Kuwait Fire | കുവൈറ്റ് തീപ്പിടുത്തം: പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ; ഡിഎൻഎ പരിശോധന നടത്തുന്നു
കുവൈറ്റ് സിറ്റി: (KVARTHA) തെക്കൻ നഗരമായ മാംഗെഫിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച പലരുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ. ഇവരെ തിരിച്ചറിയുന്നതിനായി ഡി എൻ എ പരിശോധനകൾ നടത്തിവരുന്നതായി കുവൈറ്റിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ പറഞ്ഞു.
‘പലർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്, തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളുള്ളത്. ഇവരെ തിരിച്ചറിയുന്നതിനായി പരിശോധനകൾ ആവശ്യമാണ്. നടപടികൾ പൂർത്തിയായാൽ കുടുംബങ്ങളെ അറിയിക്കുകയും വ്യോമസേനാ വിമാനം വഴി മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുകയും ചെയ്യും’, വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
പരുക്കേറ്റവരുടെ ചികിത്സയും മൃതദേഹങ്ങൾ യഥാസമയം നാട്ടിലെത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യാഴാഴ്ച രാവിലെയാണ് കുവൈറ്റിലെത്തിയത് .
195 തൊഴിലാളികൾ താമസിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ 49 പേർക്ക് ജീവൻ നഷ്ടമാവുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. തൊഴിലാളികൾ ഉറങ്ങുന്ന സമയത്താണ് തീപ്പിടുത്തമുണ്ടായത്. പരിക്കേറ്റവർ നിലവിൽ കുവൈറ്റിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ (അദാൻ, ജാബർ, ഫർവാനിയ, മുബാറക് അൽ കബീർ, ജഹ്‌റ) ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ ഭൂരിഭാഗം പേരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.