അബൂദബിയിലെ മുസഫ ഐകാഡ് സിറ്റിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ച 3 പേരില്‍ 2 പേര്‍ ഇന്‍ഡ്യക്കാര്‍, ഒരാള്‍ മലയാളി; 6 പേര്‍ക്ക് പരിക്ക്

 


അബൂദബി: (www.kvartha.com 18.01.2022) കഴിഞ്ഞദിവസം യുഎഇ തലസ്ഥാനമായ അബൂദബിയിലെ മുസഫ ഐകാഡ് സിറ്റിയില്‍ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിന് സമീപവും വിമാനത്താവളത്തിനരികിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ച മൂന്നുപേരില്‍ ഒരാള്‍ മലയാളി. മരിച്ചവരില്‍ ഒരാള്‍ കൂടി ഇന്‍ഡ്യക്കാരനാണ്.
മറ്റൊരാള്‍ പാകിസ്താനിയും. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

 അബൂദബിയിലെ മുസഫ ഐകാഡ് സിറ്റിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ച 3 പേരില്‍ 2 പേര്‍ ഇന്‍ഡ്യക്കാര്‍, ഒരാള്‍ മലയാളി; 6 പേര്‍ക്ക് പരിക്ക്

ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കര്‍ ജീവനക്കാരാണിവര്‍. ഇന്‍ഡ്യക്കാര്‍ മരിച്ച വിവരം എംബസി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരില്‍ 5 പേര്‍ പാകിസ്താന്‍ സ്വദേശികളാണ്. ഇതില്‍ നിസാര പരിക്കേറ്റ മൂന്നു പേരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.

പെട്രോളിയം കമ്പനിയായ അഡ്‌നോകിന്റെ മുസഫ ഐകാഡ് സിറ്റി മൂന്നിലെ സംഭരണശാലയ്ക്കു സമീപം തിങ്കളാഴ്ച രാവിലെ 9.50 ന് ആണ് സ്‌ഫോടനം ഉണ്ടായത്. മൂന്നു ടാങ്കറുകളിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളും നിറച്ചശേഷമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള വാഹനങ്ങളും നിര്‍ത്തിയിടുന്ന ട്രക് ടെര്‍മിനലിനു സമീപത്തായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. സംഭരണ കേന്ദ്രത്തിന് അല്‍പം അകലെ ആയതിനാലാണു കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരുന്നത്.

ഉടന്‍തന്നെ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഡിപോ അടച്ചു. വിമാനത്താവളത്തിനടുത്ത് നിര്‍മാണം നടക്കുന്ന പ്രദേശത്തും സ്‌ഫോടനമുണ്ടായി. ഇവിടെ ആളപായമില്ല. വിമാന സെര്‍വീസ് തടസപ്പെട്ടെങ്കിലും വൈകാതെ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഡ്രോണ്‍ പോലുള്ള വസ്തു പ്രദേശത്തു വീഴുകയും തീ പിടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

രണ്ടാഴ്ച മുന്‍പ് യുഎഇയുടെ ചരക്കുകപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തിരുന്നു. യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഊദി അറേബ്യ നേതൃത്വം നല്‍കുന്ന പോരാട്ടത്തില്‍ യുഎഇ പങ്കെടുത്തിരുന്നെങ്കിലും 2019 ല്‍ ഭാഗികമായി പിന്‍മാറിയിരുന്നു. മുന്‍പും അബൂദബിയിലും ദുബൈയിലും ആക്രമണം നടത്തിയതായി ഹൂതി വിമതര്‍ അവകാശപ്പെട്ടിരുന്നെങ്കിലും യുഎഇ അധികൃതര്‍ നിഷേധിച്ചിരുന്നു.

Keywords:  2 Indians, 1 Pakistani killed in blast from ‘drone attack’ in Abu Dhabi, Abu Dhabi, News, Blast, Malayalee, Accidental Death, Injured, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia