Robbery | 'കാറിന്റെ ഗ്ലാസ് തകര്‍ത്ത് അക്രമികള്‍ 10 ലക്ഷം രൂപ തട്ടിയെടുത്തു'; ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് പരാതിക്കാര്‍ പറയുന്നുണ്ടെങ്കിലും കുഴല്‍പ്പണമാണെന്ന നിഗമനത്തില്‍ പൊലീസ്
പാലക്കാട്: (www.kvartha.com) വാളയാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ഗ്ലാസ് തകര്‍ത്ത അക്രമികള്‍ 10 ലക്ഷം രൂപയും ഫോണും കവര്‍ന്നതായി പരാതി. ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് പരാതിക്കാര്‍ പറയുന്നുണ്ടെങ്കിലും കുഴല്‍പ്പണമാണെന്ന നിഗമനത്തിലാണെന്ന് വാളയാര്‍ പൊലീസ് പറഞ്ഞു. യുവാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സേലത്ത് നിന്ന് കാറില്‍ പണവുമായി വരുന്ന സംഘത്തെ ഇന്നോവയിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കമ്പി കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്ത അക്രമികള്‍ പണവും ഫോണും തട്ടിയെടുത്തു. കാറിലുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ച അക്രമി സംഘം ഇന്നോവയില്‍ കയറ്റിക്കൊണ്ടുപോയി പാലക്കാട് ചന്ദ്രനഗറില്‍ ഇറക്കി വിട്ടു.
യുവാക്കള്‍ വന്ന കാറും അക്രമികള്‍ തട്ടിയെടുത്തുവെന്നാണ് പരാതിക്കാരനായ യുവാക്കള്‍ പറയുന്നത്. വണ്ടികള്‍ പോയ സമയം വെച്ച് സമീപത്തുള്ള സിസിടിവികള്‍ പരിശോധിക്കുന്നുണ്ട്. യുവാക്കള്‍ പറഞ്ഞ തുക കൃത്യമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Palakkad, News, Kerala, Police, Case, Crime, Robbery, Arrest, Walayar: Complaint that 10 lakhs robbed from car.