Atlas Ramachandran | 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകം പറഞ്ഞ് മലയാളിയുടെ മനസുകളിലേക്ക് നടന്നു കയറിയ മനുഷ്യസ്‌നേഹി; അറ്റ്‌ലസ് രാമചന്ദ്രന്‍ വിടവാങ്ങിയത് ഇന്‍ഡ്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കി
Oct 3, 2022, 08:47 IST
ദുബൈ: (www.kvartha.com) 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകം പറഞ്ഞ് മലയാളിയുടെ മനസുകളിലേക്ക് നടന്നു കയറിയ അറ്റ്‌ലസ് രാമചന്ദ്രന്‍ വിടവാങ്ങി. ജയില്‍ മോചിതന്‍ ആയിട്ടും ഇന്‍ഡ്യയിലേക്ക് മടങ്ങണം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ് ചെയര്‍മാനുമായ എം എം രാമചന്ദ്രന്‍ (അറ്റ്‌ലസ് രാമചന്ദ്രന്‍-80) വിവാങ്ങുന്നത്. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അനുഭവങ്ങളുടെ പാഠപുസ്തകം ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന എം എം രാമചന്ദ്രന്‍.
1942 ജൂലൈ 31ന് തൃശൂര്‍ ജില്ലയില്‍ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടെയും മകനായി ജനിച്ച അറ്റ്ലസ് രാമചന്ദ്രന്‍, വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം ബാങ്കിങ് മേഖലയിലേക്കെത്തി. കനറാ ബാങ്കിലും എസ്ബിടിയിലും ജോലി ചെയ്തു. പിന്നീട് നാട്ടിലെ ജോലി രാജിവച്ച് കുവൈതിലേക്ക്. അവിടെയും ബാങ്ക് ജോലി. വര്‍ഷങ്ങള്‍ക്ക് ശേഷം ബിസിനസ് രംഗത്തേക്ക് എത്തുകയായിരുന്നു.
കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈതില്‍ ജോലി ചെയ്യുമ്പോഴാണ് സ്വര്‍ണ കച്ചവടത്തിന്റെ സാധ്യതകളില്‍ എം എം രാമചന്ദ്രന്റെ കണ്ണുടക്കുന്നത്. അങ്ങനെയാണ് അറ്റ്‌ലസ് ജ്വല്ലറിയുടെ പിറവി. ഒപ്പം അറ്റ്‌ലസ് രാമചന്ദ്രന്റെയും.
കുവൈതിലെ സ്വര്‍ണ കച്ചവട രംഗത്ത് വളരെ പെട്ടെന്ന് തന്നെ അറ്റ്‌ലസ് സ്വന്തം മേല്‍വിലാസം ഉണ്ടാക്കി. പക്ഷേ ഗള്‍ഫ് യുദ്ധം അറ്റ്‌ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം. യുഎഇയില്‍ എത്തി എല്ലാം ഒന്ന് മുതല്‍ വീണ്ടും തുടങ്ങി. ഇതിനിടയ്ക്ക് സിനിമാ നിര്‍മ്മാണ മേഖലയിലും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈ പതിഞ്ഞു.
അങ്ങനെയാണ് വൈശാലിയും സുകൃതവും വാസ്തുഹാരയും പോലുള്ള മനോഹരമായ സിനിമകള്‍ മലയാളിക്ക് ലഭിക്കുന്നത്. ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലായിരുന്നു അദ്ദേഹം സിനിമകള്‍ നിര്‍മിച്ചതും വിതരണം ചെയ്തതും. കൗരവര്‍, ഇന്നലെ, വെങ്കലം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വിതരണ രംഗത്തും എത്തി. അറബിക്കഥ ഉള്‍പെടെ 14 സിനിമകളില്‍ അഭിനയിച്ച രാമചന്ദ്രന്‍ 2010 ല്‍ ഹോളിഡേയ്‌സ് എന്ന സിനിമ സംവിധാനം ചെയ്തു. കവിയും അക്ഷരശ്ലോക പണ്ഡിതനുമായ പിതാവില്‍ നിന്നാണ് അറ്റ്‌ലസ് രാമചന്ദ്രനും അക്ഷരശ്ലോകത്തിലുള്ള കമ്പം പകര്‍ന്നു കിട്ടുന്നത്.
ഗള്‍ഫിലും നാട്ടിലും ആയി ഒട്ടേറെ അക്ഷരശ്ലോക സദസുകള്‍ ആണ് അറ്റ്‌ലസ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. 2015 മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതത്തില്‍ പ്രതിസന്ധികളുടെ കാലഘട്ടം ആയിരുന്നു. ബിസിനസില്‍ തിരിച്ചടികള്‍ നേരിട്ടു.
വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബൈ കോടതി അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും അനഭവിക്കേണ്ടി വന്നു. പക്ഷേ എല്ലാത്തിനെയും പുതിയ അനുഭവ പാഠങ്ങളായി കണ്ട് വീണ്ടുമൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുമ്പോഴാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ വിട പറയുന്നത്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു രണ്ടു ദിവസമായി ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് ദുബൈയില്‍ നടക്കും. ഭാര്യ : ഇന്ദിര, മക്കള്‍: ഡോ.മഞ്ജു, ശ്രീകാന്ത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.