World Cup | മെസി ഇല്ലാതെ അർജന്റീന; ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു
കോച്ച് ലിയോണൽ സ്കലോണി 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്
ബ്യൂണസ് അയേഴ്സ്: (KVARTHA) ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു.
നായകൻ ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ഇല്ലാതെയാണ് അർജന്റീന ഇറങ്ങുന്നത്. 11 വർഷത്തിനിടയിലാദ്യമായാണ് ഇരുവരും ഒരുമിച്ച് ടീമിൽ ഇല്ലാത്തത്. പരിക്കേറ്റതിനെത്തുടർന്ന് മെസിക്ക് വിശ്രമം ആവശ്യമായി വന്നു. കോപ അമേരിക്ക കിരീട നേട്ടത്തോടെ തന്റെ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ഏഞ്ചൽ ഡി മരിയയും കളത്തിലില്ല.
കോച്ച് ലിയോണൽ സ്കലോണി 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എസേക്വിൽ ഫെർണാണ്ടസ്, വാലന്‍റൈൻ കാസ്റ്റെലാനോസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. അലയാന്ദ്രോ ഗർണാച്ചോ, വാലന്‍റൈൻ കാർബോണി, വാലന്‍റൈൻ ബാർകോ, മത്യാസ് സുലേ തുടങ്ങിയ യുവതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിൽ ഉണ്ട്.
സെപ്റ്റംബറിൽ കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരായ മത്സരങ്ങളാണ് അർജന്റീനയ്ക്കുള്ളത്.