സൗദിയില്‍ ഒരുമാസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 111 ഇരട്ടി വര്‍ധനവ്; ഏപ്രില്‍ ഒന്നിന് രോഗികള്‍ 157, 26 ദിവസം പിന്നിട്ട ഏപ്രില്‍ 26ന് രോഗികളുടെ എണ്ണം 17,522; മരണ സംഖ്യയിലും വര്‍ധനവ്

 


റിയാദ്: (www.kvartha.com 27.04.2020) സൗദി അറേബ്യയില്‍ ഒരു മാസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 111 ഇരട്ടി വര്‍ധനവ്. ഏപ്രില്‍ ഒന്നിനു സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വെറും 157 മാത്രമായിരുന്നെങ്കില്‍ 26 ദിവസം പിന്നിട്ട ഏപ്രില്‍ 26ന് 17,522 എന്ന നിലയിലെത്തി. മരണ സംഖ്യയിലും വര്‍ധനവുണ്ട്. നേരത്തെ 16 പേര്‍ മരിച്ചിടത്ത് ഇപ്പോള്‍ 139 ആണ് മരണസംഖ്യ. 8.6 മടങ്ങു വരും ഇത്.

യുഎഇ (12.7 മടങ്ങ്), ഖത്തര്‍ (12), കുവൈത്ത് (9.7), ഒമാന്‍ (9.5), ബഹ്റൈന്‍ (4.6) എന്നിങ്ങനെയാണു മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ രോഗികളുടെ വര്‍ധന നിരക്ക്. യുഎഇയില്‍ ഏപ്രില്‍ ഒന്നിനു എട്ടുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഏപ്രില്‍ 26 ആകുമ്പോഴേക്കും മരണസംഖ്യ 76 ആയി. രോഗികളുടെ എണ്ണത്തില്‍ യുഎഇ (10,349 ), ഖത്തര്‍ ( 10, 287 )എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഗള്‍ഫില്‍ ആകെ രോഗികള്‍ 45,856. രോഗമുക്തി നേടിയത് 7,672. മരണം 263.

സൗദിയില്‍ ഒരുമാസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 111 ഇരട്ടി വര്‍ധനവ്; ഏപ്രില്‍ ഒന്നിന് രോഗികള്‍ 157, 26 ദിവസം പിന്നിട്ട ഏപ്രില്‍ 26ന് രോഗികളുടെ എണ്ണം 17,522; മരണ സംഖ്യയിലും വര്‍ധനവ്

കൊവിഡിനെ തുടര്‍ന്ന് സൗദി ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂവില്‍ മെയ് 13 വരെ ഇളവു വരുത്തി. എന്നാല്‍ മക്ക ഉള്‍പ്പെടെ നാല് നഗരങ്ങളിലെ 20 മേഖലകളില്‍ ഇളവില്ല. മറ്റിടങ്ങളില്‍ രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, നിര്‍മാണ, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ തുറക്കും. ബാര്‍ബര്‍ ഷോപ്പ്, ഹെല്‍ത്ത് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ബ്യൂട്ടി പാര്‍ലര്‍, തിയറ്റര്‍, വിനോദ കേന്ദ്രങ്ങള്‍, റസ്റ്റോറന്റ് എന്നിവ അനുവദിക്കില്ല. വിവാഹത്തിലും അനുശോചന പരിപാടിയിലും പരമാവധി അഞ്ചു പേര്‍ക്ക് മാത്രം പങ്കെടുക്കാം.

അതിനിടെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പോരാട്ടത്തിന് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് സൗദി അറേബ്യ. 90 ലക്ഷം കൊവിഡ് ടെസ്റ്റ് നടത്താന്‍ ചൈനയുമായി കരാറൊപ്പിട്ടു. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനാണ് ഞായറാഴ്ച 995 ദശലക്ഷം റിയാലിന്റെ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

ഈ ഉടമ്പടി അനുസരിച്ചാണ് രാജ്യത്ത് ഇത്രയും പരിശോധനാ കിറ്റുകള്‍ എത്തിക്കുന്നത്. ഇതിനുവേണ്ട സൗകര്യങ്ങളും ചൈനയില്‍ നിന്നുള്ള വിദഗ്ധ സംഘം തയാറാക്കും. അഞ്ഞൂറ് പേരുടെ വിദ്ഗധ സംഘമാണ് ചൈനയില്‍ നിന്നും സൗദിയിലെത്തുക. ഇതില്‍ ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുണ്ടാകും. വലിയ ആറ് റീജനല്‍ ലാബുകളും രാജ്യത്ത് കരാറിന്റെ ഭാഗമായി സ്ഥാപിക്കും.

ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താവുന്ന മൊബൈല്‍ ലബോറട്ടറികളും ഇതില്‍ പെടും. സൗദിയിലെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംഘം പരിശീലനം നല്‍കും. ദൈനംദിന പരിശോധനക്കും ഫീല്‍ഡ് പരിശോധനക്കുമാണ് ഇവരെ ഉപയോഗപ്പെടുത്തുക. എട്ടു മാസത്തിനുള്ളില്‍ സര്‍വം സജ്ജമാണെന്ന് ഉറപ്പു വരുത്തും.

സൗദി ജനസംഖ്യയുടെ 40 ശതമാനം ആളുകള്‍ക്ക് അതായത് ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ആകെ കോവിഡ് പരിശോധന നടത്തുക. അതില്‍ 90 ലക്ഷം പേര്‍ക്ക് ചൈനയുമായുള്ള കരാറിലൂടെ പരിശോധന പൂര്‍ത്തിയാക്കും. ബാക്കിയുള്ളവര്‍ക്ക് അമേരിക്ക, സ്വിറ്റ്സര്‍ലന്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും.

അതിനിടെ ദുബൈ മെട്രോ സര്‍വീസ് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു. ബസുകള്‍ പൂര്‍ണതോതില്‍ ഓടിത്തുടങ്ങി. മെട്രോയിലും ബസിലും ഒരു സീറ്റ് ഇടവിട്ട് ഇരിക്കണം. നിയന്ത്രണങ്ങളില്‍ ഇളവു വന്ന ആദ്യദിനമായഞായറാഴ്ച മെട്രോയില്‍ യാത്രക്കാര്‍ കുറവായിരുന്നു. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് തൊഴിലുടമകള്‍ക്കു ഖത്തര്‍ നിര്‍ദേശം നല്‍കി. ഇവിടെ കഴിഞ്ഞദിവസം രോഗികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത് - 929.

ഒമാനിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഒമാനില്‍ ഞായറാഴ്ച 93 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതര്‍ 1998 ആയി. രോഗ മുക്തരുടെ എണ്ണം 333 ആയി വര്‍ധിച്ചിട്ടുണ്ട്. മലയാളിയടക്കം പത്തുപേര്‍ മരിക്കുകയും ചെയ്തു. മരിച്ച പത്തുപേരും മസ്‌കത്തില്‍ ചികിത്സയിലിരുന്നവരാണ്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 60 പേരും വിദേശികളാണ്. പുതിയ രോഗികളില്‍ 54 പേരാണ് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളത്. ഇവിടെ മൊത്തം കൊവിഡ് ബാധിതര്‍ 1449 ആയി. രോഗമുക്തരുടെ എണ്ണം 218 തന്നെയാണ്.

തെക്കന്‍ ബാത്തിനയില്‍ 23 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. വടക്കന്‍ ബാത്തിനയില്‍ ആറുപേര്‍ക്കും തെക്കന്‍ ശര്‍ഖിയയിലും ദാഖിലിയയിലും മൂന്ന് പേര്‍ക്ക് വീതവും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് തൊഴിലുടമകള്‍ക്കു ഖത്തര്‍ നിര്‍ദേശം നല്‍കി. ഇവിടെ കഴിഞ്ഞദിവസം രോഗികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത് - 929.

യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ പുനരാരംഭിച്ചു

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന യു എ ഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഞായറാഴ്ച മുതല്‍ ഭാഗികമായി പുനരാരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ സേവനം പരിമിതമായിരിക്കും. മെയ് 31നകം കാലാവധി അവസാനിക്കുന്ന പാസ്പോര്‍ട്ടുകളുടെ പുതുക്കല്‍ പ്രക്രിയ മാത്രമാണ് ഇപ്പോള്‍ നടക്കുക.

ദുബൈ അല്‍ ഖലീജ് സെന്റര്‍, ദേര ബി എല്‍ എസ് കേന്ദ്രം, ഷാര്‍ജ മെയിന്‍ സെന്റര്‍, ഫുജൈറ ഐ എസ് സി, റാസല്‍ഖൈമ ബി എല്‍ എസ് എന്നിങ്ങനെ അഞ്ചു കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. info@blsindiavisa-uae.com എന്ന വിലാസത്തില്‍ അപ്പോയിന്‍മെന്റിന് അപേക്ഷിച്ച് ബുക്കിങ് ലഭിച്ചാല്‍ മാത്രം ഇവിടങ്ങളിലേക്ക് പുറപ്പെട്ടാല്‍ മതി.

അടിയന്തിര സാഹചര്യമാണെങ്കില്‍ passport.dubai@mea.gov.in എന്ന വിലാസത്തില്‍ പാസ്പോര്‍ട്ടിന്റെ കോപ്പിയും അടിയന്തിര ആവശ്യമെന്തെന്നും അറിയിക്കുക. അനുബന്ധ രേഖകളും സമര്‍പ്പിക്കുക. അറ്റസ്റ്റേഷന്‍ സേവനങ്ങളും അപ്പോയിന്‍മെന്റിനു ശേഷം ലഭ്യമാവുന്നതാണ്. 04-3579585 എന്ന നമ്പറിലോ ivsglobaldxb@gmail.com വിലാസത്തിലോ ആണ് ഇതിനായി അപേക്ഷിക്കേണ്ടത്.

Keywords:  Coronavirus cases rise in Arab countries, Riyadh, News, Health & Fitness, Health, Patient, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia