Gold Theft | സ്കൂട്ടറിൽ എത്തി വയോധികയെ ചവിട്ടി വീഴ്ത്തി, സ്വർണമാലയാണെന്ന് കരുതി മുക്കുപണ്ടം കവർന്ന യുവാവ് പിടിയിൽ


● പള്ളിക്കുന്ന് സ്വദേശി കാർത്യായനിയുടെ മാലയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്.
● സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
● പ്രതിയെ റിമാൻഡ് ചെയ്തു.
കണ്ണൂർ: (KVARTHA) സ്വർണമാലയാണെന്ന് കരുതി, സ്കൂട്ടറിലെത്തി വഴി യാത്രക്കാരിയായ വയോധികയെ തള്ളിയിട്ട് മുക്കുപണ്ടവുമായി രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇബ്രാഹിമാണ് (41) കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്.
പള്ളിക്കുന്ന് പന്നേൻ ഹൗസിൽ കാർത്യായനിയുടെ (67) മാലയാണ് പ്രതി മോഷ്ടിച്ചത്. സ്വർണമാല പൊട്ടിക്കാനുള്ള ആദ്യ ശ്രമത്തിൽ കിട്ടിയത് മുക്കുപണ്ടമായിരുന്നു. പള്ളിക്കുന്ന് പന്നേൻ പാറയിലെ ഫുൾ ഡി റോഡിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
കണ്ണൂരിൽ നിന്നും ബസിറങ്ങി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് വയോധികയെ സ്കൂട്ടർ യാത്രക്കാരൻ പിന്തുടർന്നത്. ഇവരുടെ അടുത്ത് സ്കൂട്ടർ നിർത്തി, ഈ ഭാഗത്ത് റെയിൽവേയിൽ ജോലി ചെയ്യുന്ന ഒരാളുടെ വീട് അറിയാമോ എന്ന് ചോദിച്ചു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വീണ്ടും സ്കൂട്ടർ നിർത്തിയ ശേഷം വയോധികയോട് അതേക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് ഇവരെ ചവിട്ടി തള്ളിയിട്ട് മാല കവർന്നത്.
റോഡിൽ വീണ വയോധിക എഴുന്നേറ്റ് ബഹളം വെച്ചുവെങ്കിലും ഇയാൾ അതിവേഗം രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ ടൗൺ പോലീസ്, വീഴ്ചയിൽ മുട്ടിന് പരുക്കേറ്റ വയോധികയെ കണ്ണൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകി വീട്ടിലെത്തിച്ചു. തുടർന്ന് സ്ഥലത്തെ ഒരു വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ കിട്ടിയത്. ഇതോടെ മോഷണം നടത്തിയത് ഇബ്രാഹിമാണെന്ന് തെളിയുകയായിരുന്നു.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ.മാരായ അനുരൂപ്, ഷൈജു, എ.എസ്.ഐ. നാസർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ റമീസ്, മിഥുൻ, സനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A security guard was arrested for kicking an elderly woman off her path and stealing a gold chain, which turned out to be a fake one.
#GoldTheft #KannurNews #CrimeNews #ElderlyVictim #SecurityGuardArrested #PoliceInvestigation