Accidental Death | റിയാദില്‍ വിനോദയാത്രയ്ക്കിടെ ഇന്‍ഡ്യന്‍ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; യുവതിയും ഡ്രൈവറും മരിച്ചു; ഭര്‍ത്താവിനും മകനും പരുക്ക്
Dec 30, 2022, 13:09 IST
റിയാദ്: (www.kvartha.com) വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ ഇന്‍ഡ്യന്‍ യുവതിയും ഡ്രൈവറും മരിച്ചു. അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മകനും പരുക്കേറ്റു. മുംബൈ സ്വദേശിനി സരിഗ ജിതേന്ദ്ര അവാദി (41), എത്യോപ്യക്കാരനായ ഡ്രൈവര്‍ അബ്ദുസലാം ഇബ്രാഹിം (50) എന്നിവരാണ് മരിച്ചത്.
സരിഗയുടെ ഭര്‍ത്താവ് മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശിയും ജുബൈല്‍ സദാറ കംപനിയില്‍ കെമികല്‍ ലാബ് ടെക്‌നീഷ്യനുമായ ജിതേന്ദ്ര ഭാണ്ഡുരാംഗ് അവാദി (49), ഇളയ മകനും ജുബൈല്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയുമായ സര്‍വേഷ് ജിതേന്ദ്ര (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മൂത്ത മകനും ഡെല്‍ഹി നേതാജി സുഭാഷ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ അവസാന വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ നയാന്‍ ജിതേന്ദ്ര (21) പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. കുടുംബം സഞ്ചരിച്ച വാഹനം റിയാദ് നഗരപ്രാന്തത്തിലെ മരുഭൂപാതയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് റിയാദ് നഗരമധ്യത്തില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള പ്രകൃതി വിസ്മയമായ 'എഡ്ജ് ഓഫ് ദി വേള്‍ഡി'ലേക്കുള്ള മരുഭൂപാതയിലായിരുന്നു അപകടം. ആറ് ദിവസം മുമ്പാണ് നയാന്‍ സന്ദര്‍ശക വിസയില്‍ ജുബൈലില്‍ എത്തിയത്. മകന്‍ വന്നത് പ്രമാണിച്ച് ജിതേന്ദ്ര ഭാര്യയെയും മക്കളെയും കൂട്ടി 'എഡ്ജ് ഓഫ് ദി വേള്‍ഡ്' കാണാന്‍ സ്വന്തം കാറില്‍ റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് റിയാദിലെത്തിയ കുടുംബം തങ്ങളുടെ കാര്‍ മരുഭൂമിയിലൂടെയുള്ള ഓഫ് റോഡ് യാത്രക്ക് അനുയോജ്യമല്ലാത്തതിനാല്‍ ഖസീം റോഡിലെ പാര്‍കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ശേഷം പരിചയക്കാരനായ എറിത്രിയന്‍ ഡ്രൈവറുടെ വ്രാംഗ്ലര്‍ ജീപ് വാടകയ്ക്ക് വിളിച്ച് പുറപ്പെടുകയായിരുന്നു.
ദുര്‍ഘടമായ വഴിയിലൂടെ യാത്ര തുടരുന്നതിനിടെ ലക്ഷ്യസ്ഥാനത്തിന് അല്‍പം അകലെയായി വാഹനം നിയന്ത്രണം വിട്ട് കറങ്ങി മറിയുകയായിരുന്നുവെന്നാണ് വിവരം. മുന്‍വശത്തെ സീറ്റില്‍ ബെല്‍റ്റിട്ടിരുന്ന നയാന്‍ ഒഴികെ ബാക്കി നാലുപേരും പുറത്തേക്ക് തെറിച്ചുവീണു.
സരിഗ തെറിച്ചുപോയി തല ഒരു പാറയില്‍ ഇടിച്ചാണ് വീണത്. ഡ്രൈവറും സമാനമായ രീതിയില്‍ തെറിച്ചുവീണു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. ജിതേന്ദ്രയുടെ തോളെല്ലും വാരിയെല്ലും പൊട്ടി. ഇളയ മകന്‍ സര്‍വേഷിന് നിസാര പരിക്കേറ്റു. നയാന്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ഈ സമയം അതുവഴി പോയ മറ്റ് യാത്രക്കാര്‍ അറിയിച്ചത് പ്രകാരം ഉടന്‍ പൊലീസെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ഹുറൈമില ജെനറല്‍ ആശുപത്രിയിലും അവിടെ നിന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയിലേക്കും മാറ്റി.
ഹുറൈമിലെ ആശുപത്രി മോര്‍ചറിയിലുള്ള സരിഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. മൃതദേഹം കോലാപ്പൂരിലുള്ള ഭര്‍തൃവീട്ടിലേക്കാണ് കൊണ്ടുപോവുക. ജിതേന്ദ്രയും കുടുംബവും ഒമ്പത് വര്‍ഷമായി ജുബൈലില്‍ താമസിച്ച് വരികയായിരുന്നു.
Keywords: News,World,international,Gulf,Accident,Accidental Death,Injured,hospital, Treatment,Riyadh, Riyadh: Mumbai woman and an Eritrean driver died after their vehicle overturned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.