Scam | ജാഗ്രത: ബാങ്ക് അക്കൗണ്ട് എടുത്ത് നൽകിയാൽ 10,000 രൂപ; വാഗ്ദാനങ്ങളിൽ വീഴല്ലേ, ഊരാക്കുരുക്കാവും; കേരളത്തിലെ 4 വിദ്യാർഥികൾക്ക് സംഭവിച്ചത്!
● വിദ്യാർത്ഥികളെ അടക്കം ലക്ഷ്യമാക്കി വ്യാപകമായി പ്രവർത്തിക്കുന്നു.
● അക്കൗണ്ട് എടുത്തുനൽകിയാൽ 5000 രൂപ മുതൽ 10,000 രൂപ വരെയാണ് വാഗ്ദാനം
● കേസിൽ അകപ്പെടുമ്പോഴാണ് ഇതിന്റെ പ്രത്യാഘാതം തിരിച്ചറിയുന്നത്.
കോഴിക്കോട്: (KVARTHA) പലയിടങ്ങളിലും സൈബർ തട്ടിപ്പുകാർ വിദ്യാർഥികളെയടക്കം വലയിൽ വീഴ്ത്തുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുമുള്ളവർക്ക് പണം നൽകി ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയും ഈ അക്കൗണ്ട് സൈബർ തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്യുന്നതാണ് പുതിയ തന്ത്രം. വടകരയിൽ കഴിഞ്ഞ ദിവസം നാല് വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ഇതിന് തെളിവാണ്.
ഈ വിദ്യാർഥികൾ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സൈബർ തട്ടിപ്പുകാർക്ക് നൽകിയിരുന്നു. ഭോപാലിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. സമാനമായി, കേരളത്തിൽ നിന്നുള്ള രണ്ട് കോളജ് വിദ്യാർഥികൾ ഒമ്പത് മാസത്തിലേറെയായി പഞ്ചാബിലെ പട്യാല സെൻട്രൽ ജയിലിൽ കഴിയുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
മോഹന വാഗ്ദാനങ്ങൾ നൽകി വലയിലാക്കും
സൈബർ തട്ടിപ്പുകാർ ആകർഷിക്കുന്നത് മോഹന വാഗ്ദാനം നൽകിയാണ്. അക്കൗണ്ട് എടുത്തുനൽകിയാൽ 5000 രൂപ മുതൽ 10,000 രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് പാസ്ബുക്ക്, എടിഎം കാർഡ് എന്നിവയെല്ലാം തട്ടിപ്പുകാർ കൈക്കലാക്കും. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഈ അക്കൗണ്ട് വഴി കൈമാറുകയും ചെയ്യും. പണമെത്തിയ അക്കൗണ്ടുടമയെത്തേടി പൊലീസ് എത്തുമ്പോഴാണ് തട്ടിപ്പുവിവരം പലപ്പോഴും ഇവർ അറിയുക.
പാർട്ട് ടൈം ജോലിയെന്നു പറഞ്ഞും വലയിലാക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് എടുക്കലും അക്കൗണ്ടിൽവരുന്ന പണം പറയുന്ന അക്കൗണ്ടിലേക്ക് അയക്കലുമാണ് ജോലി. ഇതിന് നിശ്ചിത പ്രതിഫലം കിട്ടും. ഭൂരിഭാഗം പേരും തട്ടിപ്പാണെന്ന് അറിയാതെയാണ് അക്കൗണ്ട് എടുത്തുനൽകുന്നത്. ചിലർ തട്ടിപ്പാണെന്ന് അറിഞ്ഞു തന്നെ അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും പറയുന്നു. കേസിൽ അകപ്പെടുമ്പോഴാണ് ഇതിന്റെ പ്രത്യാഘാതം തിരിച്ചറിയുന്നത്.
എങ്ങനെ സുരക്ഷിതരാകാം?
* അജ്ഞാതരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്: അധികം ലാഭം വാഗ്ദാനം ചെയ്യുന്ന, പ്രത്യേകിച്ച് അപരിചിതരിൽ നിന്നുള്ള ജോലി അവസരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുക.
* വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്: നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, ഒടിപി എന്നിവ ആർക്കും നൽകരുത്.
* ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കുക: ബാങ്കിംഗ് സംബന്ധമായ എല്ലാ ഇടപാടുകൾക്കും ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് മാത്രം ഉപയോഗിക്കുക.
* സുരക്ഷിതമായ ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കുക: പൊതു ഭാഗങ്ങളിൽ നിന്നുള്ള വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.
* സോഷ്യൽ മീഡിയയിൽ ജാഗ്രത: സോഷ്യൽ മീഡിയയിലൂടെ വരുന്ന അപരിചിതരുടെ സന്ദേശങ്ങൾക്ക് മറുപടി നൽകരുത്.
* സംശയം തോന്നിയാൽ പൊലീസിൽ അറിയിക്കുക: എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ സൈബർ പൊലീസിൽ അറിയിക്കുക.
* സുരക്ഷാ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക: നിങ്ങളുടെ കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ എന്നിവയിൽ സുരക്ഷാ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.
#cyberfraud #kerala #students #scamalert #onlinesafety #financialfraud #cybercrime #beware