Honor Bestowed | പ്രധാനമന്ത്രി മോദിക്ക് കുവൈറ്റിന്റെ പരമോന്നത ബഹുമതി; 'മുബാറക് അൽ കബീർ' സമ്മാനിച്ചു
● മുമ്പ് ബിൽ ക്ലിൻറ്റൺ, പ്രിൻസ് ചാൾസ്, ജോർജ് ബുഷ് തുടങ്ങിയ പ്രമുഖ നേതാക്കൾക്കും ലഭിച്ചിരുന്നു.
● കുവൈറ്റിലെ ബയാൻ പാലസിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.
● 'ഹലാ മോദി’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുത്തു.
കുവൈറ്റ് സിറ്റി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റ് പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് മുബാറക് അൽ കബീർ' സമ്മാനിച്ചു. മോദിക്ക് ഒരു രാജ്യം നൽകുന്ന ഇരുപതാമത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്.
കുവൈറ്റിൻ്റെ ഈ പരമോന്നത ബഹുമതി, രാഷ്ട്രത്തലവന്മാർക്കും വിദേശ പരമാധികാരികൾക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങൾക്കും സൗഹൃദത്തിൻ്റെ അടയാളമായി നൽകുന്ന ബഹുമതിയാണ്. മുമ്പ് ബിൽ ക്ലിൻറ്റൺ, പ്രിൻസ് ചാൾസ്, ജോർജ് ബുഷ് തുടങ്ങിയ പ്രമുഖ നേതാക്കൾക്കും ലഭിച്ചിരുന്നു.
കുവൈറ്റിലെ ബയാൻ പാലസിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് സന്നിഹിതനായിരുന്നു. അമീറിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയത്. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.
‘ഹലാ മോദി’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുത്തു. കുവൈറ്റില്‍ ഇന്ത്യയില്‍ നിന്നുളള ജനങ്ങളുടെ വൈവിധ്യം കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഇതൊരു മിനി ഹിന്ദുസ്ഥാനാണെന്ന് തനിക്ക് അനുഭവപ്പെടുന്നുവെന്നും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.
ശനിയാഴ്ച കുവൈറ്റിലെ ഗൾഫ് സ്പിക് ജീവനക്കാരുടെ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം ഇന്ത്യൻ തൊഴിലാളികളുമായി സംസാരിക്കുകയും രാജ്യത്തിൻ്റെ വികസനത്തിന് അവർ നൽകിയ സംഭാവനകൾ എടുത്തുപറയുകയും ചെയ്തു.
#Modi #Kuwait #OrderOfMubarakAlKabir #InternationalRecognition #IndianPM #KuwaitVisit