Kuwait Fire | കുവൈറ്റിൽ തീപ്പിടുത്തം ഉണ്ടായ കെട്ടിടം ആടുജീവിതം നിർമാതാക്കളിൽ ഒരാളായ കെ ജി എബ്രഹാമിൻ്റേത്; ഇദ്ദേഹത്തെ പൊലീസ് തിരയുന്നു.
രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും ഉത്തരവ്
കുവൈറ്റ് സിറ്റി: (KVARTHA) കുവൈത്തിലെ മംഗഫിൽ രാവിലെകെട്ടിടത്തിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നാല് ഇന്ത്യക്കാരുൾപ്പെടെ 41 പേർ മരിച്ച സംഭവത്തിൽ, കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി. ആടുജീവിതം സിനിമാ നിര്‍മാതാക്കളില്‍ ഒരാളായ തിരുവല്ല സ്വദേശി കെ ജി എബ്രഹാമിന്റെ പേരിലുള്ള എന്‍ ബി ടി സി (NBTC) എന്ന കമ്പനിയുടേതാണ് ഈ കെട്ടിടമെന്നാണ് റിപോര്‍ട്. ഇദ്ദേഹത്തെയും കെട്ടിടത്തിൻ്റെ, കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സ്വദേശി പൗരനാണ് കംപനിയുടെ സ്പോൺസർ. ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
തീപ്പിടുത്തമുണ്ടായതിൻ്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ് ഉത്തരവിട്ടു. അതെ സമയം സംഭവത്തെ തുടർന്ന് അഹ് മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുവാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തിൽ മുനിസിപ്പാലിറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും, മുതിർന്ന ഉദ്യോഗസ്ഥറുടെ മേൽ നോട്ടത്തിൽ ഈ വിഷയത്തിൽ യോഗം ചേരുകയാണെന്നും അദ്ദേഹം അറിയിച്ചു.
തീപിടുത്തമുണ്ടായ കെട്ടിടത്തിൽ, കൂടുതലും മലയാളികൾ അടക്കമുള്ളവരാണ് താമസിച്ചിരുന്നത്. പലരും പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത്തരത്തിൽ പരിക്കേറ്റ നിരവധിപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കെ ജി എബ്രഹാമിൻ്റെ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പായാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത്.