Remittance Tax | ബഹ്‌റൈനില്‍ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പെടുത്തണമെന്ന് പുതിയ നിര്‍ദേശം

 




മനാമ: (www.kvartha.com) ബഹ്‌റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നീക്കങ്ങള്‍ വരുന്നു. രാജ്യത്തുനിന്ന് സ്വന്തം നാടുകളിലേക്ക് ഇവര്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പെടുത്തണമെന്നാണ് പാര്‍ലമെന്റ് അംഗങ്ങളുടെ പുതിയ ആവശ്യം. 

ഇത് സംബന്ധിച്ച നിയമനിര്‍മാണ ശിപാര്‍ശ എംപിമാര്‍ സമര്‍പിച്ചതായി ഗള്‍ഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപോര്‍ടില്‍ പറയുന്നു. നികുതി ഘടന അടങ്ങിയ ശിപാര്‍ശയാണ് നിരവധി എംപിമാരുടെ പിന്തുണയോടെ സമര്‍പിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ നീക്കം ബഹ്റൈന്‍ സര്‍കാര്‍ തള്ളിയിരുന്നു എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ മറിച്ചാണെന്ന് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു.

200 ബഹ്‌റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്‍ഡ്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്‍ഡ്യന്‍ രൂപയോളം) വരെ അയക്കുമ്പോള്‍ രണ്ട് ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് ശിപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകള്‍ക്കും ബഹ്‌റൈനിലെ നികുതി നിയമപ്രകാരം ഇളവുകള്‍ ലഭിക്കുന്ന മറ്റ് ഇടപാടുകള്‍ക്കും ഇളവ് അനുവദിച്ച് നികുതി ശിപാര്‍ശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസികള്‍ പണം അയക്കുമ്പോള്‍ തന്നെ നികുതിയും ഈടാക്കണം. ശേഷം ഈ സ്ഥാപനങ്ങളില്‍ നിന്ന് ബഹ്‌റൈന്‍ നാഷണല്‍ ബ്യൂറോ ഓഫ് റവന്യൂ നികുതി വരുമാനം ശേഖരിക്കണം.

ബഹ്‌റൈനില്‍ ജീവിക്കുന്ന അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ എല്ലാ വര്‍ഷവും അവരവരുടെ രാജ്യത്തേക്ക് അയക്കുന്ന ദശലക്ഷക്കണക്കിന് ദിനാര്‍ ബഹ്‌റൈനില്‍ തന്നെ നിക്ഷേപിക്കാനുള്ള പ്രായോഗികമായ മാര്‍ഗങ്ങളാണ് ബിലിലൂടെ തേടുന്നതെന്ന് പാര്‍ലമെന്റ് അംഗം ലുല്‍വ അല്‍ റുമൈഹി പ്രാദേശി ദിനപ്പത്രമായ അഖ്ബാര്‍ അല്‍ ഖലീജിനോട് പറഞ്ഞു. 

Remittance Tax | ബഹ്‌റൈനില്‍ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പെടുത്തണമെന്ന് പുതിയ നിര്‍ദേശം


കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികള്‍. ഇവര്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് സംസ്ഥാനത്തിന്റെ സുഗമമായ ചലനത്തിന് എളുപ്പവഴി ഒരുക്കുന്നത്. ഏതാണ്ട് 100 കോടി ദിനാറോളം പ്രവാസികള്‍ ബഹ്‌റൈനില്‍ നിന്ന് വര്‍ഷം തോറും സ്വന്തം രാജ്യത്തേക്ക് അയക്കുന്നുവെന്നാണ് കണക്ക്.

ഇതിന്റെ തോത് കുറയ്ക്കാനുള്ള നിര്‍ദേശമാണ് എംപിമാര്‍ നല്‍കിയിരിക്കുന്നത്. 2015ലും സമാനമായ നിര്‍ദേശം എംപിമാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. 2018ല്‍ ഈ നിര്‍ദേശം ബഹ്റൈന്‍ സര്‍കാര്‍ തള്ളുകയാണ് ചെയ്തത്.

Keywords:  News,World,international,Gulf,Manama,Bahrain,Top-Headlines,Latest-News, MPs in Bahrain raises call to impose remittances tax on expatriates
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia