Dead | വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലശേരി നഗരസഭാ മുന്‍ കൗണ്‍സിലര്‍ ടികെ പ്രേമന്‍ നിര്യാതനായി
മുന്‍ തലശേരി നോര്‍ത് ലോകല്‍ സെക്രടറിയും ലോകല്‍ വൊളന്റിയര്‍ ക്യാപ്റ്റനുമാണ്
മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 വരെ കൊളശ്ശേരി കരയത്തില്‍ നാരായണന്‍ മെമോറിയല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും
തലശേരി: (KVARTHA) വാഹനാപകടത്തില്‍ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം തലശേരി നോര്‍ത് ലോകല്‍ കമിറ്റി അംഗവും മുന്‍ തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ടി കെ പ്രേമന്‍ (67) നിര്യാതനായി. മുന്‍ തലശേരി നോര്‍ത് ലോകല്‍ സെക്രടറിയും ലോകല്‍ വൊളന്റിയര്‍ ക്യാപ്റ്റനുമാണ്.
നിലവില്‍ കെ എസ് കെ ടി യു വിലേജ് സെക്രടറി, തലശേരി ഏരിയ കമിറ്റി അംഗം, ഐ ആര്‍ പി സി തലശേരി സോണല്‍ കമിറ്റി അംഗം, കൊളശ്ശേരി കരയത്തില്‍ നാരായണന്‍ മെമോറിയല്‍ ലൈബ്രറി ജോയന്റ് സെക്രടറി, സൗഹൃദ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രടറി, വടക്കുമ്പാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കാവുംഭാഗം ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചുവരികയാണ്.
തലശേരി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കില്‍ നൈറ്റ് വാച് മാനാണ്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു. പരേതരായ അനന്തന്റേയും രാധയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, സുനില്‍ കുമാര്‍(വയനാട്), അനില്‍ കുമാര്‍, പ്രമോദ് കുമാര്‍, മനോജ് കുമാര്‍ (മൈസൂര്‍), പ്രീത(കടമ്പൂര്‍), പ്രസാദ്, പ്രജീഷ്, പരേതനായ അജയകുമാര്‍ (ബാബു).
പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 വരെ കൊളശ്ശേരി കരയത്തില്‍ നാരായണന്‍ മെമോറിയല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രണ്ട് മണിക്ക് മഠത്തുംഭാഗത്തെ വീട്ടില്‍(പ്രീത നിവാസ്)സംസ്‌കാരവും അനുശോചന യോഗവും ചേരും. രാവിലെ 11 മണി മുതല്‍ രണ്ടുമണി വരെ കൊളശ്ശേരി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.