Cultural Festivities | ദമ്മാം തിളങ്ങി: നവയുഗസന്ധ്യയുടെ വർണക്കാഴ്ചകൾ
● മൈലാഞ്ചി മത്സരങ്ങളും ഫുഡ് ഫെസ്റ്റിവലും പുസ്തകപ്രദർശനവും മെഡിക്കൽ ക്യാമ്പും ഉത്സവത്തിന് മാറ്റ് കൂട്ടി.
● റുമി നസീമും നീതു ശ്രീവത്സനും കലാപരിപാടികൾക്ക് അവതാരകരായി.
● സാംസ്ക്കാരിക സദസ്സിൽ വെച്ച് ബിനോയ് വിശ്വത്തിന് നവയുഗം കാനം രാജേന്ദ്രൻ മെമ്മോറിയൽ അവാർഡ് സത്യൻ മൊകേരി സമ്മാനിച്ചു.
ദമാം: (KVARTHA) സൗദി അറേബ്യയിലെ പ്രവാസികൾക്ക് ഉത്സവമായി നവയുഗസന്ധ്യ 2024 ദമ്മാം സിഹാത്തിൽ അരങ്ങേറി. കളർ പെൻസിലുകളും ബ്രഷുകളും പിടിച്ച് കുട്ടികൾ സൃഷ്ടിച്ച കലാരൂപങ്ങളാൽ വേദി നിറഞ്ഞു. മൈലാഞ്ചി മത്സരങ്ങളും ഫുഡ് ഫെസ്റ്റിവലും പുസ്തകപ്രദർശനവും മെഡിക്കൽ ക്യാമ്പും ഉത്സവത്തിന് മാറ്റ് കൂട്ടി.
തുടർന്ന് അരങ്ങേറിയ കലാപരിപാടികൾ പ്രേക്ഷകരെ അമ്പരിപ്പിച്ചു. തിരുവാതിര, മാർഗ്ഗംകളി, ക്രിസ്തുമസ് കരോൾ, ഒപ്പന, ഗസൽ, ശാസ്ത്രീയ നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങൾ വേദിയിൽ അണിനിരന്നു. സുറുമി നസീമും നീതു ശ്രീവത്സനും കലാപരിപാടികൾക്ക് അവതാരകരായി.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ച സാംസ്കാരിക സദസ്സിൽ മുൻമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. ‘ഇന്ത്യയുടെ ആത്മാവ് അതിന്റെ നാനാത്വമാണ്’ എന്നും, ‘ഇന്ത്യ മരിക്കാതെയിരിക്കണമെങ്കിൽ ഇന്ത്യൻ സമൂഹത്തിന്റെ നാനാത്വം മരിക്കാതെയിരിയ്ക്കണം’ എന്നും ബിനോയ് വിശ്വം പറഞ്ഞു. അതിനായി പോരാടാൻ പ്രവാസലോകത്തെ ഇന്ത്യക്കാരും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭാരതത്തിന്റെ ആത്മാവ് അതിന്റെ നാനാത്വമാണെന്നും, അത് മനസ്സിലാക്കിയാണ് സമൂഹത്തിന്റെ ആ ബഹുസ്വരതയെ ഇല്ലാതാക്കി, ഭൂരിപക്ഷമതത്തിന്റെ ഏകത്വത്തിലേയ്ക്ക് കൊണ്ട് വരാൻ ജനാധിപത്യവിരുദ്ധ ശക്തികൾ ശ്രമിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എ യുമായ സത്യൻ മൊകേരി, കാനം രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കാതെ നിലപാടുകളെടുക്കുകയും, എടുക്കുന്ന നിലപാടുകളിൽ യാതൊരു പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ ഉറച്ചു നില്ക്കുകയും, ഇഛാശക്തിയോടെ അവ നടപ്പിലാക്കുകയും ചെയ്തിരുന്ന ഇടതുപക്ഷ ജനകീയ നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.
സാംസ്ക്കാരിക സദസ്സിൽ വെച്ച് ബിനോയ് വിശ്വത്തിന് നവയുഗം കാനം രാജേന്ദ്രൻ മെമ്മോറിയൽ അവാർഡ് സത്യൻ മൊകേരി സമ്മാനിച്ചു.
നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ പൊന്നാട അണിയിച്ചു. കേന്ദ്രകമ്മിറ്റി അംഗം ശ്രീകുമാർ കായംകുളം ക്യാഷ് അവാർഡ് സമ്മാനിച്ചു.
അവാർഡിനൊപ്പം ലഭിച്ച ക്യാഷ് പ്രൈസ് ആയ അൻപതിനായിരം രൂപ ബിനോയ് വിശ്വം, വയനാട് ദുരിതതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതായി പ്രഖ്യാപിച്ചു.
തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ഇല്യാസ് (യുവ ബിസിനെസ് സംരംഭകൻ) ജലീൽ കല്ലമ്പലം (സാമൂഹ്യസേവനം), കെ വെങ്കിടേശൻ (ജീവകാരുണ്യം), കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബ് (കായികം), ആതുരമേഖലയിൽ സുത്യർത്ഥ സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യന്മാർ, വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർ എന്നിവരെയാണ് ആദരിച്ചത്.
ബഷീർ വാരോട് (നവോദയ), അലികുട്ടി ഒളവട്ടൂർ (കെ എം സി സി), ബിജു കല്ലുമ്മല (ഒ.ഐ.സി.സി), ഹനീഫ അറബി (ഐ.എം.സി.സി) എന്നിവർ ചടങ്ങിൽ ആശംസപ്രസംഗം നടത്തി.
നവയുഗം രക്ഷധികാരി ഷാജി മതിലകം, പ്രമുഖ ജ്വവകാരുണ്യ പ്രവർത്തകയും നവയുഗം വൈസ് പ്രസിഡന്റുമായ മഞ്ചു മണിക്കുട്ടൻ, നവയുഗം ട്രഷർ സാജൻ കണിയാപുരം, സംഘാടക സമിതി രക്ഷധികാരി ഉണ്ണി മാധവം തുടങ്ങിയവർ സംബന്ധിച്ചു
ചിത്രരചന, കളറിംഗ്, കേക്ക് മേക്കിങ്, മെഹന്തി എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്കും, കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിന് നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ സ്വാഗതവും, സംഘാടകസമിതി ചെയർമാൻ ഗോപകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു.
നവയുഗസന്ധ്യയ്ക്ക് നവയുഗം നേതാക്കളായ ബിജു വർക്കി, നിസ്സാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, ഷിബുകുമാർ, ദാസൻ രാഘവൻ, ശരണ്യ ഷിബു, പദ്മനാഭൻ മണിക്കുട്ടൻ, ബിനുകുഞ്ഞു, ജാബിർ, സംഗീത ടീച്ചർ, ഷീബ സാജൻ, റിയാസ് മുഹമ്മദ്,സുശീൽ കുമാർ, സിയാദ് പള്ളിമുക്ക്, വേലുരാജൻ, സാബു, സുരേന്ദ്രൻ, ജിതേഷ്,മഞ്ചു അശോക്, അമീന റിയാസ്, മീനു അരുൺ,വിനീഷ് , വർഗ്ഗീസ്, നന്ദകുമാർ, രാജൻ കായംകുളം, ജോസ് കടമ്പനാട്,രവി ആന്ത്രോട്, നാസർ കടവിൽ, ഹുസൈന് നിലമേൽ, തമ്പാൻ നടരാജൻ, വിനോദ് കുഞ്ഞു അനസ്, ആദർശ്, ഷെന്നി, ലാലു ദിവാകരൻ ജയേഷ് എന്നിവർ നേതൃത്വം നൽകി.
#NavayugaSandhya #CulturalFestival #Dammam #Kerala #Awards #FoodFestival