Dubai Police | 'സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ്, ഉംറ പാക്കേജുകൾ'; തട്ടിപ്പ് സംഘത്തെ പിടികൂടി ദുബൈ പൊലീസ്


● കുറഞ്ഞ വിലയും എളുപ്പമുള്ള പണമിടപാടും വാഗ്ദാനം ചെയ്തു.
● പണം ലഭിച്ച ശേഷം ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു പതിവ്.
● വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കിയതായും കണ്ടെത്തൽ.
● 2023-ൽ ഷാർജയിലും സമാന തട്ടിപ്പ് നടന്നിരുന്നു.
● അംഗീകൃത ഏജൻസികളെ മാത്രം ആശ്രയിക്കാൻ അഭ്യർത്ഥന.
ദുബൈ: (KVARTHA) സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ്, ഉംറ പാക്കേജുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഘത്തെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു . കുറഞ്ഞ വിലയും എളുപ്പത്തിലുള്ള ബാങ്ക് ട്രാൻസ്ഫർ സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ സംഘം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, യാത്രയ്ക്കായി പണം അടച്ചുകഴിഞ്ഞാൽ പരാതിക്കാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്ത് പണവുമായി മുങ്ങുകയായിരുന്നു ഇവരുടെ പതിവ് രീതിയെന്ന് പൊലീസ് പറഞ്ഞു.
ഒരിക്കലും നടക്കാത്ത യാത്ര പാക്കേജുകൾ വാഗ്ദാനം ചെയ്യാനായി വ്യാജമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഈ സംഘം നിർമ്മിച്ചിരുന്നതായി പോലീസ് കണ്ടെത്തി. അറസ്റ്റിലായ സംഘത്തിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, 2023ൽ ഷാർജ കേന്ദ്രീകരിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഒരു സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എ.ഇയിലെ 150 നിവാസികളിൽ നിന്നായി 30 ലക്ഷം ദിർഹമാണ് ഇയാൾ തട്ടിയെടുത്തത്. വ്യാപകമായ പരാതികളെത്തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പലരും മുഴുവൻ പണവും മുൻകൂറായി അടച്ചെങ്കിലും യാത്രയുടെ അവസാന ദിവസം വാഗ്ദാനം ചെയ്ത വിസയോ വിമാന ടിക്കറ്റോ നൽകാതെ ട്രാവൽസ് ഉടമകൾ മുങ്ങിയെന്നാണ് ചിലർ പോലീസിൽ പരാതിപ്പെട്ടത്. പോലീസിൽ പരാതി നൽകിയ ചിലർക്ക് കുറച്ച് തുക മാത്രമാണ് തിരികെ ലഭിച്ചതെന്നും പറയപ്പെടുന്നു.
ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഉംറ, ഹജ്ജ് വിസകൾ എടുക്കാവൂ എന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Dubai Police have arrested a gang involved in offering fake Hajj and Umrah packages through social media, defrauding people by promising low prices and easy bank transfers, then blocking contact after receiving payment. The gang also created fake social media platforms. Police urge the public to use only licensed agencies for pilgrimage visas to avoid such scams, noting a similar incident in Sharjah in 2023.
#DubaiPolice, #HajjFraud, #UmrahScam, #SocialMediaScam, #TravelFraud, #UAE