Jewelry Scam | ജയ്പൂരിൽ വൻ ആഭരണ തട്ടിപ്പ്; ഇരയായത് അമേരിക്കൻ വനിത: 300 രൂപയുടെ കൃത്രിമ ആഭരണങ്ങൾ 6 കോടിയ്ക്ക് വിറ്റു; രാജസ്ഥാനിൽ തിരിച്ചെത്തി പോലീസിൽ പരാതി നൽകി യുവതി
ജയ്പൂരിലെ മനക് ചൗക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ ജോഹ്രി ബസാറിലെ കടയിൽ നിന്നാണ് ആഭരണങ്ങൾ വാങ്ങിയതെന്ന്, റിപോർട്
ജയ്പൂർ: (KVARTHA) രാജസ്ഥാനിൽ നിന്നും ഭീമൻ തുകയ്ക്ക് രത്നാഭരണങ്ങൾ വാങ്ങിയ അമേരിക്കൻ യുവതി കബളിപ്പിക്കപ്പെട്ടതായി പരാതി. ചെറിഷ് നോർട്ട്ജെ ആണ് മെയ് 18 ന്, മനക് ചൗക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി, 2022 മുതൽ ജയ്പൂരിലെ ജ്വല്ലറിയിൽ നിന്നാണ് ആഭരണങ്ങൾ വാങ്ങാറുള്ളതെന്നും, അവർ പറഞ്ഞു. 2024 ഏപ്രിലിൽ അമേരിക്കയിൽ വച്ചു നടന്ന എക്സിബിഷനിൽ ആഭരണങ്ങൾ എത്തിച്ചപ്പോഴാണ്, അവ വ്യാജമാണെന്ന് അറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 300 രൂപയുടെ കൃത്രിമ ആഭരണങ്ങൾ ആണ് ആറു കോടിയ്ക്ക് വിറ്റത്. സംഭവത്തിന് ശേഷം പ്രതിയായ കടയുടമയും, മകനും ഒളിവിലാണ്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജയ്പൂരിലെ മനക് ചൗക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ ജോഹ്രി ബസാറിലുള്ള ഒരു കടയിൽ നിന്നാണ് ആഭരണങ്ങൾ വാങ്ങിയതെന്ന്, യുവതി പറഞ്ഞതായി റിപോർടുകളുണ്ട്. തട്ടിപ്പ് മനസിലായ ഉടനെ ഇവർ ജയ്പൂരിലേക്ക് മടങ്ങുകയായിരുന്നു. കടയുടമ രാജേന്ദ്ര സോണിയോടും, മകൻ ഗൗരവിനോടും പരാതിപ്പെട്ടപ്പോൾ അവർ ആഭരണങ്ങൾ വ്യാജമാണെന്ന കാര്യം നിഷേധിക്കുകയും, യുവതി പറയുന്നത് കേൾക്കാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് യുവതി, മനക് ചൗക്ക് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. കടയെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് പ്രതിച്ഛായ നശിപ്പിച്ചതിന് കടയുടമയും യുവതിക്കെതിരെ കേസ് നൽകിയിട്ടുണ്ട്.
അവസാന ആശ്രയമെന്ന നിലയിൽ, ചാരിസ് എംബസിയോട് സഹായത്തിനായി അപേക്ഷിക്കുകയും, അവരുടെ ഇടപെടലിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അന്വേഷണത്തിൽ കടയുടമയുടെ ഭാഗത്തുനിന്നുള്ള തട്ടിപ്പ് കണ്ടെത്തി. തുടർന്ന് ജ്വല്ലറിയുടെ ആധികാരികത തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ, നന്ദകിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) ബജ്‌റംഗ് സിംഗ് ഷെഖാവത്ത് പറയുന്നതിങ്ങനെ,
‘പ്രതികൾ സ്വർണ്ണം മിനുക്കിയ വെള്ളി ആഭരണങ്ങൾ വിദേശ വനിതയ്ക്ക് ആറ് കോടി രൂപയ്ക്ക് വിറ്റിരുന്നു. ആധികാരികത തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി, വിറ്റ ആഭരണങ്ങൾ യഥാർത്ഥമാണെന്ന് യുവതിയെ വിശ്വസിപ്പിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്’. സംഭവത്തിൽ പരിശോധന നടന്നുവരികയാണ്.