Reform | കുറ്റകൃത്യങ്ങൾ വെളിപ്പെടുമ്പോൾ കേസെടുക്കാൻ പരാതി ലഭിക്കണം എന്ന അവസ്ഥ അത്യധികം അപരിഷ്കൃതമെന്ന് ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി
കുറ്റകൃത്യങ്ങളിൽ പരാതി നിർബന്ധമാക്കുന്ന നിയമം മാറ്റണമെന്ന് എസ്.വൈ.എസ് നേതാവ്, ഇരകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി.
തൃശൂർ: (KVARTHA) കുറ്റകൃത്യങ്ങൾ വെളിപ്പെടുമ്പോൾ കേസെടുക്കാൻ പരാതി ലഭിക്കണം എന്ന അവസ്ഥ അത്യധികം അപരിഷ്കൃതമാണെന്നും ജനങ്ങളുടെ സുരക്ഷാബോധത്തെ ദുർബലമാക്കുന്നതാണെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. എസ്.വൈ.എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജണൽ തിയേറ്ററിൽ വച്ച് നടന്ന ഉണർത്തു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരാതിയുണ്ടെങ്കിലേ കുറ്റമാകൂ എന്നതും പരാതിയില്ലെങ്കിൽ കുറ്റവാളികൾ രക്ഷപ്പെടുന്ന സ്ഥിതി വരുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ധൈര്യമായി പരാതി ഉന്നയിക്കാൻ പറ്റുന്ന സാമൂഹിക സാഹചര്യം പലപ്പോഴും ഉണ്ടാകാത്ത സ്ഥിതിയുണ്ട്, അവിടെ സ്റ്റേറ്റ് ആക്ട് ചെയ്യുകയാണ് വേണ്ടത്. അപ്പോഴാണ് സമൂഹത്തിന് സുരക്ഷിതത്വബോധം ഉണ്ടാകുന്നതും കുറ്റകൃത്യം നടത്തുന്നവർക്ക് അതിൽ നിന്ന് പിന്തിരിയാനുള്ള പ്രേരണ ഉണ്ടാകുന്നതും,’ അദ്ദേഹം പറഞ്ഞു.
മനുഷ്യർക്ക് സ്വതന്ത്രമായ സാംസ്കാരിക വ്യവഹാരം ഉറപ്പുനൽകാൻ സാധിക്കുമ്പോഴേ നവകേരളം എന്ന സങ്കല്പം അർഥവത്താകൂ. സാമൂഹികമായ സുരക്ഷിതത്വമാണ് പുരോഗമന സമൂഹത്തിന്റെ മുന്തിയ അടയാളം. പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും സ്വകാര്യ ജീവിതത്തിലുമെല്ലാം ഭയരഹിതവും ചൂഷണരഹിതവുമായ സാഹചര്യമുണ്ടാകണം. കുറ്റകൃത്യങ്ങൾ സംഭവിക്കാതിരിക്കാൻ ജാഗ്രതയോടെ ഇടപെടേണ്ടത് സ്റ്റേറ്റിന്റെയും സിവിൽ സൊസൈറ്റിയുടെയും പ്രാഥമിക ഉത്തരവാദിത്തമാണ്. നിയമങ്ങളും രീതികളും കാലാനുസൃതമായി നവീകരിക്കാൻ സന്നദ്ധമാകുമ്പോഴേ നവകേരളം സാധ്യമാകൂ. പശ്ചാത്തല വികസനം കൊണ്ടുമാത്രം സമൂഹം സാംസ്കാരികമായി നവീകരിക്കപ്പെടില്ല എന്ന് സർക്കാരും സമൂഹവും തിരിച്ചറിയണം.
പുരോഗമനം, സാംസ്കാരികം തുടങ്ങിയ മേൽവിലാസങ്ങൾ സ്വയം അണിയുന്ന സമൂഹത്തിൽ നിന്നാണ് സാംസ്കാരിക വിരുദ്ധമായ വാർത്തകൾ വരുന്നത്. നാം പുറകോട്ട് നടക്കുന്നതിന്റെ സൂചനയാണിത്. സാംസ്കാരിക കേരളത്തെ അതിന്റെ എല്ലാ നന്മയോടെയും നിലനിർത്താൻ നാം കൂട്ടായ പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷൻ കെ.എ. മാഹിൻ സുഹരി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി മേൽമുറി, എം. അബ്ദുൽ മജീദ് അരിയല്ലൂർ, എ.എ. ജഅഫർ, എം.എം. ഇബ്രാഹിം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പി.എച്ച്. സിറാജുദ്ദീൻ സഖാഫി, പി.യു. ശമീർ, ബശീർ അശ്റഫി, കെ.ബി. ബശീർ, എം.എം. ഇസ്ഹാഖ് സഖാഫി എന്നിവർ സംബന്ധിച്ചു.
ഫോട്ടോ അടികുറിപ്പ്: എസ്.വൈ.എസ് ഉണർത്തു സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.