Development | ദുബൈ എക്സ്പോ സിറ്റിയിൽ ഒരു പുത്തൻ നഗരത്തിന്റെ ഉദയം; 1000 കോടി ദിർഹത്തിൻ്റെ സമഗ്ര വികസന പദ്ധതികൾ പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ്
● 35000 പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കും.
● 40000 പ്രൊഫഷനലുകൾക്ക് തൊഴിലവസരം ലഭിക്കും.
● ഡിപി വേൾഡിന്റെ ആഗോള ആസ്ഥാനം എക്സ്‌പോ സിറ്റിയിലേക്ക് മാറ്റും.
ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) എക്സ്പോ സിറ്റിയിൽ 1000 കോടി ദിർഹത്തിൻ്റെ സമഗ്ര വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്സ്പോ 2020നും യുഎൻ കാലാവസ്ഥ ഉച്ചകോടിക്കും വേദിയായ എക്സ്പോ സിറ്റിയുടെ മുഖഛായ മാറ്റുന്നതാണ് സമഗ്രമായ വികസന പദ്ധതി. വികസനത്തിൻ്റെ ഭാവി രൂപമായിരിക്കും പുതിയ പദ്ധതിയെന്നു ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
3.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മാസ്റ്റർ പ്ലാനിൽ വാണിജ്യ, പാർപ്പിട സമുച്ചയങ്ങളും രാജ്യാന്തര എക്സിബിഷൻ സെന്ററും ഉൾപ്പെടും. കൂടാതെ, ഈ പദ്ധതിയിലൂടെ 35000 പാർപ്പിട സമുച്ചയങ്ങളും 40000 പ്രൊഫഷനലുകൾക്ക് തൊഴിലിടവും ഉറപ്പാക്കും. അതോടൊപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേൾഡിന്റെ രാജ്യാന്തര ആസ്ഥാനവും ഇവിടേക്കു മാറ്റും.
ദുബൈ സൗത്തിൻ്റെ മൊത്തം വികസനത്തിനു എക്സ്പോ സിറ്റി മാസ്റ്റർ പ്ലാൻ സഹായകരമാകും. ആൽ മക്തൂം വിമാനത്താവളം, ജബൽ അലി തുറമുഖം, ദുബൈ എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാമെന്നത് എക്സ്പോ സിറ്റിക്ക് ഗുണകരമാകും.
ദുബൈയുടെ ലോജിസ്റ്റിക് ഇടനാഴിയായ ജബൽ അലിക്കു സമീപത്തേക്ക് ഡിപി വേൾഡിൻ്റെ ആഗോള ആസ്ഥാനം സ്ഥാപിക്കുന്നത് എക്സ്പോ സിറ്റിയുടെ പ്രാധാന്യം രാജ്യാന്തര തലത്തിൽ എത്തിക്കും. ജബൽ അലി തുറമുഖം, മക്തൂം എയർപോർട്ട് എന്നിവയെ ബന്ധിപ്പിച്ചു ചരക്കു നീക്കത്തിൻ്റെ പുതിയ ഇടനാഴി വരുന്നതോടെ യാത്രാ സമയം ഒരുമണിക്കൂറിൽ താഴെയാകും.
#DubaiExpoCity #DubaiDevelopment #UAE #RealEstate #Investment #SustainableCity