Football | പുതിയ മാറ്റത്തോടെ ചാമ്പ്യൻസ് ലീഗ്: പ്രമുഖർ കളത്തിലിറങ്ങുന്നു
● യുവന്റസ് പി എസ് വി ഐന്തോവനെ നേരിടും.
● റയൽ മാഡ്രിഡ് വി എഫ് ബി സ്റ്റുട്ഗാർട്ടുമായി മത്സരിക്കും.
● ബയേൺ മ്യൂണിക് ഡൈനാമോ സഗ്രബിനെ നേരിടും.
ലണ്ടൺ: (KVARTHA) യുവേഫ ചാമ്പ്യൻസ് ലീഗ് ഈ സീസൺ അടിമുടി മാറ്റങ്ങളോടെയാണ് ആരംഭിക്കുന്നത്. 32 ടീമുകളിൽ നിന്ന് 36 ടീമുകളായി വർദ്ധിപ്പിച്ച ഈ ടൂർണമെന്റിൽ വ്യാഴാഴ്ച മുതൽ പന്തുരുളും.
നിലവിലെ ചാമ്പ്യൻ റയൽ മാഡ്രിഡ്, ലിവർപൂൾ, യുവന്റസ്, ആസ്റ്റൺ വില്ല, ബയേൺ മ്യൂണിക് തുടങ്ങിയ പ്രമുഖ ടീമുകൾ പോരാട്ടത്തിനിറങ്ങും.
ഇറ്റാലിയൻ കരുത്തരായ എ.സി മിലാൻ സ്വന്തം തട്ടകത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിനെ നേരിടുന്നതാണ്. രാത്രി 12.30നാണ് ഈ മത്സരം. യുവന്റസ് പി.എസ്.വി ഐന്തോവനെ നേരിടുന്ന മത്സരവും യങ്ബോയ്സും ആസ്റ്റൺ വില്ലയും തമ്മിലുള്ള മത്സരവും രാത്രി 10.15ന് നടക്കും. റയൽ മാഡ്രിഡ് വി എഫ് ബി സ്റ്റുട്ഗാർട്ടിനെയും ബയേൺ മ്യൂണിക് ഡൈനാമോ സഗ്രബിനെയും നേരിടും.
ഈ മത്സരങ്ങൾ എല്ലാം സോണി നെറ്റ്വർക്കിൽ തത്സമയം കാണാം. സീസണിൽ നാല് ടീമുകൾ വീതമുള്ള ഗ്രൂപ്പ് മത്സരങ്ങൾ ഉണ്ടാവില്ല. പകരം എല്ലാ ടീമുകളും എട്ട് വ്യത്യസ്ത എതിരാളികളെ ആദ്യ ഘട്ടത്തിൽ നേരിടും. ഓരോ ടീമിനും നാല് ഹോം, എവേ മത്സരങ്ങളാണുണ്ടാകുക. കൂടുതൽ പോയിന്റ് നേടുന്ന ആദ്യ എട്ട് ടീമുകൾ പ്രീക്വാർട്ടറിലേക്ക് നേരിട്ടെത്തും. ഒൻപത് മുതൽ 24 വരെയുള്ള ക്ലബുകൾ പ്ലേ ഓഫ് കളിച്ച് നോക്കൗണ്ടിലേക്ക് കടക്കും.
#ChampionsLeague, #LiverpoolFC, #ACMilan, #Football, #UEFA, #NewFormat