Theft | കോഴിക്കോട് നിന്ന് 15 ലക്ഷം രൂപയുടെ സ്വർണവുമായി കടന്നുകളഞ്ഞ യുവതികൾ കാഞ്ഞങ്ങാട്ട് പിടിയിൽ


● മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട് വെച്ചാണ് പിടിയിലായത്.
● 150 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
● സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് സ്വർണം കവർന്നത്.
● മംഗളൂരു എയർപോർട്ടിലേക്ക് പോകാനാണ് ടാക്സി വിളിച്ചത്.
കാഞ്ഞങ്ങാട്: (KVARTHA) കോഴിക്കോട്ടെ സ്വർണാഭരണ നിർമാതാവിൽ നിന്ന് 15 ലക്ഷം രൂപയുടെ സ്വർണവുമായി കടന്നുകളഞ്ഞ രണ്ട് യുവതികൾ കാഞ്ഞങ്ങാട് പോലീസിൻ്റെ പിടിയിലായി. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
മുംബൈ ജോഗേഷ് വാരി സമർത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിർദ (37), മുംബൈ വാദറ രഞ്ജുഗന്ധ് നഗറിലെ സൽമാ ഖാദർ ഖാൻ (42) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണിവർ. കോഴിക്കോട് ചെറുവണ്ണൂർ ശാരദാമന്ദിരത്തിൽ നിന്ന് റഹ്‌മാൻ ബസാറിലേക്ക് പോകുന്ന വഴിയിലെ ആഭരണ നിർമാണശാലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നാണ് യുവതികൾ സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്.
സ്ഥാപനത്തിലെ ജീവനക്കാരനായ ഹനീഫ് ഗൾഫിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ അടുത്ത് ജോലി ചെയ്തിരുന്ന ശ്രദ്ധയുമായി നേരത്തെ പരിചയത്തിലായിരുന്നു. ഈ ബന്ധത്തിൻ്റെ പേരിലാണ് യുവതികൾ വ്യാഴാഴ്ച ട്രെയിൻ മാർഗം കോഴിക്കോട്ടെത്തിയത്. പുതുതായി മുംബൈയിൽ തുടങ്ങുന്ന ജ്വല്ലറിയിലേക്ക് 200 ഗ്രാം സ്വർണം വാങ്ങി എത്തിച്ചാൽ 60,000 രൂപ ലാഭം കിട്ടുമെന്ന് യുവതികൾ ഹനീഫിനോട് പറഞ്ഞു.
ആഭരണശാല ഉടമ സുരേഷ് ബാബു ഇവരെ വിവിധതരം മോഡലുകൾ കാണിച്ചു. പിന്നീട് സുരേഷ് ബാബു നിർമാണശാലയിലേക്ക് തിരിച്ചുപോയി. സ്വർണാഭരണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഹനീഫ് ടോയ്‌ലറ്റിൽ പോയ സമയം നോക്കി യുവതികൾ വിവിധ സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഹനീഫിൻ്റെ മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത നല്ലളം പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. കണ്ണൂർ, കാസർകോട് ജില്ലാ പോലീസ് മേധാവികളെ വിവരമറിയിച്ചു. ഹനീഫിൻ്റെ മറ്റൊരു ഫോണിൽ നിന്നും ഇവരുടെ നമ്പർ ശേഖരിച്ച് പോലീസിന് കൈമാറി. ഈ സമയം മൊബൈൽ ലൊക്കേഷൻ മാഹി ആയിരുന്നു. പിന്നീട് ദേശീയ പാതയിലൂടെ തലശ്ശേരിയും കണ്ണൂരും ലൊക്കേഷൻ കാണിച്ചു. യുവതികൾ ബസിൽ യാത്ര ചെയ്യുന്നുണ്ടെന്ന് കാസർകോട് പോലീസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിൻ്റെ നിർദേശ പ്രകാരം ഹോസ്ദുർഗ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ. വരുണിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സൗത്തിൽ വാഹന പരിശോധന ആരംഭിച്ചു. ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിനിടയിൽ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള ടാക്‌സി കാർ കാഞ്ഞങ്ങാട് നഗരത്തെ ലക്ഷ്യമാക്കി നീങ്ങി. കാറിൻ്റെ നീക്കത്തിൽ സംശയം തോന്നിയ എസ്.ഐ. ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, ഇൻസ്‌പെക്ടർ പി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം കുതിച്ചെത്തി പുതിയ കോട്ടയിൽ റോഡ് ബ്ലോക്ക് ചെയ്ത് കാർ പിടികൂടുകയായിരുന്നു. യാത്രക്കാരായ യുവതികളെ വനിതാ പോലീസിൻ്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ 150 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തി. യുവതികൾ പിടിയിലായ വിവരം നല്ലളം പോലീസിനെ അറിയിച്ചു. കാഞ്ഞങ്ങാട്ടെത്തിയ നല്ലളം പോലീസ് യുവതികളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
മംഗളൂരു എയർപോർട്ടിലേക്ക് പോകണമെന്ന് പറഞ്ഞാണ് വിനു എന്നയാളുടെ ടാക്‌സി യുവതികൾ വാടകയ്ക്ക് വിളിച്ചത്. ഡീസൽ അടിക്കുന്നതിന് 2000 രൂപ നൽകിയിരുന്നുവെന്ന് ഡ്രൈവർ വിനു പോലീസിന് മൊഴി നൽകി. ഫറൂഖ് എ.സി.പി. സിദ്ദിഖിൻ്റെ നിർദേശാനുസരണം നല്ലളം പോലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ രമേശൻ, ശുഭഖ, സിവിൽ പോലീസ് ഓഫീസർമാരായ ഷാജി, രഞ്ജിത് എന്നിവരും ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. അരുൺ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഐ.ടി. വിനോദ് എന്നിവരുമാണ് പ്രതികളെ കണ്ടെത്താൻ അന്വേഷണം നടത്തിയത്.
ഈ സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Two women who stole 15 lakh rupees worth of gold from a jewelry manufacturer in Kozhikode were arrested in Kanhangad. They were caught while trying to escape to Mumbai. The women had stolen the gold by deceiving the employees of the jewelry store.
#GoldTheft #Kozhikode #Kanhangad #Arrest #KeralaPolice #CrimeNews