Rules | ഗള്‍ഫില്‍ നിന്ന് നാട്ടിലേയ്ക്ക് നിയമപരമായി സ്വര്‍ണം കൊണ്ടുവരാമോ, എങ്കിൽ എത്രമാത്രം അനുവദനീയമാണ്? അറിയാം വിശദമായി
● ഗൾഫിൽ സ്വർണത്തിന്റെ വില കേരളത്തേക്കാൾ കുറവാണ്.
● സ്വർണ ബാറുകൾ കൊണ്ടുവരുമ്പോൾ രേഖകൾ കാണിക്കണം.
● കൂടുതൽ സ്വർണം കൊണ്ടുവന്നാൽ കസ്റ്റംസ് നടപടികൾ നേരിടേണ്ടി വരും.
കെ ആർ ജോസഫ്
(KVARTHA) നമ്മുടെ നാട്ടിലെ പ്രധാനമാധ്യമങ്ങൾ എടുത്താൽ അതിൽ വരുന്ന വാർത്തകളിൽ ഏതെങ്കിലും ഒന്ന് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകളായിരിക്കും. ഇവിടുത്തെ പ്രതിപക്ഷവും ഭരണഭക്ഷവും ജനങ്ങളുടെ മുന്നിൽ നിരന്തരം ആവർത്തിക്കുന്ന ഒരു നാമവുമായിരിക്കുന്നു സ്വർണക്കടത്ത് എന്നത്. അതുകൊണ്ട് തന്നെ ഇത് ആബാലവൃദ്ധജനങ്ങൾക്കും സുപരിചിതവുമായിരിക്കുന്നു. വിദേശത്തുനിന്ന് പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ നിന്ന് ധാരാളം സ്വർണ്ണം വിമാനമാർഗ്ഗം ഇന്ത്യയിൽ എത്തുന്നുണ്ടെന്നാണ് വിവരം.
ഒരു നിശ്ചിത അളവ് വരെ സ്വർണം ഗൾഫിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ നിയമതടസ്സമില്ല. എന്നാൽ അതിന് മുകളിൽ ആയാൽ കൊണ്ടുവരുന്നവൻ അഴി എണ്ണും എന്ന് തീർച്ച. ഗള്‍ഫില്‍ നിന്ന് എത്ര സ്വര്‍ണ്ണം നാട്ടിലേക്ക് കൊണ്ടു വരാം? ഇത് പലർക്കും അറിവില്ലാത്ത ഒരു കാര്യവുമാണ്. അറിവുള്ളവർ നിരന്തരം സ്വർണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നതാണ് സത്യം. ഈ വിഷയത്തെക്കുറിച്ച് അറിവ് പകരുന്ന കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും നിശ്ചിത അളവില്‍ സ്വര്‍ണം കൊണ്ടു വരുന്നതിന് തടസ്സമില്ല. എന്നാല്‍ ഇതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഗള്‍ഫ് നാടുകളില്‍ കേരളത്തിനെയും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സ്വര്‍ണ്ണത്തിന് പൊതുവെ വില കുറവാണ്. നല്ല പരിശുദ്ധമായ സ്വര്‍ണ്ണവും ലഭിക്കും. കറന്‍സി വിനിമയത്തിലെ വ്യത്യാസം കൂടി കണക്കാക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് (എട്ട് ഗ്രാം) സൗദി അറേബ്യ, യു എ ഇ തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ കേരളത്തിലേതിനേക്കാള്‍ 4000 ത്തിനും 5000 ഇടയ്ക്ക് രൂപയുടെ കുറവ് മിക്കപ്പോഴും ഉണ്ടാകാറുണ്ട്.
ചിലപ്പോള്‍ ഇതിനേക്കാളും വിലക്കുറവും ഉണ്ടാകാം. ഇത് ചെറിയ വ്യത്യാസമല്ല. ഇത് തന്നെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണ്ണം വാങ്ങി വരാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ വിലക്കുറുള്ളതു കൊണ്ട് ഇഷ്ടം പോലെ സ്വര്‍ണ്ണം കൊണ്ടു വാരാന്‍ പറ്റില്ല. ഒരു പുരുഷന് പരമാവധി 50,000 രൂപയുടെയും സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണ്ണം ഡ്യൂട്ടി ഇല്ലാതെ തന്നെ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവരാം. ധരിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഉള്‍പ്പെടെയുള്ള കണക്കാണിത്. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണ്.
ഇന്ത്യക്കാരുടെ നിത്യോപയോഗ ആഭരണങ്ങളില്‍ ചെറിയ തൂക്കത്തിലുള്ള താലിമാലയും, പാദസരവും ഒന്നോ രണ്ടോ വളകളും മോതിരവും മറ്റും ഉള്‍പ്പെടുന്നതിനാല്‍ അനുവദിച്ച അളവ് സ്വര്‍ണ്ണത്തിന് പുറമെ ഇതൊക്കെ കൊണ്ടു വരാന്‍ ചിലപ്പോള്‍ നാട്ടിലെ എയര്‍ പോര്‍ട്ടില്‍ കസ്റ്റംസുകാര്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇത് ഒരു അവകാശല്ല. ഒന്ന് കണ്ണടയ്ക്കുന്നുവെന്ന് മാത്രം. നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പുറപ്പെടുന്ന യാത്രക്കാരന്‍ ധരിച്ചിരിക്കുന്നതോ, കൈയ്യിലുള്ളതോ ആയ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പ്രഖ്യാപിക്കുകയും നാട്ടിലെ എയര്‍പോര്‍ട്ട് കസ്റ്റംസ് ഡെസ്‌കില്‍ നിന്ന് എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്താല്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയ എല്ലാ സ്വര്‍ണ്ണാഭരണ ഉല്‍പ്പന്നങ്ങളും തിരിച്ചു നാട്ടിലേക്ക് വരുമ്പോള്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടും.
നാട്ടിലേക്ക് വരുമ്പോള്‍ വിദേശത്ത് നിന്ന് സ്വര്‍ണ്ണം വാങ്ങിയതിന്റെ രേഖകള്‍ കൈയ്യില്‍ കരുതുന്നത്. നല്ലതാണ്. ഇനി ഏതെങ്കിലും കാരണവശാല്‍ അനുവദിക്കപ്പെട്ട അളവിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം കൈയ്യിലുണ്ടെങ്കില്‍ അക്കാര്യം നാട്ടില്‍ എത്തുമ്പോള്‍ അവര്‍ പരിശോധന തുടങ്ങുന്നതിന് മുന്‍പ് തന്നെ കസ്റ്റംസുകാരെ ബോധ്യപ്പെടുത്തി നികുതി അടച്ചാല്‍ സ്വര്‍ണ്ണം വിട്ടു കിട്ടും. ഇത് വരെ പറഞ്ഞത് നികുതി അടയ്ക്കാതെ കൊണ്ടു വരാന്‍ പറ്റുന്ന സ്വര്‍ണ്ണത്തിന്റെ കണക്കാണ്. എന്നാല്‍ നികുതി അടച്ച് വിദേശത്ത് നിന്ന് സ്വര്‍ണ്ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയും.
ഒരു യാത്രക്കാരന് പരാമാവധി ഒരു കിലോഗ്രം വരെ സ്വര്‍ണ്ണമാണ് ഇങ്ങനെ കൊണ്ടു വരാനാകുക. ചുരുങ്ങിയത് 13 ശതമാനത്തോളം നികുതി നല്‍കേണ്ടി വരും. ആറ് മാസമോ, അതിലധികമോ വിദേശത്ത് കഴിഞ്ഞവര്‍ക്ക് മാത്രമേ ഇങ്ങനെ സ്വര്‍ണ്ണം കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. വിദേശത്ത് താമസിക്കുന്ന കാലാവധി ആറുമാസം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ 36 ശതമാനം വരെ ഡ്യൂട്ടി ഈടാക്കും. സ്വര്‍ണ്ണ ബാറുകളാണ് കൊണ്ടു വരുന്നതെങ്കില്‍ അതിന് മുകളില്‍ സീരിയല്‍ നമ്പറും, ഭാരവും, നിര്‍മ്മാതാവിന്റെ പേരും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം'.
സ്വർണ്ണവുമായി ബന്ധപ്പെട്ട് വലിയൊരു അറിവാണ് കുറിപ്പ് പകരുന്നത്. ഈ ലേഖനം കുടുതൽ പേരിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ. ഇതിനെക്കുറിച്ച് അറിവില്ലാത്ത പലർക്കും ഇത് ഉപകാരപ്പെടട്ടെ. സ്വർണ്ണം നല്ലതാണ്. പക്ഷേ, സ്വർണ്ണത്തെ തൊട്ടുള്ള കളി തീക്കളിയാകും എന്നും മനസിലാക്കുക.
#GoldImport #GulfToIndia #CustomsRules #NRI #DutyFreeGold #TravelTips