നാട്ടിലേക്ക് പോകാന്‍ പ്രവാസിയുടെ രണ്ട് വര്‍ഷത്തെ നിയമയുദ്ധം; കോടതി നടപടികള്‍ക്കായി നടന്നത് 1000 കിലോ മീറ്റര്‍

 


ദുബൈ: (www.kvartha.com 30.11.2016) നാട്ടിലേക്ക് പോകാനുള്ള നീണ്ട രണ്ടു വര്‍ഷത്തെ നിയമപോരാട്ടം. ഇതിനിടയ്ക്ക് കോടതി നടപടികള്‍ക്കായി ഇന്ത്യക്കാരനായ തൊഴിലാളി നടന്നത് 1000 കിലോ മീറ്റര്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ജഗന്നാഥ സെല്‍വരാജ് (48) ആണ് തൊഴില്‍ സംബന്ധിച്ച പരാതിയിന്മേൽ കോടതിയില്‍ നീണ്ട രണ്ട് വര്‍ഷത്തെ നിയമ പോരാട്ടം നടത്തിയത്.

മാതാവ് മരിച്ചതോടെ നാട്ടില്‍ പോകാന്‍ ഒരുങ്ങിയ സെല്‍വരാജിന് കമ്പനി അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഇതിനിടയ്ക്ക് കോടതി നടപടികള്‍ക്കായി സോനാപൂരില്‍ നിന്നും ദുബൈ കോടതി സമുച്ചയത്തിലേക്ക് 20 ഓളം തവണ നടന്നുപോയെന്നാണ് ഇയാള്‍ പറയുന്നത്. സോനാപൂരിൽ നിന്നും കറാമയിലേക്കുള്ള ബസിന് ചെറിയ തുകയെ നല്കേണ്ടൂ. അത് നൽകാനുള്ള പണം പോലും കൈയ്യിലുണ്ടായിരുന്നില്ല.

തിരക്കുപിടിച്ച ദുബൈ റോഡരികിലൂടെ വെയിലും പൊടിക്കാറ്റുമേറ്റ് രണ്ട് മണിക്കൂർ നടക്കണം സോനാപൂരിൽ നിന്ന് ദുബൈ കോടതി വരെയുള്ള 22 കിലോ മീറ്റർ താണ്ടാൻ. പുലർച്ചെ നാല് മണിക്ക് തന്നെ എഴുനേറ്റു പുറപ്പെടും. ചിലപ്പോൾ ഓരോ 15 ദിവസത്തിനിടയിലും കോടതി കേസിനായി വിളിക്കും.

പൊരിവെയിലത്ത് നടക്കാൻ പ്രയാസമുള്ളതിനാൽ കോടതിയിൽ ഹാജരായതിന് ശേഷം വൈകുന്നേരം വരെ പാർക്കിലും മറ്റുമായി സമയം കഴിച്ചുകൂട്ടും. ഉഷ്ണകാലമായതിനാൽ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുവര്ഷത്തിനിടയിൽ 20 പ്രാവശ്യം ഇങ്ങനെ കോടതി കയറിയിട്ടുണ്ട്. പോക്കും വരവുമായി 54 കിലോമീറ്റർ യാത്ര. ആയിരത്തിലധികം കിലോ മീറ്ററാണ് സെല്‍വരാജ് നടന്നു തീർത്തത്. 'ഇനി നാട്ടിലെത്തണം. നാട്ടിലേക്ക് നടന്നു പോകാനാകില്ലല്ലോ.' സെൽവ രാജ് പറയുന്നു.

പണമില്ലാത്തതിനാല്‍ ഇത്രയും കിലോ മീറ്റര്‍ താണ്ടി നിയമ പോരാട്ടം നടത്തിയ സെൽവരാജ് ഇപ്പോള്‍ വിമാന ടിക്കറ്റിനായി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. സെല്‍വരാജിന്റെ ആഗ്രഹത്തിന് ചിറകുവെക്കണമെങ്കിൽ സുമനസ്ക്കർ കനിയണം.

ഖലീജ് ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

Summary: Dubai man walks 1,000km to attend court hearings, Jagannathan Selvaraj, a 48-year-old Indian expat in Dubai, has walked more than 1,000km over two years to attend court proceedings in order to return home.

നാട്ടിലേക്ക് പോകാന്‍ പ്രവാസിയുടെ രണ്ട് വര്‍ഷത്തെ നിയമയുദ്ധം; കോടതി നടപടികള്‍ക്കായി നടന്നത് 1000 കിലോ മീറ്റര്‍

Keywords:  Dubai, court, Jagannathan Selvaraj.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia