Criticism | രോഹിത് വെമുലയ്ക്കായി വിലപിച്ചവർ ചിത്രലേഖയെ കണ്ടില്ലേ? ഒരു ദളിത് പോരാളി കൂടി വിട പറയുമ്പോൾ
● നിരന്തരം ആക്രമണം നേരിട്ടു
● ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ പരാതി നൽകിയിരുന്നു
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) സ്വന്തം തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി കഴിഞ്ഞ നീണ്ട 19 വർഷത്തിൻ്റെ പോരാട്ടത്തിൻ്റെ കഥയാണ് ചിത്രലേഖയെന്ന ദളിത് യുവതി ഈ ലോകത്തോട് പറഞ്ഞത്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി അവർ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോഴും രാഷ്ട്രീയ പകയുടെ പേരിൽ അവരെ സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാൻ പോലും എതിരാളികൾ അനുവദിച്ചില്ല. സിപിഎം എന്തുകൊണ്ടാണ് അവർ ഭരിച്ചിരുന്ന ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും തുടച്ചു നീക്കപ്പെട്ടതെന്നതിൻ്റെ ലളിതമായ ഉത്തരങ്ങളിലൊന്നാണ് ചിത്രലേഖയെന്നാണ് വിമർശകർ പറയുന്നത്.
ജെ.എൻ.യുവിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമൂല ജാതി പീഡനത്തിൻ്റെ പേരിൽ ജീവനൊടുക്കിയപ്പോൾ വിലാപകാവ്യങ്ങളെഴുതിയവരും മെഴുകുതിരി കത്തിച്ചവരും പയ്യന്നൂർ എടാട്ടു നിന്നു. സി.പി.എം അക്രമത്തിൽ നിന്നും രക്ഷനേടാൻ കാട്ടാമ്പള്ളിയിലേക്ക് പ്രാണരക്ഷാർത്ഥം കുടിയേറിയ ചിത്രലേഖയെ കണ്ടില്ല. പോരാട്ടത്തിൻ്റെ പാതി വഴിയിൽ അവർ രോഗബാധിതതയായി വിട പറയുമ്പോൾ ഒരു ഇന്ത്യൻ ദളിത് യുവതിയുടെ പോരാട്ട കഥ കൂടിയാണ് അസ്തമിക്കുന്നത്. പാൻക്രിയാസിലെയും കരളിലെയും അര്‍ബുദബാധയെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്ന ചിത്രലേഖ തൻ്റെ നാൽപ്പത്തിയെട്ടാമത്തെ വയസിലാണ് വിട പറയുന്നത്.
2004ല്‍ പയ്യന്നൂർ എടാട്ട് ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഓട്ടോ ഓടി ജീവിച്ചിരുന്ന ചിത്രലേഖയ്ക്ക് സി.ഐ.ടി.യു - സി.പി.എം പ്രവർത്തകർ വിലക്ക് ഏർപ്പെടുത്തിയതു മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന്
2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതി കൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്. ദളിത് യുവതിയായിരുന്നതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴില്‍ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടേത്.
അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് എന്നും പരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു. ആദ്യം എടാട്ട് വച്ച് ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ചിരുന്നു. പീഡനം സഹിക്ക വയ്യാതെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയെങ്കിലും 2023 ഓഗസ്റ്റിലും ചിത്രലേഖയുടെ ഓട്ടോ വീട്ടിൽ നിർത്തിയിട്ട സ്ഥലത്തു നിന്നും കത്തിച്ചു. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും സിഐടിയു – സിപിഎം പ്രവര്‍ത്തകരാണെന്നായിരുന്നു. ചിത്രലേഖയുടെ ആരോപണം. എന്നാൽ പൊലിസ് പ്രതികളെ പിടികൂടാതെ ഒളിച്ചു കളിച്ചു. ഒടുവിൽ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നില്‍ ചിത്രലേഖയും കുടുംബവും കുത്തിയിരുപ്പ് സമരം നടത്തി.
ആം ആദ്മി പ്രവർത്തകരുടെ സഹായത്തോടെ കണ്ണൂരില്‍ ഓട്ടോ ഓടിക്കാന്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനു വേണ്ടി പ്രയത്നിക്കുന്നതിനിടെയിലാണ് കാന്‍സറിന്റെ പിടിയില്‍പ്പെട്ട് ആശുപത്രിയിലാവുന്നത്. പാന്‍ക്രിയാസ്, കരള്‍ എന്നിവിടങ്ങളിലാണ് ചിത്രലേഖയ്ക്ക് രോഗബാധയുണ്ടായത്. കഴിഞ്ഞ 19 വർഷമായി തുടരുന്ന ചിത്രലേഖയുടെ അതിജീവനത്തിനുള്ള പോരാട്ടം നാൽപ്പത്തിയെട്ടാമത്തെ വയസിൽ മരണം കവർന്നെടുത്തോടെ അവസാനിച്ചു. അർബുദമെന്ന മഹാവ്യാധിക്ക് മുന്നിലാണ് ഒടുവിൽ പോരാളിയായ ചിത്രലേഖ കീഴടങ്ങിയത്.
നേരത്തെ ജീവിച്ച നാട്ടിൽ രക്ഷയില്ലാതെ വന്നപ്പോഴാണ് പയ്യന്നൂർ എടാട്ട് നിന്നും ചിത്രലേഖയും കുടുംബവും കാട്ടാന്പള്ളിയിലെത്തിയത്. അവിടെയും അവർക്ക് സ്വസ്ഥത ലഭിച്ചില്ല. ജീവിതമാർഗമായ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് സിപിഎം എതിരായതെന്നായിരുന്നു ചിത്രലേഖ പറഞ്ഞിരുന്നത്. സർക്കാർ പദ്ധതി വഴി വാങ്ങിയ ഓട്ടോ ഓടിക്കാൻ ചിത്രലേഖ തുടങ്ങിയതോടെ എടാട്ടെ സിഐടിയു തൊഴിലാളികൾ എതിരായി. വണ്ടി ട്രാക്കിലിടാനോ ആളുകളെ കയറ്റാനോ സമ്മതിച്ചില്ല.
പിന്നോക്ക വിഭാഗത്തിൽപ്പെട്ടതുകൊണ്ട് സിപിഎമ്മും സിഐടിയുവും കാണിക്കുന്ന ജാതിഭ്രഷ്ടാണ് താൻ ഓട്ടോയോടിക്കുന്നതിലുള്ള എതിർപ്പിന് കാരണമായി ചിത്രലേഖ ആരോപിച്ചിരുന്നത്. ഇതോടെ ചിത്രലേഖയുടെ പ്രതിരോധം മാധ്യമ ശ്രദ്ധയുമാകർഷിച്ചു. 2005 ഡിസംബർ 30 ന് ചിത്രലേഖയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അഗ്നിരയാക്കിയിരുന്നു. മനുഷ്യാവകാശ ഫെമിനിസ്റ്റ് ദളിത് പ്രവർത്തകരാണ് പകരം ഓട്ടോ വാങ്ങി കൊടുത്തത്. പിന്നീട്, വീട് തകർക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി. ചിത്രലേഖക്കും ഭർത്താവിനും നേരേ വധശ്രമം ഉൾപ്പെടെയുണ്ടായി.
കണ്ണൂർ കളക്ടറേറ്റിനും മുന്നിൽ 122 ദിവസം കുടിലുകെട്ടി ചിത്രലേഖ സമരം നടത്തി. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്നിലും ആഴ്ചകളോളം സമരം നടത്തി. 2016 മാർച്ചിൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ കാട്ടാന്പള്ളിയിൽ വീടുവയ്ക്കാൻ ചിത്രലേഖക്ക് അഞ്ചുസെന്റ് സ്ഥലം അനുവദിച്ചു. പിന്നീടു വന്ന എൽഡിഎഫ് സർക്കാർ ആ തീരുമാനം റദ്ദാക്കി. എടാട്ട് ആറു സെന്റ് ഭൂമി ചിത്രലേഖയ്ക്കു സ്വന്തമായുണ്ടെന്നതാണു ഭൂമിദാനം റദ്ദാക്കാൻ റവന്യു സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്ന കാരണം. എന്നാൽ, എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മയ്ക്കു സർക്കാരിൽ നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ മറുപടി നൽകി.
തുടർന്ന് കോടതി ഉത്തരവിന്റെയും മുൻ എംഎൽഎ കെ.എം. ഷാജി വഴിയെത്തിയ ഗ്രീൻ വോയ്സ് അബുദാബിയുടെയും സഹായത്താലാണ് വീട് പണി പൂർത്തിയാക്കിയത്. 2023 ഓഗസ്റ്റിലാണ് കാട്ടാമ്പപള്ളിയിലെ വീട്ടിൽ നിന്നും അർധരാത്രിയെത്തിയ സംഘം ജീവിതം പുലർത്താൻ ഏക ആശ്രയമായഓട്ടോറിക്ഷ കത്തിച്ചത്. ഓട്ടോ കത്തിച്ച സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു.
ചിത്രലേഖ ഏറ്റവും ഒടുവിലിട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നതുപോലെ; എല്ലാ പ്രതിസന്ധിയിലും ഞാൻ പിടിച്ചു നിന്നു. പ്രതിരോധിച്ചു. കീഴടങ്ങിയില്ല. ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി രോഹിത് വെമുല ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചതു പോലെ തന്റെ ജന്മം തന്നെയായിരുന്നു ഏറ്റവും വലിയ ശാപമെന്ന്. സത്യത്തിൽ ഞാനും അനുഭവിച്ചത് ഇതൊക്കെ തന്നെയായിരുന്നു. കുടിവെള്ളം കോരാൻ കിണർ തൊടീക്കില്ല എന്നെ അടുത്ത വീട്ടിലെ ജാതി സ്ത്രീകൾ. ഇവിടുന്ന് തുടങ്ങിയതാണ് എന്റെ ജീവിതയാത്ര.
തൊഴിലിടത്തുവരെ ജാതി അവഹേളനവും ഒടുവിൽ എന്റെ ജീവനോപാധിയായ ഓട്ടോറിക്ഷകത്തിച്ച് കളയുന്നതിലേക്കെത്തിയ പീഡനം ഇതുവരെയും നേരിടുകയായിരുന്നു. കൂടുതൽ ഒന്നും പറയാനില്ല. ജീവിതത്തിലെ ഈ വെല്ലുവിളികൾക്കു മുന്നിലും, അക്രമണത്തിലും ഞാൻ ചങ്കുറപ്പോടെ നിന്നു. പ്രതിസന്ധികളെ തരണം ചെയ്തു. പക്ഷെ ഇപ്പോൾ ഒരു കീഴടങ്ങലിന്റെ വക്കിലാണ്. അർബുദമെന്ന വ്യാധിക്കു മുന്നിൽ.... എന്നാലും, എനിക്ക് കുറച്ച് കാലം കൂടി ജീവിക്കണമെന്നുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ചിത്രലേഖയുടെ മൃതദേഹം ഞായറാഴ്ച വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാവിലെ പത്തു മണിയോടെ പയ്യാമ്പലത്ത് സംസ്കരിക്കും. രണ്ടു ചെറിയ ആൺകുട്ടികളെയും ഭർത്താവിനെയും തനിച്ചാക്കിയാണ് ചിത്രലേഖയുടെ അകാലവിയോഗം.
#Chithralekha #DalitRights #Casteism #Kerala #JusticeForChithralekha #HumanRights #WomenRights