Investigation | വളപട്ടണത്തെ വന്‍ കവര്‍ച്ച: പ്രതി കീച്ചേരിയിലും മോഷണം നടത്തിയെന്ന് പൊലീസ് 

 
Valapattanam Robbery: Accused Confessed to Keecheri Theft
Valapattanam Robbery: Accused Confessed to Keecheri Theft

Photo Credit: Arranged

● കുടുങ്ങിയത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനിടയില്‍. 
● സിസിടിവിയില്‍ നിന്ന് കഷണ്ടിയുള്ള മാസ്‌ക് ധരിച്ചയാളാണെന്ന് വ്യക്തമായി.
● കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കമ്മിഷണര്‍.

കണ്ണൂര്‍:  (KVARTHA) വളപട്ടണത്തെ വീട് കുത്തിത്തുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അയല്‍വാസിയായ ലിജിഷ് കുടുങ്ങിയത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനിടയില്‍. നേരത്തെ ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും വഴിമാറി അതിവേഗം പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. 

വീട്ടില്‍ നിന്നും ലഭിച്ച ഒരു സിസിടിവി ദൃശ്യത്തില്‍ നിന്നാണ് കഷണ്ടിയുള്ള മാസ്‌ക് ധരിച്ചയാളാണ് മോഷ്ടാവെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ ഒരു സിസിടിവി പ്രതി കൈ കൊണ്ടു ഒടിച്ചുവെങ്കിലും ഇതില്‍ നിന്നുള്ള ദൃശ്യമാണ് വഴിത്തിരിവായത്. മൂന്നു ദിവസം മുന്‍പെ പ്രതിയെ കസ്റ്റഡിയിലെടുത്തുവെങ്കിലും ഞായറാഴ്ച വൈകുന്നേരം 6.30 നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ അറിയിച്ചു.

അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. 2023 ല്‍ കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലീജിഷ് ആണെന്ന് വ്യക്തമായത്. ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. 

Valapattanam Robbery: Accused Confessed to Keecheri Theft

വളടപട്ടണത്ത് മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്‌റഫിന്റെ അയല്‍വാസിയാണ് പിടിയിലായ ലിജീഷ്. പണവും സ്വര്‍ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 ന് രാത്രിയായിരുന്നു അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു. 

മൂന്നുമാസം മുമ്പ് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനല്‍ ഇളക്കിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ മോഷണം നടത്തിയതും ജനല്‍ ഗ്രില്‍ ഇളക്കിയായിരുന്നു. കീച്ചേരിയില്‍ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. വളപട്ടണത്തെ മോഷണ കേസില്‍ ലിജീഷ് പിടിയിലായതിന്റെ ആശ്ചര്യത്തിലാണ് നാട്ടുകാര്‍. കണ്ടാല്‍ സാധുവായ ആരുമായും പ്രശ്‌നത്തിന് പോകാത്തയൊരാള്‍ ഇത്രവലിയ മോഷണ കേസില്‍ അറസ്റ്റിലായതിന്റെ ആശ്ചര്യമുണ്ടെന്നും അടുത്തറിയുന്നവര്‍ക്ക് ചിലപ്പോള്‍ അയാളുടെ യഥാര്‍ഥ സ്വഭാവം അറിയുമായിരിന്നിരിക്കാമെന്നും പ്രദേശവാസികള്‍ പറഞ്ഞു. 

സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനടിയല്‍ ലോക്കറുണ്ടാക്കുകയായിരുന്നു. അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിനം വീണ്ടും ലിജീഷ് എത്തിയത് സ്വര്‍ണവും ബാക്കിയുള്ള പണവും എടുക്കാനായിരുന്നുവെന്നും പൊലീസിന് മൊഴി നല്‍കി. ലിജീഷിനെ പിടികൂടിയതിന് പിന്നാലെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ലഡ്ഡു വിതരണം ചെയ്താണ് പൊലീസുകാര്‍ ആഘോഷിച്ചത്. 

ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും. സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണ കേസിനാണ് ലിജിഷിന്റെ അറസ്റ്റോടെ തുമ്പായത്. മോഷണം നടത്തവെ പ്രതി ഉപയോഗിച്ച ടീഷര്‍ട്ടും ഗ്ലാസും മന്നയിലെ വീടിന്റെ ഒന്നാം നിലയില്‍ കൊണ്ടുപോയി കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

#KeralaCrime #Robbery #Arrest #Investigation #Forensic #Valapattanam #Keecheri

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia