ഷാര്‍ജയില്‍ 43 നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; ആളപായമില്ല

 


ഷാര്‍ജയില്‍ 43 നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; ആളപായമില്ല
ദുബായ്: ഷാര്‍ജയിലെ അല്‍ നഹ്ദ പാര്‍ക്കിനു സമീപത്തെ അല്‍ തായെര്‍ ടവറില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ച 2.30ഓടെയാണ്‌ കെട്ടിട സമുച്ചയത്തില്‍ തീപടര്‍ന്നത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്രവാസികളും സ്വദേശികളുമടക്കം നിരവധി കുടുംബങ്ങളാണ്‌ ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അഗ്നിശമന സേനയും പോലീസും അഞ്ച് മണിക്കൂര്‍ കിണഞ്ഞുശ്രമിച്ചതിനുശേഷമാണ്‌ അഗ്നി നിയന്ത്രണവിധേയമായത്. ഭാഗ്യവശാല്‍ അത്യാഹിതങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നുമാണ്‌ തീ പടര്‍ന്നുപിടിച്ചതെന്ന്‌ ദൃക്സാക്ഷി വെളിപ്പെടുത്തി.
അഗ്നിപടര്‍ന്നയുടനെ അപായ സൈറണ്‍ മുഴങ്ങിയെങ്കിലും ആദ്യം ആരും കാര്യമായെടുത്തില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ പിന്നീട് അപകടം തിരിച്ചറിഞ്ഞ താമസക്കാര്‍ കുടുംബാഗങ്ങളുമായി പുറത്തേയ്ക്ക് പായുകയായിരുന്നു. ചിലര്‍ പാസ്പോര്‍ട്ടും മറ്റും എടുത്ത് പുറത്തുകടന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ട നിരവധി താമസക്കാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പലരും രാത്രിമുഴുവന്‍ ചിലവഴിച്ചത് സമീപത്തെ പാര്‍ക്കിലാണ്‌. ചിലര്‍ തൊട്ടടുത്ത ഫ്ലാറ്റുകളിലും സുഹൃത്തുക്കളുടെ കുടുംബങ്ങളിലും അഭയം തേടി. ഷാര്‍ജയിലെ തന്നെ 25 നില കെട്ടിടത്തിലുണ്ടായ അഗ്നിബാധയ്ക്ക് ശേഷം 65 ദിവസം പിന്നിട്ടപ്പോഴാണ്‌ അടുത്ത അഗ്നിബാധയുണ്ടായത്. അന്ന്‌ 125 കുടുംബങ്ങള്‍ക്കാണ്‌ എല്ലാം നഷ്ടപ്പെട്ടത്.

Keywords: Sharjah, Dubai, Fire, Malayalam news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia