KK Shailaja | 'കെ എം എസ് സി എല്‍ ഇടപാട് സുതാര്യമായിരുന്നു'; പിപിഇ കിറ്റ് വിവാദത്തില്‍ വിശദീകരണവുമായി കെ കെ ശൈലജ
Oct 15, 2022, 10:31 IST
കുവൈത് സിറ്റി: (www.kvartha.com) പിപിഇ കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്‍കിയ നോടീസിലാണ് കെ കെ ശൈലജ വിശദീകരണവുമായെത്തിയത്.
പിപിഇ കിറ്റുകള്‍ വാങ്ങിയ കെ എം എസ് സി എല്‍ ഇടപാട് സുതാര്യമായിരുന്നെന്നും ഇടപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കുവൈതില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. പുഷ്പങ്ങള്‍ മാത്രമല്ല, മുള്ളുകളും ഇത്തരം പ്രവൃത്തികള്‍ക്ക് ഉണ്ടാകുമെന്നും അതൊന്നും പ്രശ്‌നമില്ലെന്നും അവര്‍ പറഞ്ഞു.
'മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്' അവര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് കെ കെ ശൈലജയ്ക്ക് ലോകായുക്ത നോടീസ് നല്‍കിയത്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ എട്ടിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് നോടീസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് ഫയലില്‍ സ്വീകരിച്ചത്.
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ് നായരാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. കെ കെ ശൈലജയെ കൂടാതെ, അന്നത്തെ ആരോഗ്യ സെക്രടറി രാജന്‍ എന്‍ ഖോബ്രഗഡെ, മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കംപനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് പരാതി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.