സ്വാതന്ത്ര്യ ദിനത്തിന് അബുദാബിയില്‍ വര്‍ണാഭമായ പരിപാടികള്‍

 


റാശിദ് പൂമാടം 

അബുദാബി: (www.kvartha.com 12.08.2015) ഇന്ത്യയുടെ 69 -ാമത് സ്വാതന്ത്ര്യ ദിനം അബുദാബിയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ആഗസ്റ്റ് 15 ന് രാവിലെ എട്ട് മണിക്ക് അംബാസിഡര്‍ ടി.പി സീതാറാം ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

യു.എ.ഇയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക, സംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കും. എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അംബാസിഡര്‍ ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും. അബുദാബിയിലെ വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും അരങ്ങേറും.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. വൈകിട്ട് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പൊതുസമ്മേളനം നടക്കും. തുടര്‍ന്ന് ഇന്ത്യാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, കേരളാ സോഷ്യല്‍ സെന്റര്‍, ലേഡീസ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കും.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ രാത്രി എട്ട് മണിക്ക് കെഎംസിസി സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍ അരങ്ങേറും. 'രാജ്യ നന്മക്ക് അനിവാര്യമായ മാധ്യമപക്ഷം' എന്നതാണ് വിഷയം. അഡ്വ. കെഎന്‍എ ഖാദര്‍ എം.എല്‍.എ മോഡറേറ്ററാകും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ്, ജോണി ലൂക്കോസ്, ഒ. അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
സ്വാതന്ത്ര്യ ദിനത്തിന് അബുദാബിയില്‍ വര്‍ണാഭമായ പരിപാടികള്‍


Keywords : Abu Dhabi, Programme, Gulf, India, Independence Day. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia