Saudi Games | സഊദി ഗെയിംസിന് പ്രൗഢഗംഭീരമായ തുടക്കം; ചരിത്രത്തിലെ ഏറ്റവും വലിയ കായിക പ്രകടനമായി മാറി 6000 പുരുഷ- വനിത താരങ്ങള്‍ പങ്കെടുത്ത മാര്‍ച് പാസ്റ്റ്, വീഡിയോ

 



റിയാദ്: (www.kvartha.com) കാഴ്ചക്കാര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ച് സഊദി ഗെയിംസിന് പ്രൗഢഗംഭീരമായ തുടക്കം. റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ അടക്കം പ്രമുഖരുടെ സാനിധ്യത്തില്‍ റിയാദ് ഗവര്‍നര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തു. 

മാര്‍ച് പാസ്റ്റില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 200 ക്ലബുകളിലെ 6000 പുരുഷ- വനിത താരങ്ങള്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങ് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ കായിക പ്രകടനമായി മാറി. മിന്നിത്തിളങ്ങുന്ന ലൈറ്റുകള്‍, സംഗീതം എന്നിവയാല്‍ നിറഞ്ഞ ഒരു മഹത്തായ ചടങ്ങില്‍ കായികതാരങ്ങളെ ആദരിച്ചു. 2000 ത്തിലധികം പുരുഷ - വനിത കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് സഊദി ഗെയിംസ് വേദിയൊരുക്കും. 

ഒളിംപിക്, പാരാലിംപിക് കമിറ്റിയുടെ പതാകയ്ക്ക് കീഴില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ വിഭാഗത്തിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം ക്ലബുകളെ പ്രതിനിധീകരിച്ച് 6000 ലധികം കായിക താരങ്ങളുടെയും 2000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപര്‍വൈസര്‍മാരുടെയും പങ്കാളിത്തത്തിന് ടൂര്‍നമെന്റ് സാക്ഷ്യം വഹിക്കും. 45 കായിക ഇനങ്ങളിലാണ് സഊദി ഗെയിംസില്‍ താരങ്ങള്‍ മത്സരിക്കാനിരിക്കുന്നത്. 

ഹാന്‍ഡ്ബോള്‍, ഫുട്സല്‍, ജൂഡോ, ഗുസ്തി, തായ്ക്വോണ്ടോ, കരാട്ടെ, ജിയുജിറ്റ്സു, സ്‌ക്വാഷ്, ജിംനാസ്റ്റിക്സ്, അമ്പെയ്ത്ത്, മ്യു തായ്, ബോക്സിംഗ്, ബൗളിംഗ്, നീന്തല്‍, തുഴച്ചില്‍, ടേബിള്‍ ടെനിസ്, ബാഡ്മിന്റന്‍, ട്രയാത്ലന്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍, അത്ലറ്റിക്സ്, ഭാരോദ്വഹനം, ഫെന്‍സിംഗ്, സ്‌കേറ്റ്ബോര്‍ഡിംഗ്, പാഡില്‍ ബോര്‍ഡ്, ചെസ്, ഒട്ടകയോട്ടം, കുതിരയോട്ടം, ബീച്ച് വോളിബോള്‍, സ്പോര്‍ട്സ് ക്ലൈംബിംഗ്, സൈക്ലിംഗ്, ഗോള്‍ഫ്, മൊബൈല്‍ പബ്ജി, ബില്യാര്‍ഡ്സ്, ടെനിസ്, കാര്‍ടിംഗ്, വിന്‍ഡ് സര്‍ഫിംഗ്, ഗോള്‍ ബോള്‍, പാരാലിമ്പിക് ടേബിള്‍ ടെന്നിസ്, പാരാലിമ്പിക് ഭാരോദ്വഹനം, അത്ലറ്റിക്സ്, വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍.

Saudi Games | സഊദി ഗെയിംസിന് പ്രൗഢഗംഭീരമായ തുടക്കം; ചരിത്രത്തിലെ ഏറ്റവും വലിയ കായിക പ്രകടനമായി മാറി 6000 പുരുഷ- വനിത താരങ്ങള്‍ പങ്കെടുത്ത മാര്‍ച് പാസ്റ്റ്, വീഡിയോ


റിയാദ് നഗരത്തിലുടനീളം 20 സ്ഥലങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയം, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ഒളിംപിക് കോംപ്ലക്സ്, കിംഗ് സൗദ് യൂനിവേഴ്സിറ്റി, റിയാദ് ക്ലബ്, അല്‍നസര്‍ ക്ലബ്, അല്‍ഹിലാല്‍ ക്ലബ്, അര്‍കാന്‍ സ്പോര്‍ട്സ് സെന്റര്‍, ഫാന്‍ സോണ്‍, പാഡില്‍ ഇന്‍, റിയാദ് ബുളവാഡ്, ബ്ലാക്ക് ഡയമന്‍ഡ് സെന്റര്‍, റിയാദ് ഗോള്‍ഫ് ക്ലബ്, ദീറാബ് കാര്‍ടിംഗ് സ്‌ക്വയര്‍, ഷമാസ് സഊദി മീഡിയ സിറ്റി, ജുബൈല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ്, സഊദി ടെനിസ് ഫെഡറേഷന്‍, റുമാഹ് ഒട്ടകക്കളം, പബ്ലിക് സെക്യൂരിറ്റി ഷൂടിംഗ് ഫീല്‍ഡ്, ജനാദ്രിയയിലെ ഇക്വസ്ട്രിയന്‍ ക്ലബ് എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടക്കും. നഗരത്തിലെ ചില റോഡുകളില്‍ സൈകിളിംഗും സംഘടിപ്പിക്കും.

അന്താരാഷ്ട്ര ചാംപ്യന്‍ഷിപുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, പുതുതലമുറയിലെ കായിക താരങ്ങളെ കണ്ടെത്തുക, കായിക മേഖലയെ അതിന്റെ എല്ലാ അര്‍ഥത്തിലും നവീകരിക്കുക തുടങ്ങിയവയാണ് സഊദി ഗെയിംസ് ലക്ഷ്യമിടുന്നതെന്ന് സെന്റര്‍ ഫോര്‍ ക്വാളിറ്റി ലൈഫ് പ്രോഗ്രാം സി ഇ ഒ ഖാലിദ് അല്‍ബകര്‍ പറഞ്ഞു. 

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉന്നത ഭരണ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയാണ് ഇന്ന് നാം അനുഭവിക്കുന്ന മാറ്റത്തിന് വഴിയൊരുക്കുന്നത്. പ്രാദേശികവും ആഗോളവുമായ കായിക മത്സരങ്ങളില്‍ രാജ്യത്തിന്റെ പ്രാതിനിധ്യം ഇനി മുതല്‍ വര്‍ധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതോടെ മിഡില്‍ ഈസ്റ്റിലെ ഒരു നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക ഇനമായി സഊദി ഗെയിംസ് മാറും.

Keywords:  News,World,international,Riyadh,Saudi Arabia,Top-Headlines,Gulf, Saudi Games 2022 officially launch with spectacular opening ceremony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia