തുടര്‍ചയായ മൂന്നാം മത്സരത്തിലും സഞ്ജുവിനും കൂട്ടര്‍ക്കും തോല്‍വി; രാജസ്ഥാനെതിരെ ആര്‍സിബിക്ക് 7 വികെറ്റ് ജയം

 


ദുബൈ: (www.kvartha.com 29.09.2021) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജുവിനും കൂട്ടര്‍ക്കും തോല്‍വി. ഇത്തവണ വിരാട് കോലിയുടെ കീഴിലുള്ള ആര്‍സിബിയോട് ഏഴുവികെറ്റിനാണ് രാജസ്ഥാന്റെ തോല്‍വി. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള അവര്‍ക്ക് എട്ടു പോയിന്റ് മാത്രമാണുള്ളത്.

തുടര്‍ചയായ മൂന്നാം മത്സരത്തിലും സഞ്ജുവിനും കൂട്ടര്‍ക്കും തോല്‍വി; രാജസ്ഥാനെതിരെ ആര്‍സിബിക്ക് 7 വികെറ്റ് ജയം

14 പോയിന്റോടെ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്റെ 149 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 17.1 ഓവറില്‍, മൂന്നു വികെറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്വെല്‍ (30 പന്തില്‍ 50*), എസ് ഭരത് (35 പന്തില്‍ 44) എന്നിവരുടെ മികവാണ് ബാംഗ്ലൂരിന് അനായാസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി (25), ദേവ് ദത്ത് പടിക്കല്‍ (22) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വികെറ്റില്‍ 48 റണ്‍സെടുത്തു. രാജസ്ഥാനായി മുസ്തഫിസുര്‍ റഹ് മാന്‍ രണ്ടു വികെറ്റ് വീഴ്ത്തി. ഒരാള്‍ റണ്ണൗട്ടായി.

ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വികെറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകര്‍ത്തടിച്ച ഓപെണിങ് സഖ്യത്തിന്റെ മികവിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

ഒന്നാം വികെറ്റില്‍ യശ്വസി ജയ്‌സ്വാള്‍ (22 പന്തില്‍ 31), എവിന്‍ ലൂയിസ് (37 പന്തില്‍ 58) എന്നിവര്‍ ചേര്‍ന്ന് 77 റണ്‍സെടുത്തു. രാജസ്ഥാന്‍ ജഴ്‌സിയില്‍ ലൂയിസിന്റെ ആദ്യ അര്‍ധസെഞ്ച്വറിയാണിത്. ഒമ്പതാം ഓവറില്‍ ഡാന്‍ ക്രിസ്റ്റ്യന്‍ ഓപെണിങ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ആദ്യ പത്ത് ഓവറില്‍ 91 റണ്‍സെടുത്ത രാജസ്ഥാന്, അവസാന 60 പന്തില്‍ 58 റണ്‍സു മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

സഞ്ജു സാംസണ്‍ (19), മഹിപാല്‍ ലോംറോര്‍ (3), ലിയാം ലിവിങ്സ്റ്റണ്‍ (6), രാഹുല്‍ തെവാത്തിയ (2), റിയാന്‍ പരാഗ് (9), ക്രിസ് മോറിസ് (14), ചേതന്‍ സകരിയ (2), കാര്‍ത്തിക് ത്യാഗി (1*) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പടേല്‍ മൂന്നു വികെറ്റും യുസ്വേന്ദ്ര ചെഹല്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ടും ഡാന്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടന്‍ എന്നിവര്‍ ഓരോ വികെറ്റും നേടി.

Keywords:  Maxwell stars as Royal Challengers Bangalore beat Rajasthan Royals by 7 wickets, Dubai, IPL, Rajasthan Royals, Virat Kohli, Winner, Cricket, Sports, Gulf, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia