Salary | ദുബൈ ഗവ. ജീവനക്കാർക്ക് സന്തോഷ വാർത്ത; ജൂൺ മാസത്തെ ശമ്പളം ജീവനക്കാർക്ക് നേരത്തെ ലഭിക്കും; ഉത്തരവിട്ട് ദുബൈ കിരീടവകാശി
/ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) ബലിപെരുന്നാളിന് മുന്നോടിയായി ദുബൈ ഗവൺമെൻ്റ് ജീവനക്കാർക്ക് ജൂണിലെ ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ടു. സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളം ജൂൺ 13ന് നൽകണമെന്നാണ് ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിറക്കിയിരിക്കുന്നത്. ഇത് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സന്തോഷം നൽകുന്നതാകുമെന്നും ബലിപെരുന്നാളിന്റേതായ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
റമദാനിലും സർക്കാർ ജീവനക്കാർക്ക് ഇത്തരത്തിൽ നേരത്തെ ശമ്പളം നൽകിയിരുന്നു. അതേസമയം ബലിപെരുന്നാളിനായി വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. അബുദബിയിൽ മൃഗങ്ങളെ അറുക്കാൻ നിയുക്ത അറവുശാലകൾ ഉപയോഗിക്കണമെന്ന് അബുദബി സിറ്റി മുനിസിപ്പാലിറ്റി നിർദേശിച്ചു. തിരക്ക് പരിഗണിച്ച് രാവിലെ ആറ് മുതൽ വൈകിട്ട് 5.30 വരെ അറവുശാലകൾ തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂൺ 16ന് ഞായറാഴ്ചയാണ് ബലിപെരുന്നാള്‍. 15 ന് ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫ സംഗമം നടക്കുക. ഒമാനില്‍ വ്യാഴാഴ്ച ദുല്‍ ഹിജ്ജ മാസപ്പിറവി കാണാത്തതിനാല്‍ വെള്ളിയാഴ്ച ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ബലിപെരുന്നാള്‍ ഈ മാസം 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. യുഎഇ നിവാസികൾക്ക് ഈദുൽ അദ്ഹയ്ക്ക് അഞ്ച് ദിവസം വരെ അവധി ലഭിക്കും.
ദുൽഹിജ്ജ മാസത്തിന്റെ പത്താം ദിവസമാണ് ഈദുൽ അദ്ഹ ആഘോഷിക്കുന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ സ്മരണയാണ് ഈ പെരുന്നാൾ. അല്ലാഹുവിന്റെ കൽപന അനുസരിച്ച് സ്വന്തം മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ത്യാഗം ഈദ് അൽ അദ്ഹയിൽ സ്മരിക്കപ്പെടുന്നു.
പരീക്ഷണത്തിൽ വിജയിച്ച ഇബ്രാഹിം നബിക്ക് പകരം മറ്റൊരു മൃഗത്തെ ബലി നൽകാനുള്ള അനുമതി ലഭിക്കുകയായിരുന്നു. ഇതിന്റെ ഓർമയ്ക്കായാണ് ബലിയർപ്പിക്കുന്നത്.