Football | ഐഎസ്എല്‍ ആരവത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യ കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
● ഈ സീസണിൽ 13 ടീമുകളാണ് പങ്കെടുക്കുന്നത്.
● മുംബൈ സിറ്റി എഫ്‌സി മോഹൻ ബഗാനെ നേരിടും.
മുബൈ: (KVARTHA) ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം സീസൺ ശനിയാഴ്ച ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ മുബൈ സിറ്റി എഫ്‌സി മോഹൻ ബഗാനെ നേരിടും. കൊൽക്കത്തയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഏറ്റുമുട്ടിയ ഈ രണ്ട് ടീമുകളും ഇത്തവണയും കിരീടം ലക്ഷ്യമിടുന്നു.
ഈ സീസണിൽ 13 ടീമുകളാണ് പങ്കെടുക്കുന്നത്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിംഗാണ് പുതുതായി എത്തുന്ന ടീം. ലീഗിന്റെ നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ ടീമുകൾക്കും ഇന്ത്യക്കാരനായ സഹ പരിശീലകൻ നിർബന്ധമാക്കിയിരിക്കുന്നു. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് അനുവദിക്കുന്നതിനും റഫറിയുടെ തീരുമാനങ്ങൾക്കെതിരെ അപ്പീൽ നൽകാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ, പഞ്ചാബ് എഫ്‌സി എന്നീ ടീമുകൾ പുതിയ പരിശീലകരുടെ നേതൃത്വത്തിലാണ് ഇത്തവണ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറേയിലാണ്. മോഹൻ ബഗാനിൽ ഹൊസെ മൊളീന തിരിച്ചെത്തിയിരിക്കുന്നു. പഞ്ചാബിനെ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ് നയിക്കും.
ഈ സീസണിൽ നിരവധി താരങ്ങൾ ടീമുകൾ മാറിയിട്ടുണ്ട്. മോഹൻ ബഗാനിലെത്തിയ ജെയ്മി മക്ലാരൻ ഈ സീസണിലെ ശ്രദ്ധ കേന്ദ്രമായിരിക്കും. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്നെത്തുന്ന ജോണ്‍ ടോറലാണ് മുംബൈ സിറ്റി എഫ്‌സിയിലെ ശ്രദ്ധേയനായ താരം.
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം സുനിൽ ഛേത്രിയുടെ അവസാന സീസണായിരിക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു.