Euro Cup | 16-ാം വയസിൽ യൂറോകപ്പിൽ അരങ്ങേറ്റം! താരമായി ലാമിൻ യാമൽ; ക്രൊയേഷ്യയെ തകർത്ത് സ്പെയിൻ ആധിപത്യം
ബെർലിൻ: (KVARTHA) യൂറോ കപ്പിൽ ഗ്രൂപ്പ് ബി സ്പെയിൻ ക്രൊയേഷ്യയെ 3-0 ന് തകർത്തപ്പോൾ, റെക്കോർഡ് സൃഷ്ടിച്ച ഒരു പ്രകടനം കൂടി നടന്നു. അരങ്ങേറ്റം കുറിച്ച സ്പാനിഷ് താരം ലാമിൻ യാമൽ ഈ മത്സരത്തിലൂടെ യൂറോ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. വെറും 16 വയസ് 362 ദിവസം പ്രായം മാത്രമേ താരത്തിനുള്ളൂ. അരങ്ങേറ്റം മാത്രമല്ല, ഈ മത്സരത്തിൽ യാമൽ ഒരു അസിസ്റ്റും നേടി. സ്പെയിനിന്റെ മൂന്നാമത്തെ ഗോളിന് വേണ്ടിയുള്ള നിർണായക പാസ് നൽകിയത് യാമൽ ആയിരുന്നു.
ലാ മാസിയ യൂത്ത് അക്കാദമിയിൽ നിന്നും വളർന്നുവന്ന യാമൽ, തന്റെ പ്രായത്തിലുപരിയായ കഴിവ് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയുടെ പ്രധാന ടീമിനായി അരങ്ങേറ്റം കുറിച്ച യാമൽ, ലാലിഗയിൽ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സയ്ക്കും പന്ത് തട്ടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിനുടമയാണ് ലാമിൻ യാമൽ.
സ്പെയിൻ ആധിപത്യം
മത്സരം മുഴുവൻ ആധിപത്യം പുലർത്തിയ സ്പെയിൻ നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും മൂന്ന് ഗോളുകൾ നേടുകയും ചെയ്തു. ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യയ്ക്ക് മറുപടി ഗോൾ നേടാൻ പോലും സാധിച്ചില്ല. 29-ാം മിനിറ്റിൽ ആല്‍വാരോ മൊറട്ടയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് ഫാബിയാന്‍ റൂയിസ് മികച്ച ഒരു ഫിനിഷിലൂടെ സ്പെയിനിന്റെ ലീഡ് ഇരട്ടിപ്പിച്ചു.
ഡാനി കാര്‍വജാളിന് കൃത്യമായ പാസ് നൽകിയ യാമൽ സ്പെയിനിന്റെ മൂന്നാം ഗോളിന് വഴിയൊരുക്കി. ക്രൊയേഷ്യ ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം തകർക്കാനായില്ല. ബ്രൂണോ പെറ്റ്കോവിച്ചിന്റെ പെനാൽറ്റി അവസരം പാഴാക്കിയത് ക്രൊയേഷ്യക്ക് തിരിച്ചടി ആയി.