Investigation | പയ്യന്നൂരിൽ വ്യാപാരി വ്യവസായി സമിതി നേതാവിന്റെ കടയ്ക്കു മുന്നിൽ റീത്ത്; പൊലീസ് കേസെടുത്തു, അന്വേഷണമാരംഭിച്ചു
റീത്തിന് മുകളിലുള്ള നീലമഷി കൊണ്ടു കടലാസിലെഴുതി പതിച്ച നിലയിലാണ് ഭീഷണി. വിവരം അറിഞ്ഞെത്തിയ പെരിങോം പൊലീസ് റീത്ത് കസ്റ്റഡിയിലെടുത്തു.
പയ്യന്നൂര്‍: (KVARTHA) പയ്യന്നൂരിലെ വ്യാപാരി വ്യവസായി സമിതി ഏരിയാ നേതാവും കാങ്കോല്‍ ശിവക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനുമായ കുണ്ടയം കൊവ്വല്‍ വലിയചാലിലെ കെ.വി. മുരളീധരന്റെ കാങ്കോലിലെ ഷോപ്പിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു.
കാങ്കോലിൽ സ്‌റ്റേഷനറി വ്യാപാരം നടത്തിവരികയാണ് മുരളീധരന്‍. വ്യാഴാഴ്ച രാവിലെ, പത്രവിതരണക്കാരൻ കടയ്ക്കു മുൻപ് ഭീഷണിയുള്ള സന്ദേശം എഴുതിയ റീത്ത് കണ്ടത്. തുടർന്ന് ഇയാൾ വിവരം ഉടമയെ അറിയിച്ചു. മഴംവെളളം വീണതിനാൽ അക്ഷരങ്ങൾ പലതും മാഞ്ഞ നിലയിലാണ്. 'നിന്റെ അനുമതി ആര്ക്കു വേണം, ഞങ്ങൾ നടത്താൻ തീരുമാനിച്ചാൽ നടത്തും, തടയാൻ ശ്രമിച്ചാൽ അങ്ങ് തീർക്കും, ഓർത്താൽ നല്ലതെന്ന്' എന്ന് അവസാനിക്കുന്ന എഴുത്ത് അവ്യക്തമാണ്.
റീത്തിന് മുകളിലുള്ള നീലമഷി കൊണ്ടു കടലാസിലെഴുതി പതിച്ച നിലയിലാണ് ഭീഷണി. വിവരം അറിഞ്ഞെത്തിയ പെരിങോം പൊലീസ് റീത്ത് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രം കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് റീത്തുവെച്ചതിന് പിന്നിൽ എന്നതാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇതുവരെ ഗണേശോത്സവം നടത്താത്ത പ്രദേശത്ത്, ക്ഷേത്രവുമായി ബന്ധപ്പെട്ടു ചിലർ ഗണേശോത്സവം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് ക്ഷേത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കടയ്ക്കു മുൻപ് റീത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം അഴീക്കോട് ബി.ജെ.പി പ്രവർത്തകന്റെ വീട്ടിനു മുൻപിലും റീത്ത് വെച്ചിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ വധശ്രമക്കേസ് നല്‍കിയ യുവാവിന്റെ വീടിനു മുന്‍പിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്.