കോവിഡിൽപെട്ട പ്രവാസികൾ; സംഘടനകൾ ചെയ്‌തതും ചെയ്യേണ്ടതും

 


ഇ കെ ദിനേശൻ

(www.kvartha.com 18.08.2021) കോവിഡിൻ്റെ സമാനതകളില്ലാത്ത ജീവഹാനിയിൽ എല്ലാ വിഭാഗം ജനങ്ങളും അകപ്പെട്ടിട്ടുണ്ട്. ആരംഭത്തിൽ മരണപ്പെട്ടവരിൽ ധനികരും ദരിദ്രരും ഉണ്ട്. മെഡിക്കൽ നിർവ്വചനങ്ങളിൽ പല തരത്തിലുള്ള ജീവിത ശൈലി രോഗത്തിന് അടിമപ്പെട്ടവരെ കോവിഡ് പെട്ടന്ന് മരണത്തിലേക്ക് കൊണ്ടുപോയി. അത്തരം ജീവിത ശൈലി രോഗത്തിൻ്റെ പിടിയിലാണ് രണ്ടും മൂന്നും പതിറ്റാണ്ട് പിന്നിട്ട പ്രവാസികൾ. കോവിഡിൻ്റെ ഒന്നാം തരംഗത്തിൽ ഗൾഫ് രാജ്യങ്ങളിൽ മരിച്ച ഏഴുപത് ശതമാനം പ്രവാസികളും പല രോഗങ്ങൾക്കും വിധേയപ്പെട്ടവരാണ്. എന്നു മാത്രമല്ല, അവരുടെ ജോലിയുടെ സ്വഭാവവും ആ രീതിയിലാണ്.

കോവിഡിൽപെട്ട പ്രവാസികൾ; സംഘടനകൾ ചെയ്‌തതും ചെയ്യേണ്ടതും

രാത്രി പന്ത്രണ്ട് മണിക്ക് ജോലി കഴിഞ്ഞ് രണ്ട് മണിക്ക് ഉറങ്ങുന്നവർ. വീണ്ടും കാലത്ത് എഴുന്നേൽക്കേണ്ടവർ. ഇത്തരം ജീവിതരീതി വർഷങ്ങളായി തുടരുന്നവർക്ക് ശരീരിക പ്രതിരോധശേഷി കുറയുക സാധാരണമാണ്. ഇതൊക്കെ ഏറെക്കുറെ പ്രവാസികൾക്ക് അറിയാവുന്ന കാര്യങ്ങളാണ്. എന്നാൽ അവരുടെ ജന്മനാടിന് എത്രകണ്ട് ഇത്തരം വിഷയങ്ങളിൽ ശ്രദ്ധയുണ്ട് എന്നറിയില്ല. പ്രവാസികൾ അവരുടെ കുടുംബങ്ങളൊടു പോലും ഇത്തരം വിഷയങ്ങൾ പങ്ക് വെയ്ക്കാറില്ല. അത്തരത്തിലുള്ള പല പ്രവാസി കുടുംബങ്ങളും അവരുടെ പ്രിയപ്പെട്ടവർ നൽകിയ വിയോഗങ്ങളുടെ വേദനയിലാണ്. ഒപ്പം ജീവിത പ്രയാസങ്ങളിലും.

ഇങ്ങനെ പ്രയാസപ്പെടുന്ന പ്രവാസി കുടുംബങ്ങളെക്കുറിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ ക്യതമായ കണക്കില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള കേരളത്തിൽ പോലും. എന്നാൽ കേരളത്തിൽ നിന്നുള്ള എം പി പി വി അബ്ദുൾ വഹാബ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കെ മുരളീധരൻ നൽകിയ മറുപടി പ്രകാരം 3570 പേരാണ് കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ചത്. അതിൽ ഗൾഫിൽ മാത്രം 3280 പേരാണ്. എന്നാൽ 6000-ത്തോളം പേർ മരണപ്പെട്ടതായി ഈ മേഖലയിലുള്ളവരുടെതായി കണക്കിൽ പറയുന്നു.

മന്ത്രിയുടെ കണക്ക് പ്രകാരം സൗദിയിൽ 1154- യു എ ഇ 894 കുവൈറ്റ് 546 ഒമാൻ 384 ബഹ്റെയിൻ 196 ഖത്തർ 106 എന്നാണ്. ഇതിലും എത്രയോ കൂടുതലാണ് മരണങ്ങൾ. ആ കണക്ക് സർക്കാറിൻ്റെ വശം ഇല്ലെങ്കിലും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അറിയാം. തദ്ദേശ സ്വയംവരണ സ്ഥാപനങ്ങൾ വഴി അത്തരം കണക്കുകൾ ഇനിയെങ്കിലും സർക്കാർ ശേഖരിക്കണം. സുപ്രി കോടതി വിധി പ്രകാരം കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ നഷ്ടപരിഹാര കണക്കിൽ നിന്ന് ഒരു പ്രവാസി കുടുംബത്തെ പോലും മാറ്റി നിർത്താൻ പാടില്ല. ഈ വിഷയം ഉൾപ്പെടെ പ്രവാസി സംഘടനകൾ ഒന്നിച്ച് നിന്ന് പ്രവർത്തിക്കേണ്ട സമയമാണിത്.

കോവിഡ് ബാധിച്ച് മരണപ്പെട്ട പല പ്രവാസികളും അതാത് കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു. ഭക്ഷണം മുതലുള്ള എല്ലാ കാര്യങ്ങളും നിറവേറ്റപ്പെട്ടത് ഗൾഫിൽ നിന്ന് എത്തിയ പണം കൊണ്ടാണ്. അങ്ങനെയുള്ള വ്യക്തികളുടെ അഭാവം കുടുംബങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചിരിക്കുകയാണ്. നിലവിൽ റേഷൻ കാർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് പ്രവാസി കുടുംബങ്ങൾ അർഹരല്ല. ഈ പശ്ചാത്തലത്തിലാണ് മരണപ്പെട്ട പ്രവാസി കുടുംബങ്ങളുടെ അതിജീവനത്തിൽ സർക്കാറും പൊതു സമൂഹവും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത്.

സർക്കാർ എങ്ങനെ ഇടപെടണം

കോവിഡിൻ്റെ ആഘാതം സമൂഹത്തിലെ എല്ലാ തരത്തിലുള്ള ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. അപ്പോൾ പ്രവാസികൾക്ക് മാത്രമായി എന്ത് പരിഗണനയാണ് നൽകുക എന്നത് ന്യായമായ ചോദ്യമാണ്. എന്നാൽ എല്ലാ വിഭാഗം ജനങ്ങളെ പോലെയല്ല കേരളത്തിലെ 25 ലക്ഷത്തോളം വരുന്ന പ്രവാസികൾ ഉൾപ്പെട്ട കുടുംബങ്ങൾ. ഭൂരിപക്ഷ കുടുംബങ്ങളും വർഷങ്ങളായി ഗൾഫിലെ പ്രവാസിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അത്തരം പ്രവാസി പണം കേരളത്തിൻ്റെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ഇടപെടൽ 30 ശതമാനമാണ്.

നിലവിൽ അതിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ തുക ഇതുവരെ കേരളത്തിൻ്റെ സാമ്പത്തിക സാമുഹിക മേഖലകളിൽ ചെലുത്തിയ സ്വാധീനങ്ങൾ അംഗീകരിക്കപ്പെട്ടതാണ്. ഇതൊരു പരിഗണനയായി സർക്കാർ കരുതണം. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങളെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പഠനവിഷയമാക്കണം. അതിൽ പ്രവാസിയുടെ വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന കുടുംബങ്ങൾക്ക് ചില പദ്ധതികൾ പ്രഖ്യാപിക്കണം. വീടില്ലാത്തവർക്ക് ഭവന സഹായങ്ങൾ നൽകണം, വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ മറ്റ് അനുകൂല്യങ്ങൾ ലഭിക്കാത്തവർക്ക് പ്രവാസി സ്കോളർഷിപ്പ് നൽകണം, പെൻഷൻ പദ്ധതിയിൽ ചേരാൻ കഴിയാതെ പോയവരുടെ കുടുംബങ്ങളെ അത്തരം പദ്ധതിയിൽ ഉൾപ്പെടുത്തി പെൻഷൻ നൽകണം.

പി എസ് സി ലീസ്റ്റിൽ ഉൾപ്പെട്ട മരണപ്പെട്ട പ്രവാസികളുടെ മക്കൾക്ക് ജോലിയിൽ പ്രത്യേക പരിഗണന നൽകണം. നിലവിലെ സാഹചര്യം ദീർഘകാലം തുടരാനുള്ള സാഹചര്യത്തിൽ നാട്ടിലെ പ്രവാസി കുടുംബങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവാസി കുടുംബശ്രീ പദ്ധതി നടപ്പാക്കണം. അതു വഴി ചെറുകിട ഉൽപ്പാദന യൂണിറ്റുകൾക്ക് ഗ്രേറ്റ് നൽകിയുള്ള സാമ്പത്തിക സഹായം നൽകണം, വിദ്യാഭ്യസ കാര്യത്തിൽ സ്വാശ്രയ കോളേജിൽ പഠിക്കേണ്ടി വരുന്ന കുട്ടികളുടെ പഠന ചിലവിൽ സർക്കാർ സഹായങ്ങൾ നൽകണം. മരണപ്പെട്ട പല പ്രവാസികൾക്കും അവർ ജോലി ചെയ്ത കമ്പനികളിൽ നിന്ന് അർഹമായ സാമ്പത്തിക സഹായങ്ങൾ കിട്ടിയില്ലെങ്കിൽ അത്തരം വിഷയങ്ങളിലുള്ള പരാതി എംബസി വഴി സ്വീകരിച്ച് പരിഹാരം കാണാൻ ഇടപെടണം. ഇങ്ങനെയുള്ള കാര്യങ്ങളുടെ പ്രായോഗികതയെക്കുറിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കണം.

പ്രവാസ സംഘടനകളുടെ ഇടപെടൽ

കോവിഡ് സാഹചര്യത്തിൽ ഗൾഫിലെ മലയാളി സംഘടനകൾക്ക് എന്ത് ധർമ്മമാണ് നിർവ്വഹിക്കാനുള്ളത്.? അത് ആശ്വാസ പ്രവർത്തനങ്ങളിലോ ജീവകാരുണ്യ പ്രവർത്തനങ്ങളിലോ ഒതുങ്ങി നിൽക്കേണ്ടതല്ല. ഇത്തരം പ്രവർത്തനങ്ങളാണ് പ്രവാസി സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. അതിനെ മാറ്റി എഴുതുക എന്നതാണ് കോവിഡ് കാലത്ത് പ്രവാസി സംഘടനകൾക്ക് ചെയ്യാനുള്ളത്. അത് ഏത് രീതിയിലായിരിക്കണം എന്നതുകൂടി സമകാലീനാവസ്ഥയിൽ ചർച്ച ചെയ്യേണ്ടതുണ്ട്. അതാകട്ടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവാസി സംഘടന എന്നർത്ഥത്തിലാവരുത്.

അങ്ങനെ വരുമ്പോൾ പ്രവാസി വിഷയങ്ങളിൽ അധികാര വർഗ്ഗ താത്പര്യങ്ങൾ പ്രകടമായി പ്രത്യക്ഷപ്പെടും. അതോടെ നിലവിൽ പ്രവാസി സമൂഹം അനുഭവിക്കുന്ന വിഷങ്ങളെ കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് വ്യഖ്യാനിക്കാൻ തുടങ്ങും. ഭരണപക്ഷ പാർട്ടികൾ സർക്കാറിന് വേണ്ടി വാദിക്കുപ്പോൾ പ്രതിപക്ഷ പാർട്ടികൾ അതിലെ പോരായ്മകൾ തേടി പിടിച്ച് വിമർശിക്കും. സത്യത്തിൽ പ്രവാസി സമുഹത്തിന് വേണ്ടത് തങ്ങൾ കോവിഡ് കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത വിഷയങ്ങളിൽ ക്യത്യമായ ഇടപെടലുകളാണ്. അങ്ങനെ വല്ലതും നടക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

പല ഗൾഫ് രാജ്യങ്ങളിലും കോവിഡിൻ്റെ തുടക്കത്തിൽ നോർക്ക നല്ല രീതിയിലുള്ള ഇടപെടൽ നടത്തിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ പ്രവാസികളുടെ ആവശ്യം കോവിഡ് ബാധയുമായി ബന്ധപ്പെട്ടതായിരുന്നു.രണ്ടാം ഘട്ടത്തിൽ രോഗ വ്യാപനം നിലനിൽക്കുന്നുണ്ടെങ്കിലും പ്രവാസികളുടെ ആവശ്യം യാത്ര, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്. യു എ ഇയിലും സൗദിയിൽ നിന്നു മാത്രമായി 12 ലക്ഷത്തോളം പ്രവാസികൾ നാട്ടിൽ എത്തിയിട്ടുണ്ട്. ഇതിൽ വലിയ വിഭാഗത്തിന് ഗൾഫിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. അനിശ്ചിതമായി യാത്ര മുടങ്ങിക്കിടക്കുമ്പോൾ പ്രവാസി സംഘടനകൾക്ക് ചെയ്യാനുള്ളത് നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ വഴി കേന്ദ്ര-സംസ്ഥാന സർക്കാറിൽ ഇടപെടുക എന്നതാണ്.

എന്തുകൊണ്ട് അത് സാദ്ധ്യമാവുന്നില്ല.? അതിന് കാരണം, ഭരണകക്ഷികളുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാൻ കഴിയാത്തതാണ് എന്ന വിമർശനം ഉയർന്നു വരുന്നുണ്ട്. അതേ സമയം ബി - ജെ പി അനുകൂല പ്രവാസി സംഘടനകൾക്ക് ആണ് ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുക. ഗൾഫിലെ പ്രവാസി വിഷയങ്ങൾ പലതും നയതന്ത്രതലത്തിൽ ഇടപെട്ട് നിർവ്വഹിക്കേണ്ടതുകൊണ്ട് പ്രശ്നങ്ങളെ കൃത്യമായി അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ബി ജെ പി അനുകൂല സംഘടനകൾക്ക് ആണ്. ആ രീതിയിലുള്ള ഇടപെടൽ നടത്താനുള്ള സംഘടനാ സംവിധാനങ്ങൾ എത്രമാത്രം അവർക്ക് ഉണ്ട് എന്നതും ചിന്തിക്കേണ്ടതുണ്ട്.

ഗൾഫിൽ ഏറ്റവും ആഴത്തിൽ വേരോട്ടമുള്ള സംഘടനയാണ് കെ എം സി സി. ഒന്നാം കോവിഡ് തരംഗ കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനമാണ് യു എ ഇ യിൽ അവർ കാഴ്ചവെച്ചത്. അന്നത്തെ ഇടപെടൽ പ്രവാസികളുടെ മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ മുൻനിർത്തിയായിരുന്നു. ആ ഘട്ടത്തിൽ കോൺഗ്രസ്സിൻ്റേതടക്കം ചെറുതും വലുതുമായ എല്ലാ സാമൂഹിക, സാംസ്ക്കാരിക, സാമൂദായിക ഘടനകളും ഇത്തരം പ്രവർത്തനങ്ങളിൽ രാപ്പകൽ ഭേദമന്യേ ഇടപെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ആവശ്യം അത്തരം ഇടപെടൽ അല്ല. അതു കൊണ്ടു തന്നെ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി പോഷക സംഘടനകൾ ഇക്കാലത്ത് ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. അത് എത്രമാത്രം നടക്കുന്നുണ്ട് എന്നുകൂടി അന്വേഷിക്കേണ്ടതുണ്ട്.

പ്രവാസികളുടെ പല വിഷയങ്ങളും പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടുന്നത് പ്രസ്ഥാനങ്ങളുടെ ഇടപെടലിനെക്കാൾ വ്യക്തികളുടെ ഇടപെടൽ കൊണ്ടാണ്. വർഷങ്ങളായുള്ള പ്രവാസി വോട്ടിൻ്റെ കാര്യത്തിൽ കോടതി വിധി ഉണ്ടാകുന്നത് പ്രവാസിയായ ഷംസീർ വയലിൽ കോടതിയെ സമീപിച്ചപ്പോൾ ആണ്. കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസികൾക്ക് ധനസഹായം നൽകണമെന്ന് ആവശ്യം കോടതിയിൽ ഉന്നയിച്ചത് അഡ്വ. ആഷിക്ക് ഉൾപ്പെടെയുള്ളവരാണ്. ഇങ്ങനെ പല വിഷയത്തിലും പ്രവാസി സംഘടനകൾക്ക് ഒറ്റ ഫ്ലാറ്റ്ഫോമിൽ നിന്നു കൊണ്ട് വിഷയത്തെ സമീപിക്കാൻ കഴിയാത്തത് കാരണം, ഉണ്ടാക്കുന്ന നഷ്ടങ്ങൾ ചെറുതല്ല. ഇത് കോവിഡ് കാലത്ത് എങ്കിലും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. ആ തിരിച്ചറിവ് പ്രവാസികൾക്ക് ഉണ്ടാകുന്ന കരുത്ത് ചെറുതായിരിക്കില്ല.

കോവിഡ്, ഒന്നിപ്പിൻ്റെ രാഷ്ട്രീയം.

സമാനതകളില്ലാത്ത അരക്ഷിതാവസ്ഥയിലൂടെയാണ് പ്രവാസി സമുഹം കടന്നു പോകുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന യാത്ര വിലക്ക്, തൊഴിൽ നഷ്ടം, ശമ്പളത്തിൽ ഉണ്ടാകുന്ന കുറവ്. ഇത്തരം അവസ്ഥകൾ പലരുടെയും കുടുംബ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യത്തിൽ എത്തിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ നാട്ടിൽ എത്തിയ കുടുംബങ്ങളും വ്യക്തികളും അതിജീവന വഴിയിൽ സ്തംഭിച്ചു നിൽക്കുകയാണ്. കോവിഡ് സമുഹത്തിലെ ഭൂരിപക്ഷം ജനങ്ങളെയും തളർത്തി കിടത്തുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രമായ പരിഗണന എളുപ്പത്തിൽ സാദ്ധ്യമാകുന്നതല്ല. അതിനെ സാദ്ധ്യമാക്കേണ്ടതിൻ്റെ ഉത്തരവാദിത്വമാണ് പ്രവാസി സംഘടനകൾക്ക് ഉള്ളത്. അതിനായി പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയ വിധേയത്വങ്ങൾ മാറ്റി പ്രവാസി വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ സംഘടനകൾക്ക് കഴിയണം.

ഏറെക്കുറെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രവാസി സംഘടനകൾ ഉണ്ട്. ഇതിൽ ഭരണകക്ഷി സംഘടനകൾ സർക്കാറിന് അനുകൂലമായി നിൽക്കുന്ന സാമ്പ്രദായിക രീതി മാറണം. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും കൃത്യമായി സർക്കാറിന് മുമ്പിൽ അവതരിപ്പിക്കാൻ കഴിയണം. തിരിച്ചെത്തിയ പ്രവാസികൾക്ക് തൊഴിൽ നൈപുണ്യത്തിൻ്റെ അടിസ്ഥാനത്തിലുള്ള പരിഗണന നൽകണം. കുട്ടികളുടെ തുടർപഠനത്തിന് അനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കണം. ഇത്തരം പ്രധാന വിഷയങ്ങൾ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവാസി സംഘടനകളെ കൂടി പങ്കെടുപ്പിച്ച് പൊതുവേദി ഉണ്ടാക്കാൻ കഴിയണം. പ്രവാസികളുടെ സമകാലീന വിഷയങ്ങളിൽ ഒന്നിച്ചു നിന്നുള്ള പ്രവർത്തനങ്ങൾക്കേ എന്തെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന തിരിച്ചറിവിൽ ഇനിയെങ്കിലും പ്രവാസി സംഘടനകൾ എത്തിച്ചേരണം.

Keywords: Article, COVID-19, Corona, Kerala, Government, Politics, Organisation, Gulf, Lockdown, Flight, Country, State, Ministers, Expatriates in the covid case; Intervention of organizations.   < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia