Calf Museum | ഹെര്‍മന്‍ ഹെസ്യുടെ സിദ്ധാര്‍ത്ഥ നോവലിനെ അടിസ്ഥാനമാക്കി എബി എന്‍ ജോസഫ് വരച്ച ചിത്രങ്ങള്‍ ജര്‍മനിയിലെ കാള്‍ഫ് മ്യുസിയത്തില്‍ പ്രദര്‍ശിപ്പിക്കും
കണ്ണൂര്‍: (KVARTHA) ജര്‍മ്മന്‍ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ എന്ന നോവലിനെ ആസ്പദമാക്കി കണ്ണൂര്‍ സ്വദേശിയായ ചിത്രകാരന്‍ എ.ബി എന്‍ ജോസഫ് രചിച്ച 26 ചിത്രങ്ങള്‍ ജര്‍മ്മനിയിലെ കാള്‍ഫ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരമ്പരാഗതമായി ഹെസ്സെമാരുടെ കുടുംബവീടുകളുള്ള കാള്‍ഫ് നഗരത്തിലാണ് ഹെര്‍മന്‍ ഹെസെ മ്യൂസിയം. പോപ്പ് പെയിന്റിങ് സമ്പ്രദായം തുടങ്ങി വച്ച ആന്‍ഡി വരോള്‍, റോയ്‌ലി ചെന്‍സ്റ്റിയിന്‍ എന്നീ വിഖ്യാത ചിത്രകാരന്‍മാര്‍ക്കൊപ്പമാണ് എബിയുടെ ചിത്രങ്ങളും ഇടം പിടിക്കുന്നത് നവീകരിക്കപ്പെട്ട ഹെസ്സെ മ്യൂസിയത്തിന്റെ ഒരു ഫ്‌ളോര്‍ പൂര്‍ണമായും എബിയുടെ ചിത്രങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.
ഗാലറികളിലും ഓക്ഷന്‍ ഹൗസുകളിലും ഇന്ത്യന്‍ ചിത്രകാരന്‍മാര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഒരു യൂറോപ്യന്‍ മ്യൂസിയം ഇതു ആദ്യമായാണ് ഇത്രയേറെ ചിത്രങ്ങളുമായി ഒരു ഇന്ത്യന്‍ കലാകാരനെ വരവേല്‍ക്കുന്നത്. ഇതിനകം എബിയുടെ രണ്ടു ചിത്രങ്ങള്‍ ഹെസെ മ്യുസിയം ചുവരില്‍ പ്രദര്‍ശിച്ചു വരുന്നുണ്ട്. അക്രലിക് ഓയില്‍ മാധ്യമങ്ങളില്‍ ക്യാന്‍വാസില്‍ രചിച്ചവയാണ് മ്യൂസിയം ചുവരുകളിലേക്ക് തുടര്‍ന്ന് ക്ഷണിക്കപ്പെട്ടിട്ടുള്ളത്.
2022 ല്‍ സിദ്ധാര്‍ത്ഥ നോവലിന്റെ നൂറാമത് വാര്‍ഷികം ആഘോഷിക്കപ്പെടെണ്ടതായിരുന്നു. കൊവിഡ് ഭീതി പൂണ്ട നാളുകളില്‍ അത് 2025ലേക്ക് മാറ്റിവെച്ചു. സെപ്തംബര്‍ മാസം എബിയുടെ ചിത്രങ്ങള്‍ ജര്‍മ്മനി ഏറ്റുവാങ്ങും. പ്രപഞ്ചത്തിന് നേരെ ഒരു വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ പ്രതികരണങ്ങളുടെ സുഷ്മവ്യഖ്യാനമാണ് സിദ്ധാര്‍ത്ഥയെന്ന് ചിത്രകാരന്‍ എബി എന്‍ ജോസഫ് പറഞ്ഞു. ചിത്രകലാ മീഡിയേറ്റര്‍ ബേണ്ട് ഫോ ഗെല്‍, കെ.പി പ്രമോദ്, സുഹാസ് വേലാണ്ടി, മഹേഷ് മാറോളി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.