Tragedy | 'അമേരിക്കയിൽ പുതുവത്സരം ആഘോഷിക്കുന്നവർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി'; 10 മരണം, 30 പേർക്ക് പരിക്ക്
● ന്യൂ ഓർലിയൻസിലെ ബർബൺ സ്ട്രീറ്റിലാണ് സംഭവം.
● അമിത വേഗതയിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി.
● ഡ്രൈവർ വെടിയുതിർത്തെന്നും പൊലീസ് സ്ഥിരീകരിച്ചു.
വാഷിംഗ്ടൺ: (KVARTHA) അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ പുതുവത്സരാഘോഷങ്ങൾക്കിടെ ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് 10 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ ഫ്രഞ്ച് ക്വാർട്ടറിലെ ബർബൺ സ്ട്രീറ്റിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
അമിത വേഗതയിൽ എത്തിയ ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അതിനുശേഷം ഡ്രൈവർ പുറത്തിറങ്ങി വെടിയുതിർക്കാൻ തുടങ്ങിയെന്ന് ന്യൂ ഓർലിയൻസ് പൊലീസ് സൂപ്രണ്ട് ആൻ കിർക്ക്പാട്രിക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'അയാൾ പരമാവധി നാശനഷ്ടം ഉണ്ടാക്കാൻ ഉറപ്പിച്ചായിരുന്നു വന്നത്. കഴിയുന്നത്രയും ആളുകളെ ഇടിച്ചു വീഴ്ത്താനാണ് അയാൾ ശ്രമിച്ചത്. ഇത് മദ്യപിച്ചുണ്ടായ അപകടമായിരുന്നില്ല', കിർക്ക്പാട്രിക് പറഞ്ഞു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റെങ്കിലും അവരുടെ നില തൃപ്തികരമാണ്. എഫ്ബിഐ അന്വേഷണം ഏറ്റെടുക്കുമെന്നും കിർക്ക്പാട്രിക് അറിയിച്ചു.
പുലർച്ചെ 3:15 ഓടെയാണ് സംഭവം നടന്നതെന്ന് നഗരത്തിലെ എമർജൻസി വിഭാഗം അറിയിച്ചു. ബർബൺ സ്ട്രീറ്റിൽ അക്രമം നടന്നതായി ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി എക്സിൽ സ്ഥിരീകരിച്ചു. ഇരകൾക്കായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ന്യൂ ഓർലിയൻസിൽ പുതുവത്സരാഘോഷങ്ങൾക്കായി ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഒരു പ്രധാന സ്ഥലമാണ് ബർബൺ സ്ട്രീറ്റ്.
#NewOrleans #TruckAttack #NewYear #Crime #USNews #Louisiana