Olympic | വനിതാ ഫുട്ബോളിൽ ഒളിഞ്ഞുനോട്ട വിവാദം; കനേഡിയൻ ടീമിനെതിരെ പരാതി
കനേഡിയൻ ടീമിലെ രണ്ട് അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു
പാരീസ്: (KVARTHA) ഒളിംപിക്സ് മത്സരങ്ങൾ തുടങ്ങാനിരിക്കെ വനിതാ ഫുട്ബോളിൽ ഒളിഞ്ഞുനോട്ട വിവാദം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലനം നടത്തവെ കനേഡിയൻ ടീം അംഗങ്ങൾ ഡ്രോൺ ഉപയോഗിച്ച് ഒളിഞ്ഞുനോക്കിയെന്ന ആരോപണമാണ് ഉയർന്ന് വരുന്നത്.
തിങ്കളാഴ്ച സെൻ്റ് എറ്റിയെൻ ഗ്രൗണ്ടിൽ നടന്ന പരിശീലന സമയത്താണ് വിവാദത്തിന് തിരികൊളുത്തിയത്. ന്യൂസീലൻഡ് ടീം അംഗങ്ങൾ പരിശീലനം നടത്തവെയാണ് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറന്നെത്തിയത്. ആദ്യം അമ്പരപ്പോടെയാണ് കണ്ടെതെങ്കിലും പിന്നീട് ഒളിഞ്ഞുനോട്ടത്തിനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയ അവർ ഫ്രഞ്ച് പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡ്രോൺ പറത്തിയത് കനേഡിയൻ ടീം അംഗങ്ങളാണെന്ന് തെളിഞ്ഞു. തുടർന്ന് കനേഡിയൻ ടീമിലെ രണ്ട് അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
കനേഡിയൻ ടീം ഈ ഡ്രോൺ ഉപയോഗിച്ച് ന്യൂസിലൻഡ് ടീമിന്റെ കളിയടവുകളും പരിശീലന രീതികളും മനസ്സിലാക്കാൻ ശ്രമിച്ചു എന്നാണ് സംശയിക്കുന്നത്. ഈ സംഭവം ഒളിംപിക് അസോസിയേഷന്റെയും ന്യൂസിലൻഡ് ടീമിന്റെയും ശ്രദ്ധയിൽപ്പെട്ടു. കനേഡിയൻ ടീം ഈ സംഭവത്തിൽ മാപ്പ് പറഞ്ഞെങ്കിലും, നിലവിലെ ഒളിംപിക് ചാമ്പ്യൻമാരായ അവർക്ക് ഇത് വലിയ നാണക്കേടായി. ഫിഫയും ഒളിംപിക് അസോസിയേഷനും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.
ഈ സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കനേഡിയൻ ടീമിന്റെ മുഖ്യ പരിശീലക ബെവ് പ്രീസ്റ്റ്മാൻ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു. കായികരംഗത്തെ മത്സരബുദ്ധിയുടെ പരിധികൾ ലംഘിക്കുന്ന ഈ പ്രവൃത്തിക്ക് വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.