Traffic | ദുബൈയിൽ പുതിയ സാലിക് ഗേറ്റുകൾ വരുന്നു; ഗതാഗത രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ഇങ്ങനെ
ഈ വർഷം അവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകും.
ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) ഈ വർഷം അവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് ദുബൈയിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പുറത്തിറക്കിയ അർദ്ധവർഷ സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാക്കി. അതോടെ ടോൾ ഗേറ്റുകളുടെ എണ്ണം 10 ആകും. ദുബൈയിലെ പ്രധാന റൂട്ടുകളിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സാലിക് ഗേറ്റുകൾ തയ്യാറാക്കുന്നതെന്ന് സാലിക് സി.ഇ.ഒ ഇബ്രാഹിം സുൽത്വാൻ അൽ - ഹദ്ദാദ് പ്രസ്താവിച്ചു.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ശീഫ് സ്ട്രീറ്റിനും ഇടയിലുള്ള ശൈയ്ഖ് സായിദ് റോഡിലെ അൽ സ്വഫ സൗത്തിലുമാണ് ടോൾ ഗേറ്റുകൾ വരുന്നത്. രണ്ട് പുതിയ സാലിക് ഗേറ്റുകൾ ദുബൈയിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം 42 ശതമാനം വരെ കുറയ്ക്കുമെന്ന് ആർടിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബിസിനസ് ബേ ക്രോസിംഗിൽ സാലിക് വരുന്നതോടെ മാറ്റം വരുന്നതിപ്രകാരമാണ്:
* ജബൽ അലിയിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും എമിറേറ്റ്സ് റോഡുകളിലേക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നു.
* തദ്വാരാ അൽ ഖൈൽ റോഡിലെ തിരക്ക് 15 ശതമാനം വരെ ലഘൂകരിക്കുന്നു
* അൽ റുബാത്വ് സ്ട്രീറ്റിൻ്റെ ട്രാഫിക് വോളിയം 16 ശതമാനം വരെ കുറയ്ക്കുന്നു
* ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റിൻ്റെ ട്രാഫിക് വോളിയം 5 ശതമാനം കുറയ്ക്കുന്നു
* അൽ ഖൈൽ റോഡിൻ്റെ അൽ റുബാത്വിനും റാസൽ ഖോർ സ്ട്രീറ്റിനുമിടയിലുള്ള തിരക്കേറിയ * സെഗ്‌മെൻ്റിലെ മൊത്തം യാത്രാ സമയം ഇരു ദിശകളിലേക്കും പ്രതിദിനം 20,000 മണിക്കൂർ കുറയ്ക്കുന്നു.
അൽ സ്വഫ സൗത്ത് സാലിക്ക് വരുന്നതോടെ മാറ്റം വരുന്നിതപ്രകാരമാണ്
* ശൈഖ് സായിദ് റോഡിൽ നിന്ന് അൽ മൈദാൻ സ്ട്രീറ്റിലേക്കുള്ള വലത്തോട്ട് തിരിയുന്ന ഗതാഗതം 15 ശതമാനം കുറച്ചു.
* അൽ മൈദാൻ, അൽ സഫ സ്ട്രീറ്റുകൾ മുതൽ ശൈഖ് സായിദ് റോഡ് വരെയുള്ള ഗതാഗതം 42 ശതമാനം കുറയ്ക്കും.
* ഫിനാൻഷ്യൽ സെൻ്ററിനും ലത്വീഫ ബിൻത് ഹംദാൻ സ്ട്രീറ്റിനുമിടയിലുള്ള ശൈഖ് സായിദ് റോഡിലെ ട്രാഫിക് വോളിയം 4 ശതമാനം കുറയ്ക്കുന്നു
* ഒന്നാം അൽ ഖൈൽ റോഡിൻ്റെയും അൽ അസയേൽ സ്ട്രീറ്റുകളുടെയും ഉപയോഗം 4 ശതമാനം വർധിപ്പിക്കുന്നു.
നിലവിൽ എട്ട് സാലിക് ഗേറ്റുകളാണ് ദുബൈയിലുടനീളം പ്രവർത്തിക്കുന്നത്. അൽ മംസാർ നോർത്ത്, അൽ മംസാർ സൗത്ത്, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, എയർപോർട്ട് ടണൽ, അൽ സ്വഫ, അൽ ബർശ, ജബൽ അലി എന്നിവയാണ് അവ. ഓരോ തവണയും ഒരു വാഹനം സാലിക് ടോൾ ഗേറ്റിലൂടെ കടന്നുപോകുമ്പോൾ, ആർഎഫ്‌ഐഡി (RFID) വെഹിക്കിളിൻ്റെ വിൻഡ്‌സ്‌ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന സാലിക് സ്റ്റിക്കർ ടാഗ് സ്‌കാൻ ചെയ്യുന്നു.
കൂടാതെ വാഹനമോടിക്കുന്നവരുടെ പ്രീപെയ്ഡ് ടോൾ അക്കൗണ്ടിൽ നിന്ന് നാല് ദിർഹം ടോൾ ഫീസ് സ്വയമേവ കുറയ്ക്കും, അത് ഓൺലൈനിലോ റീചാർജ് കാർഡുകളിലൂടെയോ ടോപ്പ് അപ്പ് ചെയ്യാം. മതിയായ അക്കൗണ്ട് ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുകയോ സാധുവായ ടാഗ് ഇല്ലാതെ സാലിക്ക് വഴി കടന്നുപോകുകയോ ചെയ്യുന്നത് പിഴകളിലേക്ക് നയിക്കും.
പോയ വർഷം 593 ദശലക്ഷം യാത്രകൾ സാലിക്കിൻ്റെ ടോൾ ഗേറ്റുകളിലൂടെ കടന്നുപോയി. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ എട്ട് ടോൾ ഗേറ്റുകളിലൂടെ 238.5 ദശലക്ഷം യാത്രകൾ കടന്നുപോയി, അതിൻ്റെ ഫലമായി 1.1 ബില്യൺ ദിർഹം അർദ്ധവർഷ വരുമാനമുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം വർധിക്കുകയുണ്ടായി.
#Dubai #Salik #tollgates #traffic #UAE #transportation #DubaiTraffic #newroads