Netherlands | യുഎസ് മോഹങ്ങള്‍ തകര്‍ത്ത് ഓറഞ്ച് പട ക്വാര്‍ട്ടറില്‍

 


-മുജീബുല്ല കെ വി

(www.kvartha.com) പൊരുതിക്കളിച്ച അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നെതര്‍ലാന്‍സ് ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി. ഗ്രൂപ്പ് മാച്ചുകളില്‍ തോല്‍വിയറിയാത്ത രണ്ട് ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ മത്സരിച്ചപ്പോള്‍ വിജയം നെതര്‍ലാന്‍സിനൊപ്പമായി. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകളാണ് യുഎസിന് വിനയായത്. നല്ലൊരു സെന്റര്‍ ഫോര്‍വേഡിന്റെ അഭാവം പ്രകടമായിരുന്നു. ഒപ്പം ബാറിനു കീഴെ നെതര്‍ലാന്‍സ് ഗോള്‍കീപ്പര്‍ ആന്റ്രീസ് നോപ്പര്‍ട്ടിന്റെ ഉജ്ജ്വല സേവുകകളുമായതോടെ യുഎസിന്റെ വിധിയെഴുതി. യുഎസ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ടര്‍ണറും ചില ഗംഭീര സേവുകള്‍ നടത്തി. ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍സ്, ഓസ്ട്രേലിയയെ തോല്‍പിച്ചെത്തിയ അര്‍ജന്റീനയെ നേരിടും.
               
Netherlands | യുഎസ് മോഹങ്ങള്‍ തകര്‍ത്ത് ഓറഞ്ച് പട ക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പ് 2022-ന്റെ ആദ്യ നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഖത്തറിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അണിനിരന്നത് ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ നെതര്‍ലാന്‍സും ബിയിലെ രണ്ടാം സ്ഥാനക്കാരായ അമേരിക്കയും. ഈ ലോകകപ്പില്‍ ഇതുവരെ തോറ്റിട്ടില്ലാത്ത രണ്ടു ടീമുകളാണെങ്കിലും, തമ്മിലുള്ള മത്സരങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം നെതര്‍ലന്‍ഡിനായിരുന്നു. നാലില്‍ മൂന്നിലും അവര്‍ക്കായിരുന്നു ജയം. എന്നാല്‍ ലോകകപ്പില്‍ ഇവര്‍ ഏറ്റുമുട്ടുന്നത് ആദ്യം.

ജയം അല്ലാത്ത മറ്റൊരു ഓപ്ഷനുമില്ലാത്ത നോക്കൗട്ട് മത്സരങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്‌സുകള്‍ അപ്രസക്തമാണ്. വിജയം മാത്രം ലക്ഷ്യമാക്കി ടീമുകള്‍ ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തുള്ള പോരാട്ടങ്ങള്‍ക്കൊരുങ്ങുമ്പോള്‍ കണക്കുകള്‍ക്കെന്ത് പ്രസക്തി!. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിനിറഞ്ഞ ഇരു ടീമുകളുടെയും ആരാധകര്‍ സംഗീതവും പാട്ടും ഡാന്‍സും ആരവവുമായി തങ്ങളുടെ ടീമിന്റെ ഓരോ മുന്നേറ്റങ്ങളെയും എതിരേറ്റു. ആടിയും പാടിയും ആര്‍ത്തുവിളിച്ചും കളി ആഘോഷമാക്കിയ അവരുടെ പ്രതീക്ഷകളെ ത്രസിപ്പിക്കുന്ന ഗംഭീര പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്
           
Netherlands | യുഎസ് മോഹങ്ങള്‍ തകര്‍ത്ത് ഓറഞ്ച് പട ക്വാര്‍ട്ടറില്‍

ഒന്‍പതാം മിനിറ്റില്‍ തന്നെ നെതര്‍ലാന്‍ഡ്‌സ് ഗോളടിച്ചു. ആസൂത്രിതമായൊരു നീക്കത്തിനൊടുവില്‍ വലതുവിങ്ങിലൂടെ കുതിച്ച ഡെന്‍സല്‍ ഡംഫ്രിസില്‍ നിന്ന് ലഭിച്ച കൃത്യമായ ക്രോസ്സ് പത്താം നമ്പര്‍ മുന്നേറ്റ താരം മെംഫിസ് ഡീപേ യുഎസ് പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. യുഎസ് പ്രതിരോധനിരയ്‌ക്കോ ഗോള്‍കീപ്പര്‍ മാര്‍ക്ക് ടര്‍ണര്‍ക്കോ ഒന്നും ചെയ്യാനായില്ല. തൊട്ടു പിന്നാലെ അമേരിക്കന്‍ പ്രത്യാക്രമണത്തില്‍ നെതര്‍ലാന്‍ഡ്‌സ് ബോക്‌സിലേക്ക് മറിച്ചു നല്‍കിയ പന്ത് കണക്ട് ചെയ്യാന്‍ യുഎസ് ഫോര്‍വേഡുകളാരും ഉണ്ടായില്ല.

പതിനേഴാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടാനുള്ള തുറന്ന അവസരം ഗാക്പോയ്ക്ക് മുതലാക്കാനായില്ല. ഗാക്പോയുടെ റണ്ണിങ് ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. യുഎസ് കൗണ്ടര്‍ അറ്റാക്ക് ഹോളണ്ട് ഗോളി ആന്‍ഡ്രിയാസ് നോപ്പെര്‍ട്ട് കയ്യിലൊതുക്കി. നാല്പത്തൊന്നാം മിനിറ്റില്‍ ശക്തമായൊരു യുഎസ് മുന്നേറ്റം കണ്ടു. തിമോത്തി വിയയുടെ എണ്ണം പറഞ്ഞ ഷോട്ട് നെതര്‍ലാന്‍ഡ്‌സ് ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ട് ഇടത്തോട്ട് ഡൈവ് ചെയ്ത് പ്രയാസപ്പെട്ട് രക്ഷപ്പെടുത്തി.

എന്നാല്‍ മത്സരം ഇടവേളയ്ക്ക് പിരിയാന്‍ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ, നെതര്‍ലാന്‍ഡ്‌സ് തങ്ങളുടെ ലീഡുയര്‍ത്തി. ഒരു ത്രോയില്‍നിന്ന് ഡംഫ്രിസിലൂടെ യൂഎസ് പെനാല്‍റ്റി ബോക്‌സിലേക്ക് ലഭിച്ച ക്രോസ്സ് ഡാലെ ബ്ലിന്‍ഡ് യുഎസ് പോസ്റ്റിലേക്ക് നിറയൊഴിച്ചു. ആദ്യ പകുതിയില്‍ യുഎസ് മുന്നേറ്റ നിരയുടെ നിരവധി ഗോള്‍ ശ്രമങ്ങളെ ഉജ്ജ്വല ഫോമില്‍ കളിച്ച ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ട് വിഫലമാക്കുകയായിരുന്നു. നെതര്‍ലാന്‍ഡ്‌സ് ബോക്‌സിലെത്തുന്ന പാസുകള്‍ മുതലാക്കാന്‍ പലപ്പോഴും ആളില്ലാതെ പോയി. ഇടവേളയ്ക്കു പിരിയുമ്പോള്‍ സ്‌കോര്‍ 2 - 0.

ഇരു ഭാഗത്തും ഗോള്‍ സേവുകള്‍ കണ്ടുകൊണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. യുഎസ് ആക്രമണം ഗോള്‍കീപ്പറെയും കടന്നപ്പോള്‍ ഡിഫെന്‍ഡര്‍ ഗോള്‍ ലൈന്‍ സേവ് നടത്തി. തൊട്ടുടനെ മറുഭാഗത്ത് നെതര്‍ലാന്‍ഡ്‌സ് കൗണ്ടര്‍ അറ്റാക്ക് യുഎസ് ഗോളി കയ്യിലൊതുക്കി. തൊട്ടുടനെ റെയ്നയുടെ പാസില്‍നിന്നും യുഎസിന്റെ മകെന്നിയുടെ ഷോര്‍ട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. രണ്ടാം പകുതിയില്‍ നിരന്തര ആക്രമണം തുടര്‍ന്ന യുഎസ് താരങ്ങള്‍ നെതര്‍ലാന്‍ഡ്‌സ് ബോക്‌സിലേക്ക് മുന്നേറിക്കൊണ്ടേയിരുന്നു. വിര്‍ജില്‍ വാന്‍ ഡിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ശക്തമായ പ്രതിരോധമുയര്‍ത്തി.

ഇതിനിടെ 60-ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്നുള്ള മെംഫിസിന്റെ കനത്ത ഷോട്ട് കഷ്ടിച്ചാണ് യുഎസ് ഗോളി മാറ്റ് ടേണര്‍ ബാറിനു മുകളിലൂടെ കുത്തിയകറ്റിയത്. 65-ാം മിനിറ്റില്‍ യുഎസ് രണ്ടു മാറ്റങ്ങള്‍ വരുത്തി. മക്കെന്നിയെയും വീയെയും പിന്‍വലിച്ച് ആരോണ്‍സനെയും റൈറ്റിനെയും ഇറക്കി. 71-ാം മിനിറ്റില്‍ ഉജ്ജ്വല സേവിങ്ങിലൂടെ രണ്ടു തവണയാണ് ടേണര്‍ അമേരിക്കയുടെ രക്ഷകനായത്! ഗാപ്കോയുടെ അടി തടുത്തിട്ടപ്പോഴേക്കും റീബൗണ്ടില്‍ ഡീപെയുടെ ശ്രമം വീണ്ടും ടേണര്‍ തടഞ്ഞു.

നിരന്തര ആക്രമണങ്ങള്‍ തുടര്‍ന്ന യുഎസ് 76-ാം മിനിറ്റില്‍ ഗോള്‍ നേടി. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലില്‍ ലഭിച്ച പാസ് പകരക്കാരനായിറങ്ങിയ റൈറ്റ് ഗോള്‍ നേടുകയായിരുന്നു. തൊട്ടുടനെ വീണ്ടുമൊരു യുഎസ് മുന്നേറ്റം, ബോക്സിന് പുറത്തേക്കിറങ്ങി ഗോളി നൊപ്പേര്‍ട്ട് രക്ഷിച്ചു. എണ്‍പത്തൊന്നാം മിനിറ്റില്‍ ഡംഫ്രിസിന്റെ ഉജ്ജ്വല ഗോളിലൂടെ നെതര്‍ലാന്‍ഡ്‌സ് പട്ടിക പൂര്‍ത്തിയാക്കി. നേരത്തെ രണ്ടു ഡച്ച് ഗോളുകളുടേയും പങ്കാളിയായ ഡെന്‍സല്‍ ഡംഫ്രിസ്, ബ്ലിന്‍ഡിന്റെ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ യുഎസ് വലകുലുക്കുകയായിരുന്നു. സ്‌കോര്‍: നെതര്‍ലാന്‍ഡ്‌സ് 3 - 1.

മത്സരത്തിലുടനീളം ആസൂത്രിത മുന്നേറ്റങ്ങളായിരുന്നു നെതര്‍ലന്‍സിന്റേത്. നിരന്തരം ഇരു ഗോള്‍മുഖത്തും പന്ത് കയറിയിറങ്ങിക്കൊണ്ടേയിരുന്ന മത്സരത്തില്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല. ഇരു ടീമുകളും ഗ്രൗണ്ടില്‍ തകര്‍പ്പന്‍ പോരാട്ടം കാഴ്ചവച്ചപ്പോള്‍, കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതിലായിരുന്നു രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഫിനിഷിങ്ങിലെ കൃത്യത നെതര്‍ലന്‍ഡ്‌സിന് മുന്‍തൂക്കം നല്‍കി.

മുന്‍ മത്സരങ്ങളില്‍നിന്നും പാടെ മാറിയ ഡച്ച് പടയെയാണ് ഗ്രൗണ്ടില്‍ കണ്ടത്. നെതര്‍ലന്‍ഡ്‌സിനെ മെരുക്കാന്‍ മെസ്സിക്കും കൂട്ടര്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറെ വിയര്‍ക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. ഇംഗ്ലണ്ടിനെതിരെ കാഴ്ചവച്ച മികവ് പുറത്തെടുക്കാനായില്ലെങ്കിലും, ഉശിരോടെ പോരാടി അഭിമാനത്തോടെയാണ് യുഎസ് ടീം വിടവാങ്ങുന്നത്. ശരാശരി 24 വയസ്സുമാത്രമുള്ള, ചെറുപ്പക്കാരുടെ സംഘമാണ് ഈ യുഎസ്എ ടീം. ഭാവിയിലേക്കുള്ള ടീം. ഈ ലോകകപ്പിലെ അനുഭവങ്ങളുമായി കൂടുതല്‍ കരുത്താര്‍ജ്ജിച്ച് 2026 ലോകകപ്പിന് ഇതിലെ മിക്ക കളിക്കാരുമായി അമേരിക്കന്‍ ടീം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Keywords:  World Cup, World, FIFA-World-Cup-2022, Sports, Football, USA, Qatar, Gulf, Netherlands move to World Cup knockout stages.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia