Lift Accident | പ്രസവശേഷം റൂമിലേക്ക് മടങ്ങവേ ആശുപത്രിയുടെ ലിഫ്റ്റ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്
● പ്രസവശേഷം താഴത്തെ നിലയിലുള്ള റൂമിലേക്ക് മടങ്ങവേയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
● ശാസ്ത്രി നഗറിലെ ക്യാപിറ്റൽ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
● സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മീററ്റ് (ഉത്തർപ്രദേശ്): (KVARTHA) ഒരു സ്വകാര്യ ആശുപത്രിയിൽ ലിഫ്റ്റ് അപകടത്തിൽ യുവതി മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രസവശേഷം താഴത്തെ നിലയിലുള്ള റൂമിലേക്ക് മടങ്ങവേയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
ശാസ്ത്രി നഗറിലെ ക്യാപിറ്റൽ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രസവം നടത്തിയ യുവതിയെ പരിചാരകർക്കൊപ്പം താഴത്തെ നിലയിലുള്ള റൂമിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ലിഫ്റ്റിൻ്റെ ബെൽറ്റ് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവരെ 45 മിനിറ്റിനു ശേഷമാണ് ലിഫ്റ്റിൽ നിന്ന് പുറത്തെടുക്കാനായത്. സംഭവ സ്ഥലത്തുവച്ച് തന്നെ യുവതി മരണമടഞ്ഞു.
ഈ സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി എത്തി ആശുപത്രി അടിച്ചുതകർത്തു. ആശുപത്രിയിലെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് അവർ ആശുപത്രിയിൽ കല്ലെറിയുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നീ കാര്യങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
#LiftAccident, #HospitalDeath, #Meerut, #Protest, #Injury, #Investigation