Saudi Airlines | പെഷവാര്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ സഊദി വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍
ജിദ്ദ: (KVARTHA) പാകിസ്താനിലെ പെഷവാര്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ (Pakistan's Peshawar Airport)
ഇറങ്ങുന്നതിനിടെ സഊദി വിമാനത്തിന്റെ (Saudi Flight) ലാന്‍ഡിങ് ഗിയറില്‍ (Landing Gear) തീ (Fire) പടര്‍ന്നുപിടിച്ചു. വിമാനം പെട്ടെന്ന് നിര്‍ത്തി എമര്‍ജന്‍സി എക്സിറ്റ് (Emergency Exit) വഴി യാത്രക്കാരെയും (Passengers) വിമാന ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കില്ലെന്നും സഊദി അറിയിച്ചു.
Saudi Airline’s plane ✈️ got fire at Peshawar airport, safety protocols are activated. pic.twitter.com/iuxq6mmxjd
— فرحان الحق کیانی (@Farhan_Kiyani) July 11, 2024
പെഷവാര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ടയറുകളില്‍ ഒന്നില്‍ നിന്ന് പുക ഉയരുകയായിരുന്നുവെന്ന് സഊദി എയര്‍ലൈന്‍സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. റിയാദില്‍ നിന്ന് പെഷവാറിലേക്കുള്ള എസ്.വി 792-ാം നമ്പര്‍ ഫ്ളൈറ്റിലാണ് അപകടമെന്നും വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിമാനം നിര്‍ത്തിയ ഉടന്‍ അഗ്‌നിബാധ തടയാന്‍ അഗ്‌നിശമന വിഭാഗം നടപടികള്‍ സ്വീകരിച്ചു. ലാന്‍ഡിംഗ് ഗിയറിലെ ചില പ്രശ്നങ്ങളാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഡോണ്‍ റിപോര്‍ട് ചെയ്യുന്നു.
സംഭവത്തെ കുറിച്ച് പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (പിസിഎഎ) പറയുന്നത്:
ലാന്‍ഡിംഗ് സമയത്ത് വിമാനത്തിന്റെ ഇടതുവശത്തുള്ള ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് പുകയും തീപ്പൊരിയും വരുന്നത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ശ്രദ്ധയില്‍പെടുകയും അവര്‍ ഉടന്‍ തന്നെ പൈലറ്റുമാരെ വിവരമറിയിക്കുകയും വിമാനത്താവളത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസുകളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ഫയര്‍ ടെന്‍ഡറുകള്‍ കൃത്യസമയത്ത് പ്രവര്‍ത്തിക്കുകയും ലാന്‍ഡിംഗ് ഗിയറിലെ തീ ഉടന്‍ തന്നെ നിയന്ത്രിക്കുകയും വിമാനത്തെ വലിയ ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. 276 യാത്രക്കാരെയും 21 ജീവനക്കാരുമാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. ഇവരെയെല്ലാം എമര്‍ജന്‍സി എക്സിറ്റ് വഴി സുരക്ഷിതമായി പുറത്തെത്തിച്ചു. അഗ്‌നിശമനസേന പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയെന്നും പിസിഎഎ വക്താവ് സൈഫുള്ളയെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട് ചെയ്തു.