Release Soon | ഇനി നാട്ടിലേക്ക്; സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു.
മാപ്പ് നല്‍കിയുള്ള കുടുംബത്തിന്റെ സമ്മതപത്രം ഉടന്‍ റിയാദ് കോടതി റിയാദ് ഗവര്‍ണറേറ്റിന് കൈമാറും.
അധികം വൈകാതെ ജയില്‍ മോചിതനാക്കും.
റിയാദ്: (KVARTHA) കൊലപാതകക്കേസില്‍ വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സഊദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. ചൊവ്വാഴ്ച (02.07.2024) രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാപ്പ് നല്‍കാമെന്ന് മരിച്ച സഊദി പൗരന്റെ കുടുംബം കോടതിയെ അറിയിച്ചു. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന് ഉടന്‍ നാട്ടിലെത്താം.
രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്. കോടതിയിലെ വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. കോടതിയില്‍ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക് കോടതി മരിച്ച സഊദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിക്ക് കൈമാറി.
കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയില്‍ ഹാജരായി. മാപ്പ് നല്‍കിയുള്ള കുടുംബത്തിന്റെ സമ്മതപത്രം ഉടന്‍ റിയാദ് കോടതി റിയാദ് ഗവര്‍ണറേറ്റിന് കൈമാറും.
റിയാദ് ജയിലില്‍ കഴിയുന്ന റഹീം അധികം വൈകാതെ ജയില്‍ മോചിതനാക്കും. തുടര്‍ന്ന് റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്ക് അയക്കും.
സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്‍ഡ്യന്‍ രൂപയില്‍ നിന്നാണ് ദിയാധനമായ ഒന്നര കോടി സൗദി റിയാല്‍ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയത്.