ഗിന്നസ് റെക്കോര്‍ഡിനായി ദുബൈയില്‍ ടെന്നീസ് മാരത്തണ്‍ സംഘടിപ്പിക്കുന്നു

 


ദുബൈ: (www.kvartha.com 01.10.2015) ഗിന്നസ് റെക്കോര്‍ഡിനായി ദുബൈയില്‍ ടെന്നീസ് മാരത്തണ്‍ സംഘടിപ്പിക്കുന്നു. 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ടെന്നിസ് മാരത്തണ്‍ ദുബൈയിലെ ഷെരീഫ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ആണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 13,14 തിയതികളില്‍ ദുബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടല്‍ ടെന്നീസ് കോര്‍ട്ടുകളിലാണ് മത്സരം നടക്കുന്നത്.

പ്രമുഖ കമ്പനികളെ പ്രതിനിധീകരിച്ച് നിരവധി ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു ടീമില്‍ 12 പേര്‍ അടക്കം 72 ലേറെ കളിക്കാര്‍ പ്രദര്‍ശനമത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഷെരിഫ് ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ സ്ട്രാത് ഷെരിഫ് പറഞ്ഞു. ലോകത്ത് ആദ്യമായിട്ടായിരിക്കും ഇത്തരമൊരു  ടെന്നിസ് മാരത്തണ്‍ അരങ്ങേറുന്നതെന്നും ടൂര്‍ണമെന്റ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നും സംഘാടകര്‍ അവകാശപ്പെട്ടു.

ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പിന്തുണയോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. ദുബൈക്കാര്‍ക്കിടയില്‍ ടെന്നിസിനോടുള്ള താല്‍പര്യം വര്‍ധിച്ചുവരികയാണെന്നും ലോക റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ മുഴുവന്‍ കളിക്കാര്‍ക്കും ടൂര്‍ണമെന്റിലൂടെ അവസരം ലഭിക്കുകയാണെന്നും വെറാസിറ്റി വേള്‍ഡ് മാനേജിങ് ഡയറക്ടര്‍ വിപിന്‍ ശര്‍മ പറഞ്ഞു. ടെന്നീസ് അക്കാദമി പരിശീലക സംഘമായിരിക്കും ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുക.

നവംബര്‍ 13 ന് ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കുന്ന മത്സരം പിറ്റേന്ന് ഒരു മണിക്കായിരിക്കും അവസാനിക്കുക. 2013ലെ വിംബിള്‍ഡണ്‍ ചാംപ്യന്‍ മാറിയോന്‍ ബര്‍ടോലി പരിപാടിയില്‍ സംബന്ധിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും www.24hourtennismarathon.com എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിതു തവ്‌ദെ, മാര്‍ട്ടിന്‍ മാക് ഹഗ്, സ്ട്രാത് ഷെരിഫ്, വിപിന്‍ ശര്‍മ, ജോര്‍ജ് ബഷാറ, നാസര്‍ അല്‍ മര്‍സൂഖി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഗിന്നസ് റെക്കോര്‍ഡിനായി ദുബൈയില്‍ ടെന്നീസ് മാരത്തണ്‍ സംഘടിപ്പിക്കുന്നു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia