിയുടെ മൊഴിയെടുത്തതിനു ശേഷം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്