മസ്‌ക്കറ്റിലെ ദോഫാര്‍ തീരത്ത് വിഷാംശമുള്ള ജെല്ലി ഫിഷുകളുടെ സാന്നിധ്യം കൂടുതലുള്ളതായി കണ്ടെത്തി, ജാഗ്രതാനിര്‍ദേശം

 


മസ്‌കത്ത്: (www.kvartha.com 23.01.2020) മസ്‌ക്കറ്റിലെ ദോഫാര്‍ തീരത്ത് വിഷാംശമുള്ള ജെല്ലി ഫിഷുകളുടെ സാന്നിധ്യം കൂടുതലുള്ളതായി കണ്ടെത്തി. ഇതുസംബന്ധിച്ച് കാര്‍ഷിക-ഫിഷറീസ് മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കടലിലിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പോര്‍ചുഗീസ് മാന്‍ ഓഫ് വാര്‍ എന്നും ബ്ലൂ ബോട്ടില്‍ എന്നും അറിയപ്പെടുന്ന വിഷാംശമുള്ള ഈ ജീവികളെ അല്‍ മുഗ്‌സൈല്‍ തീരക്കടലിലും തഖാ ബീച്ചിനോട് ചേര്‍ന്നുള്ള കടലിലുമാണ് കണ്ടെത്തിയത്.

മസ്‌ക്കറ്റിലെ ദോഫാര്‍ തീരത്ത് വിഷാംശമുള്ള ജെല്ലി ഫിഷുകളുടെ സാന്നിധ്യം കൂടുതലുള്ളതായി കണ്ടെത്തി, ജാഗ്രതാനിര്‍ദേശം

ഒമാനില് ആദ്യമായാണ് ഇത്തരം ജീവിയുടെ വ്യാപനം ശ്രദ്ധയില്‍ പെടുന്നതെന്ന് മന്ത്രാലയത്തിന് കീഴിലുള്ള ദോഫാറിലെ ഫിഷറീസ് റിസര്‍ച് സെന്റര്‍ അധികൃതര്‍ അറിയിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണപ്പെടുന്ന 'ഫൈസാലിയ യൂട്രിക്കുലസ് ജെനസ്' എന്ന പേരിലറിയപ്പെടുന്ന ജീവികളുടെ വംശത്തിലുള്ളതാണ് ഇവ. ദോഫാര്‍ കടലില്‍ വലിയ തോതില്‍ കണ്ടെത്തിയ ഇവക്ക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉള്ളതിനേക്കാള്‍ വിഷാംശം കുറവാണ്.

സുതാര്യമായ നീല നിറമാണ് ഇവയുടേത് എന്നതിനാല്‍ വെള്ളത്തില്‍ ഇതിനെ തിരിച്ചറിയുക പ്രയാസമായിരിക്കും. ഒന്നര മീറ്റര്‍ നീളമുള്ള കൊമ്പുപോലുള്ള അവയവം ഉപയോഗിച്ചുള്ള കുത്തുകൊള്ളുന്നത് കടുത്ത വേദനക്കും തൊലി മുറിയാനും കാരണമാകും. ഒപ്പം തൊലി ചുവക്കാനും ശരീരത്തില്‍ ചൊറിച്ചിലുണ്ടാകാനും ഇടയുണ്ട്.

കുട്ടികളിലും പ്രായമുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും തീവ്രമായ അസ്വസ്ഥതകള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. ചത്ത ജീവിയുടെ കൊമ്പു കൊള്ളുന്നത് പോലും കടുത്ത വേദനക്ക് കാരണമാകും. കുത്തുകൊള്ളുന്ന പക്ഷം കടല്‍ ജലമോ ശുദ്ധജലമോ വിനാഗിരിയോ ഉപയോഗിച്ച് കഴുകണം. കുത്തുകൊണ്ട സ്ഥലം തിരുമ്മരുത്. മുറിവില്‍ കൊമ്പോ മറ്റോ ഉണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

Keywords:  World, News, Muscat, Oman, Gulf, fish, Ministry Warns against Poisonous Organism in Omani Waters

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia