Fraud | പിടിയിലായ 42 കാരി വ്യാജ ടിടിഇ വേഷം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്തത് 6 മാസം; കുടുങ്ങിയത് ഇങ്ങനെ
● കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി.
● പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കോട്ടയം: (KVARTHA) പിടിയിലായ 42 കാരി വ്യാജ ടിടിഇ (TTE) വേഷം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്തത് ആറ് മാസക്കാലമായിരുന്നു. ഒടുവില്‍ യഥാര്‍ത്ഥ ടിടിഇമാര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് യുവതി പിടിയിലായത്. കൊല്ലം തൃക്കരുവ (Kollam-Thrikkaruva) ഗ്രാമ പഞ്ചായത്ത് പരിധിയിലെ റംലത്തിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത്: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് രാജ്യറാണി എക്‌സ്പ്രസില്‍ വച്ച് റംലത്തിനെ പിടികൂടിയത്. വനിതാ കംപാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തുകയായിരുന്നു. ഈ സമയമാണ് റംലത്തിന്റെ വ്യാജവേഷം പുറത്തുവന്നത്. യഥാര്‍ത്ഥ ടിടിഇമാര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ വ്യാജമായ ഐഡി കാര്‍ഡ് ഉപയോഗിച്ച് യുവതി തന്റെ വേഷം മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.
ട്രെയിനില്‍ ഉണ്ടായിരുന്ന റംലത്തിനോട് എവിടെയാണ് ഓഫീസ് എന്ന് ചോദിച്ചപ്പോള്‍, കൊല്ലത്താണ് ഓഫീസെന്നും പാലരുവിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഷൊര്‍ണൂരിന് പോകുകയാണെന്നും റംലത്ത് മറുപടി നല്‍കി. കൊല്ലത്ത് ടിടിഇ ഓഫിസ് ഇല്ലാത്തതിനാല്‍ ഇവര്‍ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ ഐഡി കാര്‍ഡ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കരുനാഗപ്പള്ളിയില്‍നിന്ന് കയറിയതാണെന്ന് ഇവര്‍ പറഞ്ഞു.
ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ റംലത്ത്, ഹോം നഴ്‌സായി ജോലി ചെയ്തിരുന്നു. ഇതിനിടെ താന്‍ റെയില്‍വേയില്‍ ജോലിക്ക് പ്രവേശിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയിരുന്നു. ഇതിനായി ടിടിഇ യൂണിഫോം, ഐഡി കാര്‍ഡ് എന്നിവയും തയ്യാറാക്കിയിരുന്നു. പ്രതിയെ കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. ട്രെയിനുകളില്‍ സൗജന്യമായി സഞ്ചരിക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. കോടതി റിമാന്‍ഡ് ചെയ്തു.
#KeralaNews #RailwayFraud #Impersonation #IndiaNews #RailwaySecurity