Wayne Rooney | ലോക ഫുട്‌ബോളിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം മെസ്സിയാണെന്ന് റൂണി വെയ്ന്‍; 'റാറ്റ്' എന്ന് വിളിച്ച് പരിഹസിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുള്ള മറുപടിയാണെന്ന് സൂചന
Nov 19, 2022, 19:00 IST
ഖത്വര്‍: (www.kvartha.com) ലോക ഫുട്‌ബോളിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം മെസ്സിയാണെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം റൂണി വെയ്ന്‍. ലോക ഫുട് ബാളിനെ പിടിച്ചുകുലുക്കിയ ഇന്റര്‍വ്യൂ വിവാദത്തിനുപിന്നാലെയാണ് വെയ്ന്‍ റൂണിയുടെ പ്രതികരണം. ടിവി ഇന്റര്‍വ്യൂവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സഹതാരം കൂടിയായിരുന്ന വെയ്ന്‍ റൂണിയെ റാറ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് റൂണി പരോക്ഷമായി നല്‍കിയതെന്നാണ് സൂചന.
വെള്ളിയാഴ്ച നടത്തിയ തന്റെ പ്രതികരണത്തില്‍ റൊണാള്‍ഡോയുടെ അഭിപ്രായങ്ങളെ 'വിചിത്രമായത്' എന്നാണ് റൂണി വിശേഷിപ്പിച്ചത്. മെസ്സിയെ ഫുട്ബാളിലെ എക്കാലത്തേയും മികച്ച കളിക്കാരനായും റൂണി വിശേഷിപ്പിച്ചു. അര്‍ജന്റീനയെ ഖത്വര്‍ ലോക കപ് വിജയത്തിലേക്ക് നയിക്കാന്‍ 37 കാരനായ മെസ്സിക്ക് കഴിയുമെന്നും റൂണി പറഞ്ഞു.
'എന്റെ പ്രിയ ടീം അര്‍ജന്റീനയാണ്. 2018ല്‍ നിന്ന് വ്യത്യസ്തമായി ലയണല്‍ മെസ്സിക്ക് ചുറ്റും ലൗടാരോ മാര്‍ടിനെസ്, ലിയാന്‍ഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോള്‍, ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ ഉറച്ച കളിക്കാരുണ്ട്. കഴിഞ്ഞ വര്‍ഷം കോപ അമേരിക നേടിയത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കും. ഖത്വറിലെ കാലാവസ്ഥ അര്‍ജന്റീനക്ക് അനുയോജ്യമാകും. അവര്‍ ശരിക്കും അപകടകാരികളാണെന്ന് ഞാന്‍ കരുതുന്നു' എന്നും റൂണി പറഞ്ഞു.
ലോക കപ് നേടുന്നത് ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരമായി മെറ്റിയെ മാറ്റുമോ എന്ന ചോദ്യത്തിനും റൂണി മറുപടി പറഞ്ഞു. 'എല്ലാവര്‍ക്കും മെസ്സിയെയും റൊണാള്‍ഡോയെയും കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ട്, എന്നാല്‍ മെസ്സിയാണ് മികച്ചതെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്.
മെസ്സിയുടേതിന് സമാനമായ കളിക്കാരനായിരുന്നു ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ ഒരുപാട് വീഡിയോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മെസ്സി അതിലും മികച്ച കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്ന രീതി, ഡ്രിബ്ലിംഗ്, അസിസ്റ്റുകള്‍ എല്ലാം മികച്ചതാണ്' എന്നും റൂണി പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രിടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖം ഫുട്ബാള്‍ ലോകത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെയും കോച് എറിക് ടെന്‍ഹാഗിനെതിരെയും സഹതാരമായ വെയ്ന്‍ റൂണിക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ ഉന്നയിച്ചത്.
യുനൈറ്റഡ് തന്നെ ചതിച്ചുവെന്നും കോച് ടെന്‍ഹാഗിനോട് ഒരു ബഹുമാനവുമില്ലെന്നും താരം തുറന്നടിച്ചു. 'കോച് മാത്രമല്ല, മറ്റു രണ്ടോ മൂന്നോ പേര്‍ കൂടി എന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്... ഇപ്പോള്‍ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലര്‍ക്ക് ഞാനിവിടെ തുടരുന്നത് ഇഷ്ടമല്ല. ഈ വര്‍ഷം മാത്രമല്ല.. കഴിഞ്ഞ വര്‍ഷവും അവര്‍ക്ക് അതേ നിലപാട് തന്നെയായിരുന്നു' എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
കോചിന് തന്നോട് ബഹുമാനമില്ലാത്തതിനാല്‍ തനിക്ക് തിരിച്ചും ബഹുമാനമില്ലെന്നും വെയ്ന്‍ റൂണി തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ അസൂയ മൂത്താണെന്നും താരം പറഞ്ഞിരുന്നു. അഭിമുഖത്തില്‍ റൂണിയെ 'റാറ്റ്' എന്നാണ് റൊഡാള്‍ഡോ വിശേഷിപ്പിച്ചത്. അഭിമുഖം പുറത്തുവന്നതോടെ റൊണാള്‍ഡോയുടെ പരാമര്‍ശങ്ങള്‍ വലിയ ചര്‍ചാ വിഷയമായിരുന്നു.
ഇതിനുപിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗന്‍ഡായ ഓള്‍ഡ് ട്രഫോഡിന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന താരത്തിന്റെ ഭീമന്‍ ചുമര്‍ചിത്രം നീക്കംചെയ്തു. റൊണാള്‍ഡോയ്ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് എന്നും സൂചനയുണ്ട്. ക്ലബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ക്രിസ്റ്റ്യാനോ ലംഘിച്ചെന്നും അതിനാല്‍ താരത്തിനെതിരെ ശക്തമായ നടപടിയുമായി യുനൈറ്റഡ് മുന്നോട്ടുപോകുന്നുവെന്നുമാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.
ക്ലബ്ലിന്റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടതില്ലെന്ന നിര്‍ദേശം ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയതായും പാശ്ചാത്യ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: Rooney takes well-timed swipe at Ronaldo as he labels Messi 'the GREATEST player of all time', Qatar, News, Football, Football Player, Controversy, Sports, World, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.