മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളും ഇസ്ലാമോഫോബിയയും ഇല്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് യു എ ഇ രാജകുടുംബാംഗവും ലോക പ്രശസ്ത എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി

 


യു എ ഇ: (www.kvartha.com 27.04.2020) മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളും ഇസ്ലാമോ ഫോബിയയും ഇല്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് യു എ ഇ രാജകുടുംബാംഗവും ലോക പ്രശസ്ത എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി. ഗള്‍ഫ് ന്യൂസിന്റെ ഒപ്പീനിയന്‍ കോളത്തിലാണ് യു എ ഇ രാജകുമാരി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

യു എ ഇ നിവാസികളും ഇന്ത്യാക്കാരും തമ്മില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു ബന്ധമുണ്ടെന്നും അറബികളേക്കാള്‍ കൂടുതല്‍ ഇന്ത്യാക്കാരെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നതെന്നും പറഞ്ഞ രാജകുമാരി അതുകൊണ്ടുതന്നെ ഇന്ത്യാക്കാരോട് പ്രത്യേക അടുപ്പവും നിഷേധിക്കാനാവാത്ത ബന്ധവും ഞങ്ങളുടെ ഡിഎന്‍എയില്‍ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയ ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള കുപ്രചരണങ്ങളും അംഗീകരിക്കാനാവില്ലെന്നും അവര്‍ തുറന്നു പറഞ്ഞു.

മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളും ഇസ്ലാമോഫോബിയയും ഇല്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് യു എ ഇ രാജകുടുംബാംഗവും ലോക പ്രശസ്ത എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി

നമുക്കിന് ഒരു ഹിറ്റ്‌ലറെ ആവശ്യമില്ല. അക്രമണാസക്തമായി മാറിയാല്‍ ആര്‍ക്കും നേട്ടമൊന്നുമുണ്ടാവില്ല. നെല്‍സണ്‍ മണ്ടേലയുടേയും മാര്‍ട്ടിന്‍ ലൂഥറിന്റെയും ഗാന്ധിജിയുടേയും പാതയാണ് നാം പിന്തുടരേണ്ടത്. ലോകം ഒരു കുടുംബമാണെന്ന വസുധൈവ കുടുംബകം എന്ന സന്ദേശം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി കുറിച്ചു.

ഒരു കാര്‍ഷിക രാഷ്ട്രത്തില്‍ നിന്നും ലോകത്തിലെ തന്നെ സൂപ്പര്‍ശക്തിയായി മാറിയ രാജ്യമാണ് ഇന്ത്യ. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജര്‍മനി, ജപ്പാന്‍ എന്നിവയും ഈ ഗണത്തില്‍ പെടുന്ന രാഷ്ട്രങ്ങളാണ്. എന്റെ പ്രിയപ്പെട്ട മാതൃരാജ്യമായ യു എ ഇയില്‍ എണ്ണനിക്ഷേപങ്ങളുടെ കണ്ടെത്തലിന് മുന്‍പ് മുത്തുശേഖരണമായിരുന്നു ജനങ്ങളുടെ പ്രധാന തൊഴില്‍.

എണ്ണ നിക്ഷേപ കണ്ടെത്തലിന് ശേഷം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മെച്ചപ്പെട്ട ഒരു രാഷ്ട്രം കെട്ടിപ്പെടുക്കാനായി. 3.3 ദശലക്ഷം ഇന്ത്യാക്കാര്‍ക്ക് ആതിഥേയത്വം വഹിക്കാനും യു എ ഇക്ക് സാധിച്ചു. നാട്ടിലേക്ക് പ്രതിവര്‍ഷം 17 ബില്യണ്‍ ഡോളര്‍ (62.52 ബില്യണ്‍ ദിര്‍ഹം) ആണ് ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ അയക്കുന്നത്.

മേല്‍പ്പറഞ്ഞ രാജ്യങ്ങളൊന്നും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളില്ലാതെ വളര്‍ന്നുവന്നവയല്ല. ഓരോ രാജ്യത്തിനും ഒരു നേതാവുണ്ടായിരുന്നു. അദ്ദേഹമാണ് വികസനത്തിന്റെ വിത്ത് പാകിയത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക മൂലധനം, സുരക്ഷ, അവസരങ്ങള്‍, സമ്പദ് വ്യവസ്ഥ, സംരംഭകത്വം എന്നിവയെല്ലാം ഇന്നത്തെ ഏതൊരു രാജ്യത്തിന്റെയും വിജയത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

ഒരിക്കല്‍ ഗാന്ധിജിയുടെ മ്യൂസിയം സന്ദര്‍ശിക്കുമ്പോള്‍ യുദ്ധം നിര്‍ത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹിറ്റ്‌ലറിന് എഴുതിയ കത്ത് വായിക്കാനിടയായി. അതിന് ശേഷം ഞാന്‍ ഗാന്ധിജിയുടെ ജീവചരിത്രം വാങ്ങി വായിക്കുകയും ചെയ്തു. സ്ത്രീകളുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചും വിദ്യാഭ്യാസം, ശൗചാലയങ്ങളുടെ ആവശ്യകത എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം അതില്‍ പറയുന്നുണ്ട്.

ഇറക്കുമതി വസ്ത്രങ്ങള്‍ക്ക് പകരം പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കാനും അദ്ദേഹം നിര്‍ദേശിക്കുന്നു. അത് പുതിയ സംരംഭങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയും സമ്പദ് വ്യവസ്ഥയെ ബലപ്പെടുത്തുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ഗാന്ധിജിയുടെ ദീര്‍ഘ വീക്ഷണത്തെ അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കുകയില്ല.

റോം ഒരു ദിവസം കൊണ്ട് നിര്‍മിച്ചതല്ലെന്ന് പറയുന്നത് പോലെ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം ഒരു തലമുറയ്ക്ക് ശേഷം മാത്രമേ കാണാന്‍ കഴിയൂ. ഗാന്ധിജിയുടെ സമാധാന മാര്‍ഗം തന്നെയായിരുന്നു നെല്‍സണ്‍ മണ്ടേലയും പിന്തുടര്‍ന്നിരുന്നത്. ഗാന്ധി ഇന്ത്യയുടെ വിമോചകനായിരുന്നുവെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല.

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും വിദ്വേഷ പ്രചരണങ്ങളിലും കടുത്ത അതൃപ്തിയും വിമര്‍ശവും രേഖപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ രാജകുമാരി ട്വിറ്ററില്‍ സജീവമായിരുന്നു. പിന്നാലെ അറബ് ലോകത്തെ മറ്റ് പ്രമുഖരും സമാന പ്രതികരണവുമായി എത്തിയിരുന്നു. 

പ്രതിസന്ധി നിറഞ്ഞ ഈ വേളയില്‍ ഗാന്ധിയെയാണ് ലോകം തേടുന്നതെന്നും ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി പറഞ്ഞിരുന്നു. ചെറിയ പെരുന്നാളോടെ ലോകത്ത് നിന്ന് കൊവിഡ് മഹാമാരി ഇല്ലാതാക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റും രാജകുമാരി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

Keywords:  I pray for an India without hate and Islamophobia, UAE, News, Health, Health & Fitness, Writer, Message, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia