Concern | വനിതാ ഡോക്ടർമാർക്ക് രാത്രി ഡ്യൂട്ടി ഭീതി; ഞെട്ടിക്കുന്ന അനുഭവങ്ങൾ
* ജോലി സ്ഥലങ്ങളിൽ നേരിടുന്ന ഉപദ്രവങ്ങളും ആക്രമണങ്ങളും ഇവർക്ക് വലിയ പ്രതിസന്ധിയാണ്
* മികച്ച പ്രവർത്തന സാഹചര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ആവശ്യപ്പെട്ട് ഡോക്ടർമാർ രംഗത്തുവന്നിരിക്കുന്നു.
അർണവ് അനിത
(KVARTHA) ഡോക്ടര്‍മാരടക്കമുളള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ട് ഏറെ നാളായി. രാജ്യം ഭരിക്കുന്നവര്‍ അത് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. കേരളത്തിലാണെങ്കില്‍ പി.ജി ഡോക്ടര്‍ വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതോടെയാണ് നിയമനിര്‍മാണം നടത്തിയത്. ഒരു ജീവന്‍ പൊലിയുകയോ, അല്ലെങ്കില്‍ അതിദാരുണമായ എന്തെങ്കിലും സംഭവിച്ചാലോ മാത്രമേ ഭരണനേതൃത്വം ഉണരൂ എന്നതാണ് അവസ്ഥ.
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്, ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ വീണ്ടും ആശങ്കയായി മാറിയിരിക്കുന്നു. ജോലി സ്ഥലങ്ങളില്‍ മാനസിക, ശാരീരിക പീഡനങ്ങളും നേരിടേണ്ടിവരുന്നെന്നും ഇവര്‍ പറയുന്നു.
ജോലിക്ക് പ്രത്യേക സമയമില്ല
'ഞങ്ങള്‍ എല്ലാവരും 24 മണിക്കൂറോ, അതിലധികമോ സമയം ജോലി ചെയ്തിട്ടുണ്ട്, രാത്രി ഡ്യൂട്ടികളും ചെയ്യുന്നു. കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ ജോലി സമയം വലിയ പുതുമയുള്ള കാര്യമല്ല. എന്നാലവിടെ സംഭവിച്ചത് ഞങ്ങളെയെല്ലാം ഭയപ്പെടുത്തുന്നു. കാരണം ആര്‍ക്കുവേണമെങ്കിലും സംഭവിക്കാമെന്ന് എല്ലാ വനിതാ ആരോഗ്യപ്രവര്‍ത്തകരും ഭയക്കുന്നു' - കൊച്ചിയിലെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റായ പ്രേരണ പ്രേരണ പറയുന്നു.
'ആരോഗ്യമേഖലയ്ക്ക് പുറത്തുള്ള ആളുകള്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരിക്കാം. എന്നാല്‍ ജോലി ചെയ്യുമ്പോള്‍ സുരക്ഷകൂടി നോക്കണമെന്നുള്ളത്', ചത്തീസ്ഗഡിലെ റായ്പൂരില്‍ ജോലി ചെയ്യുന്ന ഡോ. ദിവ്യ ചൂണ്ടിക്കാട്ടി. ആശുപത്രി പരസത്തെ ഇരുണ്ട ഇടവഴികള്‍, ശൂന്യമായ ഇടനാഴികള്‍, ഇതെല്ലാം ഭയപ്പെടുത്തുന്ന കാര്യമാണ്. വിശാലമായ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രി കാമ്പസുകളിലും സുരക്ഷിതമല്ലാത്ത നിരവധി സ്ഥലങ്ങളുണ്ടെന്ന് വനിതാ ഡോക്ടര്‍മാര്‍ പറയുന്നു.
'ഞങ്ങളുടെ ഹോസ്പിറ്റലില്‍ പരിസരത്ത് ഒരു ഇടവഴി ഉണ്ടായിരുന്നു, ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് മറ്റേ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോകാനുള്ള വഴിയാണത്. രാത്രി പലപ്പോഴും ബൈക്കുകളില്‍ വന്ന് ഫോണുകള്‍ തട്ടിയെടുക്കുകയും സ്ത്രീകളെ ലൈംഗികമായി ശല്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. അതിലെ പോകാന്‍ ഞങ്ങള്‍ എപ്പോഴും ഭയപ്പെട്ടിരുന്നു, പ്രത്യേകിച്ച് രാത്രി വൈകി, എന്നാല്‍ അതിലേ പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു', ഡല്‍ഹിയിലെ ശിശുരോഗ വിദഗ്ധയായ ശ്വേത തന്റെ അനുഭവം പങ്കുവെക്കുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ, അധികം വെളിച്ചമില്ലാത്ത ഇടനാഴിയെ കുറിച്ച് മറ്റൊരു ഡോക്ടര്‍ പറയുന്നു, 'ഞാന്‍ പി.ജിക്ക് പഠിച്ചിരുന്നപ്പോള്‍, ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടെങ്കിലും രക്ഷപ്പെട്ടു, പക്ഷേ പോലീസില്‍ അറിയിച്ചില്ല. അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അതിലെയുള്ള യാത്ര ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. അല്ലാതെ അവിടെ ലൈറ്റുകള്‍ സ്ഥാപിക്കുകയോ, സുരക്ഷ ഏര്‍പ്പെടുത്തുകയോ ചെയ്തില്ല'.
കൂട്ടിരുപ്പുകാരുടെ കുത്തിത്തിരിപ്പ്
ഞാന്‍ അലിഗഡില്‍ താമസിക്കുമ്പോള്‍ ഒരു രോഗിയുടെ ബന്ധു ഏകദേശം മൂന്ന് വര്‍ഷത്തോളം എന്നെ പിന്തുടരുകയായിരുന്നു- ഡോ. ശ്വേത പറയുന്നു. അവന് എങ്ങനെയോ എന്റെ നമ്പര്‍ കിട്ടി, പിന്നെ ഇടതടവില്ലാതെ മെസ്സേജ് അയയ്ക്കാനും വിളിക്കാനും തുടങ്ങി. ഞാന്‍ പ്രതികരിക്കാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇക്കാര്യം സുഹൃത്തുക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിച്ചു. രാത്രി ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചു.
എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിലെ മറ്റുള്ളവര്‍ 'ശ്വേതയ്ക്ക് എന്തിന് പ്രത്യേക പരിഗണന നല്‍കണം' എന്ന് ചോദിച്ചു. നൈറ്റ് ഡ്യൂട്ടി ഒഴിവാക്കാന്‍ ഞാന്‍ ഒഴികഴിവ് പറയുകയാണെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ കുറേക്കാലം ഞാനത് സഹിച്ചു. കോഴ്‌സ് തീരാറായ സമയത്ത് ലോക്കല്‍ പോലീസുമായി ബന്ധമുള്ള ഒരു സുഹൃത്ത് എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പരാതി നല്‍കാന്‍ എന്നെ സഹായിച്ചു', - ഡോ. ശ്വേത ഓര്‍മിച്ചു.
ആളുകള്‍ എന്നെ ചീത്ത പറയുന്ന സമയങ്ങളുണ്ട്, പ്രത്യേകിച്ച് രാത്രിയില്‍. ഇതിനെ നേരിടാന്‍ ഞാന്‍ ആ ആശുപത്രി പരിസരത്തെ നായ്ക്കളുമായി ചങ്ങാത്തത്തിലായി. അത് വലിയ ആശ്വാസം നല്‍കി- ' ഡോ. ദിവ്യ വെളിപ്പെടുത്തി. ആള്‍ക്കൂട്ടത്തില്‍ നിന്നും രോഗികളില്‍ നിന്നും അകന്ന്, ഒറ്റപ്പെട്ട ഒരു സ്ഥലമായിരിക്കും പലപ്പോഴും വിശ്രമിക്കാന്‍ തെരഞ്ഞെടുക്കുക, അവിടെ യാതൊരു സുരക്ഷയും കാണില്ല. ഒരിക്കല്‍ ഞാന്‍ ഒരു രോഗിയുടെ അടുത്തുള്ള ഒരു ഒഴിഞ്ഞ ഐസിയു ബെഡില്‍ കിടന്ന് ഉറങ്ങി.
സുരക്ഷിതമല്ലാത്ത തൊഴില്‍ അന്തരീക്ഷം കൂടാതെ, നീണ്ട ഷിഫ്റ്റുകള്‍ക്കിടെ വിശ്രമിക്കാന്‍ 'സുരക്ഷിതമായൊരിടം' കണ്ടെത്താനും പലപ്പോഴും പാടുപെടുന്നു. മിക്ക ആശുപത്രികളിലും ഇന്റേണികള്‍, ട്രെയിനികള്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ക്കായി ഒരു ചെറിയ ഡ്യൂട്ടി മുറി മാത്രമായിരിക്കും ഉണ്ടാവുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം മുറിയില്‍ ഇടം കിട്ടിയാലും, സഹപ്രവര്‍ത്തകരുമായി പങ്കുവെക്കേണ്ടതിനാല്‍ അവിടെ കിടന്ന് സുഖമായി ഉറങ്ങാനാകില്ലെന്ന് ' ഡോ. പ്രേരണ പറയുന്നു.
ശുചിമുറിയില്ല, സ്വകാര്യതയില്ല, പരാതിയില്ല
കര്‍ണാടക ഗ്രാമത്തിലെ ഒരു ഔട്ട്പോസ്റ്റ് ക്യാമ്പില്‍ 36 മണിക്കൂര്‍ നീണ്ട ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ പൂര്‍വ പറയുന്നത് ആഴ്ചയില്‍ രണ്ടുതവണ ചിലപ്പോള്‍ മൂന്ന് തവണ വരെ ഇങ്ങിനെ ജോലി ചെയ്യുന്നെന്നാണ്. ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ഒപ്താല്‍മോളജി വിദ്യാര്‍ത്ഥിയാണ് പൂര്‍വ. ഇതുപോലുള്ള ക്യാമ്പുകളിലേക്കും ജില്ലാ ആശുപത്രികളിലേക്കും പോസ്റ്റ് ചെയ്യുമ്പോള്‍ - എല്ലാ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധിത പോസ്റ്റിംഗുകളാണ് - അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മോശമായിരിക്കുമെന്നും ഏകദേശം 40 മണിക്കൂറിന് ശേഷമായിരിക്കും ഒന്ന് കുളിക്കുക.
ആര്‍ത്തവ സമയമാണെങ്കില്‍ , കുളിക്കാനോ പാഡ് മാറ്റാനോ സമയമം കാണില്ല. ഇനി കുറച്ച് സമയമെടുത്ത് മാറ്റാന്‍ ശ്രമിച്ചാലോ ഒരു ശുചിമുറിയോ സ്വകാര്യ സ്ഥലമോ ഉണ്ടാകില്ല- പൂര്‍വ പറയുന്നു. 'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ ഒരു ഗ്രാമത്തിലെ ക്യാമ്പിലായിരുന്നു, അവിടെ കുളിമുറി ഇല്ലായിരുന്നു. ഞാന്‍ കുറ്റിക്കാടുകളിലേ ഒഴിഞ്ഞ പാര്‍ക്കിംഗ് സ്ഥലത്തോ അല്ലെങ്കില്‍ അല്‍പ്പം ആളൊഴിഞ്ഞ സ്ഥലത്തോ പോയാണ് മൂത്രമൊഴിച്ചത്.
ഡല്‍ഹിയിലെ തിരക്കേറിയ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കാര്യങ്ങള്‍ ചെറിയതോതിലേ മെച്ചപ്പെട്ടിട്ടുള്ളൂവെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയിലെ മുതിര്‍ന്ന ഡോക്ടറായ സുനൈന പറയുന്നു. സാധാരണയായി ഒരു നിലയില്‍ ഒരു ശുചിമുറി മാത്രമേയുള്ളൂ, അത് രോഗികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ എല്ലാവരും ഉപയോഗിക്കുന്നു. ശുദ്ധമായ കുടിവെള്ളം പോലും കിട്ടില്ല.
നമ്മള്‍ ശുചിമുറി പോലെ അടിസ്ഥാനപരമായ എന്തെങ്കിലും ചോദിച്ചാല്‍ ഈ സൗകര്യങ്ങള്‍ ഇല്ലാത്ത ആളുകളുണ്ടെന്ന് പറഞ്ഞ് അധികാരികള്‍ നിരുത്സാഹപ്പെടുത്തും. ആദ്യം രോഗികളെ നോക്കാന്‍ നിര്‍ദ്ദേശിക്കും.
സഹായത്തിന് ആരെ വിളിക്കും?
മിക്ക ആശുപത്രികളിലും ഗേറ്റുകള്‍ക്കും ഐസിയുകള്‍ക്കും പോലും സുരക്ഷാ ഗാര്‍ഡുകള്‍ ഉണ്ടെന്നും എന്നാല്‍ യാതൊരു പ്രയോജനവുമില്ലെന്നും ആശുപത്രി വളപ്പില്‍ ആര്‍ക്കൊക്കെ പ്രവേശിക്കാം അതിന് യാതൊരു നിയന്ത്രണവുമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്നത് പതിവാണ്. സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും പലപ്പോഴും അവര്‍ നിസഹായരാണ്. പ്രായമായവരായിരിക്കും മിക്ക സെക്യൂരിറ്റി ജീവനക്കാരും.
സെക്യൂരിറ്റികള്‍ പൊതുവായ നിരീക്ഷണത്തിനാണെന്നും ഡോക്ടര്‍മാരുടെ സംരക്ഷണത്തിനല്ലെന്നും ഡോ. പ്രേരണ പറഞ്ഞു. അത്യാവശ്യ സൗകര്യം വേണമെന്ന അപേക്ഷ പോലും ആശുപത്രി അധികൃതര്‍ നിസ്സംഗതയോടെ തള്ളിക്കളയുന്നു. ഒരു വനിതാ ഡോക്ടര്‍ പോലും, തങ്ങളുടെ ആരോഗ്യമോ, സുരക്ഷയോ, ക്ഷേമമോ നോക്കാന്‍ ആരും ഇല്ലെന്ന് സര്‍വ്വീസില്‍ കയറിയതിന് ശേഷം വളരെ വേഗം തിരിച്ചറിയുന്നു- ഡോ. ശ്വേത പറയുന്നു.
കാര്യങ്ങള്‍ എങ്ങനെ മാറും?
ആരോഗ്യ സ്ഥാപനങ്ങള്‍ ഇപ്പോഴും ജീവനക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ഒരു ജനക്കൂട്ടം നശിപ്പിച്ചതിന് തൊട്ടുപിന്നാലെ, അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് വനിതാ ഡോക്ടര്‍മാരോട് ഒറ്റയ്ക്ക് നടക്കുന്നത് ഒഴിവാക്കുക, 'ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ പോകരുത്, എന്നീ കാര്യങ്ങളുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പിന്‍വലിച്ചു.
നൈറ്റ് ഡ്യൂട്ടിയിലുള്ള ഇന്റേണുകളും പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികളും രാത്രി 8 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകണമെന്നും അടുത്ത ദിവസം രാവിലെ 6 മണിക്ക് ശേഷമേ എത്താവൂ എന്നും ചില ഹോസ്റ്റലുകളില്‍ നിര്‍ദ്ദേശം കൊണ്ടുവന്നു. ഡ്യൂട്ടി സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. ഇത് മനുഷ്യത്വരഹിതമാണെന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിന് പകരം ജോലി സമയം 12 മണിക്കൂറായി പരിമിതപ്പെടുത്തുമെന്നും രാത്രി ഡ്യൂട്ടി പരമാവധി ഒഴിവാക്കുമെന്നാണ് മമതാ ബാനര്‍ജി പറയുന്നത്. എന്നാല്‍ വനിതാ ഡോക്ടര്‍മാര്‍ ഇതിനെ അപലപിക്കുന്നു.