Twist | യുവതിക്കെതിരെയുള്ള എയര്‍ഗണ്‍ ആക്രമണത്തില്‍ ട്വിസ്റ്റ്; ഇരയുടെ ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കി പ്രതിയായ വനിതാ ഡോക്ടര്‍; കേസെടുത്ത് പൊലീസ്
വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം നടന്നത്
തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് പോയെന്നും ഡോക്ടര്‍
തിരുവനന്തപുരം: (KVARTHA) വഞ്ചിയൂരില്‍ കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി യുവതിക്ക് നേരെ വെടിവെച്ചുവെന്ന (Gun Attack) കേസില്‍ (Case) വന്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ (Lady Doctor) ആക്രമിക്കപ്പെട്ട ഷിനിയുടെ (Shini) ഭര്‍ത്താവ് സുജിത്തിനെതിരെ പീഡന പരാതി (Molestation Complaint) നല്‍കിയതോടെയാണ് വന്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ഡോക്ടറുടെ പരാതി. പരാതിയില്‍ സുജിത്തിനെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ചെയ്തു.
സുജിത്തുമായി വര്‍ഷങ്ങളായി സൗഹൃദമുണ്ടായിരുന്നുവെന്നും സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിലാണ് ഭാര്യയായ ഷിനിയെ ആക്രമിച്ചതെന്ന് വനിതാ ഡോക്ടര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീടാണ് സുജിത്തിനെതിരെ പീഡന പരാതി നല്‍കുന്നത്.
ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണ് പീഡനം നടന്നിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം നടന്നതെന്നും തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് പോയെന്നുമാണ് ഡോക്ടര്‍ നല്‍കിയ മൊഴി എന്ന് പൊലീസ് വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുജിത്തിനെ ചോദ്യം ചെയ്‌തേക്കും.
സുജിത്ത് കൊല്ലത്തുള്ള സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയില്‍ പിആര്‍ഒ ആയിരിക്കെയാണ് അവിടെ തന്നെ ജോലി ചെയ്തിരുന്ന പ്രതിയുമായി പരിചയപ്പെട്ടതും സൗഹൃദത്തിലായതും. ഈ സമയത്താണ് പീഡനം നടന്നതെന്നാണ് ഡോക്ടറുടെ മൊഴി.
എട്ട് മാസത്തിന് ശേഷം സുജിത്ത് മാലദ്വീപിലേക്ക് പോയി. തന്നെ ഒഴിവാക്കാനാണ് സുജിത്ത് ശ്രമിക്കുന്നതെന്ന തോന്നലില്‍ നിന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നും പ്രതി മൊഴി നല്‍കിയിരുന്നു. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നതായി സുജിത്തും നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.